ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു
1263439
Monday, January 30, 2023 11:39 PM IST
തിരുവനന്തപുരം: മഹാത്മാ ഗാന്ധിയുടെ 75ാം രക്തസാക്ഷിത്വ ദിനം സംസ്ഥാനത്ത് വിപുലമായി ആചരിച്ചു. ഗാന്ധി പ്രതിമകളില്‍ പുഷ്പാര്‍ച്ചന നടത്തിയും സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടക്കം രണ്ടു മിനിട്ട് മൗനം ആചരിച്ചും രാഷ്ട്രപിതാവിനെ സ്മരിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പുഷ്പചക്രം അര്‍പ്പിച്ചു. തുടര്‍ന്ന് പോലീസ് സേനാവിഭാഗത്തിന്റെ അഭിവാദ്യം സ്വീകരിച്ചു. ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയി, സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്, പൊതുഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നിയമസഭാ വളപ്പിലെ ഗാന്ധി പ്രതിമയില്‍ നിയമസഭാ സെക്രട്ടറി എ.എം. ബഷീര്‍ പുഷ്പാര്‍ച്ചന നടത്തി. സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി.മനോഹരന് നായര്‍ പങ്കെടുത്തു. ഡിവൈഎഫ്ഐ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ബ്ലോക്ക് കേന്ദ്രങ്ങളില്‍ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു.