അച്ചടക്കനടപടി: വാട്ടര്‍ അഥോറിറ്റി ജീവനക്കാർ എംഡിയെ ഉപരോധിച്ചു
1244908
Thursday, December 1, 2022 11:24 PM IST
പേരൂര്‍ക്കട: കേരള വാട്ടര്‍ അഥോറിറ്റിയില്‍ ഓഫീസര്‍മാര്‍ക്കെതിരെ മാനേജ്മെന്റ് സ്വീകരിച്ച അച്ചടക്ക നടപടികള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളയമ്പലം ഓഫീസില്‍ എംഡി വെങ്കിടേശപതിയെ ജീവനക്കാര്‍ ഉപരോധിച്ചു.
വാട്ടര്‍ ചാര്‍ജ് കുടിശിക പിരിച്ചെടുക്കുന്നതിനായി പ്രഖ്യാപിച്ച ആംനസ്റ്റി അദാലത്തില്‍ അപേക്ഷകള്‍ തീര്‍പ്പാക്കുന്നത് കുറഞ്ഞു പോയി എന്ന കാരണം പറഞ്ഞു കാസര്‍ഗോഡ് ഡിവിഷനിലെ എല്ലാ ജീവനക്കാരുടെയും ഒരു ദിവസത്തെ ശമ്പളം തടഞ്ഞ് വയ്ക്കാന്‍ കഴിഞ്ഞ മാസം ഉത്തരവ് ഇറക്കിയിരുന്നു.
പിന്നീട് ഇത് 11 ജീവനക്കാര്‍ക്ക് മാത്രമാക്കി. ഈ അച്ചടക്ക നടപടിയില്‍ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ നാട്ടിക ഡിവിഷനിലെ എക്സിക്യൂട്ടീവ് എൻജിനീയറെ ഇന്നലെ സസ്പെന്‍ഡ് ചെയ്തു. അസോസിയേഷന് ഓഫ് കേരള വാട്ടര്‍ അഥോറിറ്റി ഓഫീസേഴ്സിന്റെ (അക്വ) നേതൃത്വത്തിൽ നടത്തിയ ഉപരോധത്തില്‍ സംഘടനാ വ്യത്യാസമില്ലാതെ ഓഫീസര്‍മാര്‍ പങ്കെടുത്തു.
കേരള വാട്ടര്‍ അഥോറിറ്റി എംപ്ലോയീസ് യൂണിയന് സമരത്തിന് പിന്തുണയുമായി എംഡിയുടെ മുറിക്ക് മുന്നില്‍ ധര്‍ണ നടത്തി. അക്വ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. സന്തോഷ് കുമാര്‍, സിഐടിയു യൂണിയന് നേതാവ് ഒ.ആര്. ഷാജി, അക്വ ട്രഷറര്‍ തമ്പി, വൈസ് പ്രസിഡന്റ് രഞ്ജീവ്, സെക്രട്ടറി ശശിധരന് നായര്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി. നടപടികള്‍ മരവിപ്പിക്കാമെന്ന് എംഡി ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.