ഞങ്ങൾക്കും പോകേണ്ടേ? ഹർത്താൽ അനുകൂലികൾക്കു നേരെ വീട്ടമ്മയുടെ പ്രതിഷേധം
1224049
Saturday, September 24, 2022 12:10 AM IST
കാട്ടാക്കട : ഹർത്താലിന് അനുകൂലമായി കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ ബസ് തടയാനെത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കു നേരെ യാത്രക്കാരിയുടെ പ്രതിഷേധം. ഇന്നലെ പുലർച്ചെ ഡിപ്പോയിൽ എത്തിയ വയോധികയാണ് പ്രതിഷേധം ഉയർത്തിയത്.
സിറ്റിയിൽ ജോലിക്ക് പോകുന്നയാളാണ് ഈ വയോധിക. എല്ലാ ദിവസത്തെയും പോലെ ഇന്നലെയും ഹർത്താലെന്നറിയാതെ ഡിപ്പോയിൽ എത്തിയപ്പോഴാണ് ബസ് സർവീസില്ലെന്ന് അറിയുന്നത്. ബന്ധപ്പെട്ടവരോട് യാത്രക്കാർ വിവരം തിരക്കിയെങ്കിലും സർവീസ് നടത്താൻ തയാറായില്ല. തുടർന്ന് പോലീസ് എത്തി സർവീസിനായി പച്ചക്കൊടി കാട്ടി. എന്നാൽ കെഎസ്ആർടി അധികൃതർ സർവീസ് തുടങ്ങിയില്ല. അതിനിടെ പ്രതിഷേധവുമായി ഹർത്താൽ അനുകൂലികൾ എത്തി. അതോടെ സർവീസ് തുടങ്ങുമെന്ന യാത്രക്കാരുടെ പ്രതീക്ഷ മങ്ങി.
ഇതോടെയാണ് രൂക്ഷ പ്രതികരണവുമായി വീട്ടമ്മ രംഗത്തെത്തിയത്. പോലീസുകാരോടും ഡിപ്പോ അധിക്യതരുടേയും ചോദ്യമെറിഞ്ഞാണ് ഇവർ രോഷാകുലരായത്. "ഞങ്ങൾക്കും പോകേണ്ടേ? ഞങ്ങൾ ദിവസ ജോലി ചെയ്ത് ജീവിക്കുന്നവരാണ്. ഞങ്ങളുടെ കൂട്ടികൾക്ക് അന്നം വാങ്ങി കൊടുക്കണ്ടേ... ?' വീട്ടമ്മയുടെ രൂക്ഷ പ്രതികരണത്തോടെ ഹർത്താൽ അനുകൂലികൾ പിന്തിരിഞ്ഞു. അധികം വൈകാതെ ബസ് സർവീസ് ആരംഭിച്ചതായി നാട്ടുകാർ പറഞ്ഞു.