ശാന്തിഗിരിയിൽ സന്ന്യാസ ദീക്ഷാ വാർഷികം: സത്സംഗ പരന്പര ആരംഭിച്ചു
1225330
Tuesday, September 27, 2022 11:46 PM IST
പോത്തൻകോട് : സന്യാസമെന്നത് ദൈവത്തിന്റെ കാരുണ്യമാണെന്നും ആ വഴി കല്ലുംമുള്ളും നിറഞ്ഞതാണെന്നും ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി. സന്യാസ ദീക്ഷാ വാര്‍ഷികത്തോടനുബന്ധിച്ച് ശ്രീ കരുണാകര ഗുരുവിന്റെ ഉദ്യാനത്തില്‍ ആരംഭിച്ച സത്സംഗപരമ്പര ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു സ്വാമി.
ജീവനിലെ പോരായ്മകളുടെ കൂടാണ് ഓരോ ജീവിതവും. ആശ്രമത്തില്‍ നിന്ന് കര്‍മം ചെയ്യുമ്പോള്‍ ഓരോ ഘട്ടത്തിലും ഗുരു നമ്മെ പാകപ്പെടുത്തുമെന്നും ആ പാകപ്പെടുത്തലില്‍ നിന്ന് ആശ്രമപരിചയം ലഭിക്കുമെന്നും സ്വാമി ചൈതന്യ ജ്ഞാനതപസ്വി പറഞ്ഞു. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അധ്യക്ഷത വഹിച്ച സത്സംഗത്തിൽ സീനിയര്‍ ജനറല്‍ മാനേജര്‍ ഡി. പ്രദീപ് കുമാര്‍ സ്വാഗതം ആശംസിച്ചു.
സന്യാസദീക്ഷാ വാര്‍ഷികദിനമായ ഒക്ടോബര്‍ അഞ്ച് വരെ നീണ്ടുനില്‍ക്കുന്ന സത്സംഗങ്ങളില്‍ ആത്മീയ സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും.
ഇന്ന് രാവിലെ 10 മുതൽ സ്പിരിച്വൽ സോൺ കോൺഫറൻസ് ഹാളിൽ നടക്കുന്ന യോഗത്തിൽ ജനനി പൂജ ജ്ഞാന തപസ്വിനി, ജനനി ആദിത്യ ജ്ഞാന തപസ്വിനി, സ്വാമി ജയദീപ്തൻ ജ്ഞാന തപസ്വി, സ്വാമി തനിമോഹനൻ ജ്ഞാന തപസ്വി എന്നിവർ പ്രസംഗിക്കും.