വീട് കുത്തിത്തുറന്ന് മോഷണം : പ്രതി അറസ്റ്റിൽ
1226404
Friday, September 30, 2022 11:50 PM IST
പൂവാർ: ആളില്ലാതിരുന്ന വീട്ടിൽ നിന്നും സ്വർണാഭരണം കവർന്ന കേസിൻ പള്ളിച്ചൽ പാരൂർക്കുഴി അറപ്പുര വീട്ടിൽ രാജേഷി (35)നെ പൂവാർ പോലീസ് അറസ്റ്റ് ചെയ്തു. തിരുപുറം തിരുപുറത്തൂർ പുറുത്തിവിളയിൻ വാറുവിള ദിവ്യ ഇല്ലത്തിൽ ദിവാകരന്റെ വീട്ടിലാണ് മോഷണം നടത്തിയത്.
ദിവാകരനും ഭാര്യയും പെൻഷൻ വാങ്ങാൻ പോയ സമയം, വീടിന്റെ പിറകുവശത്ത് വച്ചിരുന്ന പിക്കാസുകൊണ്ട് വീടിന്റെ മുൻവശം വാതിൽ കുത്തിത്തുറന്നാണ് മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടര പവന്റെ മാലയും കമ്മലും രാജേഷ് മോഷ്ടിച്ചതായി പോലീസ് പറഞ്ഞു. കൂടാതെ പ്രതിയ്ക്ക് ചാത്തന്നൂർ, ചടയമംഗലം തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ സമാനമായ ഒട്ടനവധി കേസുകൾ നിലവിലുണ്ട്.
റോഡിലൂടെ സഞ്ചരിച്ച് താഴിട്ടു പൂട്ടിയ ഗേറ്റുളള വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതിയെന്നും പോലീസ് പറയുന്നു. പ്രതിയെ പൂവാർ എസ്എച്ച്ഒ എസ്.ബി. പ്രവീണിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ തിങ്കൾ ഗോപകുമാർ, എഎസ്ഐമാരായ ഗിരീഷ് കുമാർ, ഷാജി കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ഷാജൻ, അരുൺ എന്നിവർ അടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.