തമിഴ്നാട് ട്രാൻസ്പോർട്ട് ബസിന് കല്ലെറിഞ്ഞ മൂന്നുപേർ അറസ്റ്റിൽ
1225326
Tuesday, September 27, 2022 11:45 PM IST
നേമം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിൽ പാപ്പനംകോട് ശ്രീരാഗം തിയറ്ററിന് സമീപം തമിഴ്നാട് ട്രാൻസ്പോർട്ട് ബസിനു കല്ലെറിഞ്ഞ സംഭവത്തിൽ മൂന്ന് പിഎഫ്ഐ പ്രവർത്തകരെ നേമം പോലീസ് അറസ്റ്റു ചെയ്തു. പഴയ കാരയ്ക്കാമണ്ഡപം പൊറ്റവിള വീട്ടിൽ താഹിർ (33), ചെമ്മണ്ണുവിള നിജാസ് മൻസിലിൽ നിയാസ് (27), കാരയ്ക്കാമണ്ഡപം നിജാസ് മൻസിലിൽ അനസ് (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഹർത്താൽ ദിനത്തിൽ ബൈക്കിലെത്തിയ സംഘം തമിഴ്നാട് ട്രാൻസ്പോർട്ട് ബസിന് കല്ലെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ലഭിച്ച ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
സംഭവശേഷം ഒളിവിലായിരുന്ന പ്രതികളെ കുറിച്ച് ഫോർട്ട് എസിപി ഷാജിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നേമം എസ്എച്ച്ഒ രാഗീഷ്കുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ വിപിൻ, പ്രസാദ്, വിജയൻ, ജോൺ വിക്ടർ, എഎസ്ഐ ശ്രീകുമാർ, സിപിഒമാരായ ശ്രീകാന്ത്, ഗിരി, സജു, ചന്ദ്രസേനൻ, ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.