കാർഷിക പ്രവർത്തനത്തിൽ മാതൃകയായി പേരയം നന്മ
1263773
Tuesday, January 31, 2023 11:32 PM IST
നെടുമങ്ങാട്: കാർഷിക പ്രവർത്തനത്തിൽ മാതൃകയായി പുതു തലമുറ. ജില്ലയിലെ മികച്ച കൃഷിക്കൂട്ടത്തിനുള്ള പുരസ്കാരം നേടി പേരയം നന്മ സാംസ്കാരിക വേദി ആൻഡ് ഗ്രന്ഥശാലയിലെ ചെറുപ്പക്കാർ ശ്രദ്ധേയരാകുന്നു.
രണ്ടുവർഷങ്ങൾക്ക് മുമ്പാണ് കൃഷി ആരംഭിച്ചത്. രണ്ടു ഘട്ടങ്ങളിലായുളള പച്ചക്കറി കൃഷിയിലൂടെ കഴിഞ്ഞ വർഷം പനവൂർ പഞ്ചായത്തിലെ മികച്ച കാർഷിക ക്ലബിനുള്ള പുരസ്കാരം ആദ്യമായി നന്മയെ തേടിയെത്തി. ഇതേത്തുടർന്നാണ് പനവൂർ പഞ്ചായത്തിന്റേയും കൃഷിഭവന്റേയും നിർദേശാനുസരണം സംസ്ഥാന കൃഷി വകുപ്പിന്റെ "ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായുള്ള സ്ഥാപന പച്ചക്കറിക്കൃഷി ഏറ്റെടുക്കാമെന്ന ആലോചനയുണ്ടാകുന്നത്. തുടർന്ന് പേരയം ആയിരവില്ലി ക്ഷേത്രത്തിന്റെ കീഴിലുള്ള ഒരേക്കർ പ്രദേശം പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചു. അവധി ദിവസങ്ങളിൽ മുഴുവനായും പ്രവൃത്തി ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും ഗ്രന്ഥശാല പ്രവർത്തകർ കൃഷി ഭൂമിയിലുണ്ടായി. നാട്ടിലെ മുതിർന്ന കർഷകരുടെ മേൽനോട്ടവും നിർദേശങ്ങളും നന്മയ്ക്ക് കൂട്ടായി.
പനവൂർ കൃഷിഭവനും പഞ്ചായത്തും കൃത്യമായ മാർഗ നിർദേശങ്ങൾ നൽകി രാവുംപകലും കൂടെ നിന്നു. ഉത്പാദിപ്പിച്ച കാർഷികോത്പന്നങ്ങൾ പ്രദേശത്തു തന്നെയുള്ള വ്യാപാര സ്ഥാപനങ്ങൾ വഴിയാണു വിപണിയിലെത്തിക്കുന്നത്. സംസ്ഥാന കൃഷി വകുപ്പിന്റെ കൃഷി ദർശൻ പരിപാടിയുടെ സമാപനത്തോടനുബന്ധിച്ചു നെടുമങ്ങാട് നടന്ന പൊതു സമ്മേളനത്തിൽ കൃഷിമന്ത്രി പി. പ്രസാദ്, ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ എന്നിവരിൽനിന്ന് ഗ്രന്ഥശാല പ്രസിഡന്റ് എം. സ്വരൂപും സെക്രട്ടറി ഹരിമോഹനും ചേർന്നു പുരസ്കാരം ഏറ്റുവാങ്ങി.