സമാധാന ദൗത്യസംഘം ഇന്ന് വിഴിഞ്ഞം സന്ദർശിക്കും
1245806
Sunday, December 4, 2022 11:43 PM IST
തിരുവനന്തപുരം: വിഴിഞ്ഞത്തെ സംഘർഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുന:സ്ഥാപിക്കണമെന്നും സമരങ്ങളിലെ ജനകീയ ആവശ്യങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് തലസ്ഥാനത്തെ ആത്മീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വിഴിഞ്ഞത്ത് സന്ദർശനം നടത്തും. സംഘർഷത്തിൽ പരിക്ക് പറ്റിയ മത്സ്യത്തൊഴിലാളികളെയും മുല്ലൂരിലെ സമരപ്പന്തലുകളും സംഘർഷത്തിൽ പരുക്കേറ്റ പോലീസുകാരെയും സന്ദർശിക്കും. രാഷ്ട്രീയ സാമൂഹിക സംഘടനകളെ സമാവായത്തിൽ എത്തിക്കാനുള്ള ശ്രമവും നടക്കും. ആർച്ച് ബിഷപ് ഡോ. സൂസപാക്യം, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസാനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, പാളയം ഇമാം ഡോ വി.പി സുഹൈബ് മൗലവി, മാർത്തോമ സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ ബിഷപ് ഡോ. മാർ ബർണബാസ് മെത്രപ്പോലീത്ത, ഏകലവ്യ ആശ്രമത്തിലെ സ്വാമി അശ്വതി തിരുനാൾ, മലങ്കര കത്തോലിക്ക സഭ സഹായ മെത്രാൻ ബിഷപ് യോഹന്നാൻ മാർ പോളി കാർപ്പസ്, ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ. എൻ രാധാകൃഷ്ണൻ, മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വിഴിഞ്ഞത്ത് എത്തുന്നത്.