"സ്വപ്നങ്ങളെ നിങ്ങൾ സ്വർഗ കുമാരികളല്ലോ...', "ഇന്നലെ നീയൊരു സുന്ദരരാഗമായെൻ...,' "ഉത്തരാസ്വയംവരം കഥകളി കാണുവാൻ..,' "കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും...' അങ്ങനെ എത്രയെത്ര അർധ ശാസ്ത്രീയ ഗാനങ്ങൾ ആണ് സ്വാമി മലയാള ഗാനശാഖയ്ക്കു സമ്മാനിച്ചത്. നാലു തലമുറകൾക്കൊപ്പം സഞ്ചരിച്ച സംഗീത സംവിധായകൻ കൂടിയാണ് സ്വാമി.
ഗാനഗന്ധർവൻ കെ.ജെ.യേശുദാസിന്റെ ഹൃദയത്തോട് എന്നും ചേർന്നു നിന്ന ദക്ഷിണാമൂർത്തി സ്വാമി യേശുദാസിന്റെ കുടുംബത്തിലെ നാലു തലമുറകളെകൊണ്ട് പാടിച്ചിട്ടുണ്ട്. അച്ഛൻ ആഗസ്റ്റിൻ ജോസഫ്, കെ.ജെ.യേശുദാസ്, വിജയ് യേശുദാസ്, പിന്നെ വിജയ്യുടെ കുഞ്ഞുമകൾ അമേയ എന്നിവരാണത്.
അമ്മ പാർവതി അമ്മാളാണ് സംഗീതത്തിലെ ആദ്യഗുരു. അമ്മ പകർന്ന സംഗീതത്തെക്കുറിച്ചുള്ള സ്വാമിയുടെ വാക്കുകൾ- ""ഞാൻ തീരെ കുട്ടിയായിരിക്കുന്പോൾ തന്നെ അമ്മ പാടുന്ന പാട്ടുകൾ കൗതുകത്തോടെ കേട്ടിരുന്നു. എന്റെ അനുജത്തിയെ തൊട്ടിലിൽ കിടത്തി ഉറക്കുന്പോൾ തൊട്ടിൽ കന്പിയിൽ പിടിച്ച് അമ്മ ഓരോരോ താരാട്ടു പാട്ടുകൾ പാടും. അതെല്ലാം ഞാനും ഏറ്റുപാടും. സംഗീതം നിറഞ്ഞ ഒരു കുടുംബാന്തരീക്ഷത്തിൽ പാട്ടു കേട്ടും ഒപ്പം പാടിയുമാണ് ഞാൻ വളർന്നത്.''
സിനിമാഗാനങ്ങളിൽ നിന്നെല്ലാം അകന്ന് ചെന്നൈയിലെ മൈലാപ്പൂരിലെ ശാന്തി അപ്പാർട്ട്മെന്റിലെ ഫ്ളാറ്റിൽ ഭാര്യ കല്യാണി അമ്മാളുമൊത്ത് താമസിക്കുകയായിരുന്നു സ്വാമി. ആശ്രമ തുല്യമായ ഇവിടെയാണ് 2012ൽ അനിൽ വി.നാഗേന്ദ്രൻ തന്റെ വസന്തത്തിന്റെ കനൽ വഴികളിൽ എന്ന സിനിമയിലെ ഗാനമൊരുക്കുന്നതുമായി ബന്ധപ്പെട്ട് എത്തുന്നത്. അന്ന് സ്വാമി പറഞ്ഞത് ""ഞാൻ എല്ലാം നിർത്തി. ഇപ്പോൾ ഭഗവാനും ഞങ്ങളും മാത്രം'' എന്നാണ്. തന്റെ മനസിൽനിന്ന് ഇനിയും ഈണങ്ങൾ ഉണരുമോ എന്നുപോലും അറിയില്ല എന്നാണ് ദക്ഷിണാമൂർത്തി കൂട്ടിച്ചേർത്തത്.
എന്തായാലും സിനിമയുടെ സാമൂഹിക പ്രസക്തിയെക്കുറിച്ചുള്ള സംവിധായകന്റെ വാക്കുകളും സഹധർമിണി കല്യാണി അമ്മാളിന്റെ സ്നേഹ നിർബന്ധവും കൂടിച്ചേർന്നപ്പോൾ സ്വാമി ഒടുവിൽ സമ്മതം മൂളി.. പതിവുപോലെ നാരായണ നാരായണ എന്ന മന്ത്രജപത്തോടെ. അപ്പോൾത്തന്നെയാണ് ഡിസംബർ 9നു തന്റെ തൊണ്ണൂറ്റിമൂന്നാം ജന്മദിനം ആണെന്നും ശ്രീപദ്മനാഭന്റെ മണ്ണിൽ വരാൻ ആഗ്രഹമുണ്ടെന്നും പറയുന്നത്. സ്വാമിയുടെ മക്കളെയും കുടുംബത്തെയും മുഴുവൻ പങ്കെടുപ്പിച്ച് ജന്മദിനാഘോഷം നടത്താമെന്ന് അനിൽ.വി.നാഗേന്ദ്രൻ വാക്കു നൽകി.
അങ്ങനെ 2012ൽ തിരുവനന്തപുരത്ത് വച്ച് സ്വാമിയുടെ ജന്മദിനാഘോഷവും ദക്ഷിണാമൂർത്തി ഗാനസന്ധ്യയും ആഘോഷപൂർവം നടന്നു. സ്വാമിയുടെ അവസാനത്തെ ജന്മദിനാഘോഷം ആയിരുന്നു അത്. 2012 ഡിസംബറിൽ തന്നെയാണ് വസന്തത്തിന്റെ കനൽവഴികൾ എന്ന സിനിമയുടെ ഗാനവും സ്വാമി കന്പോസ് ചെയ്യുന്നത്. ഗാനം പൂർണമാകുന്നത് 2013ലും .
"കത്തുന്ന വേനലിലൂടെ
കനിവിനായ് കരഞ്ഞുകൊണ്ട്...'
എന്ന വിപ്ലവഗാനം കർണാടക സംഗീത ശൈലിയിൽ ഒരു കീർത്തനം പോലെയാണ് സ്വാമി ട്യൂൺ ചെയ്തത്. അനുരാധ ശ്രീറാം, ജി.ശ്രീറാം, ആർ.കെ. രാംദാസ് എന്നിവർ എന്നിവർ ചേർന്നാണ് അനിൽ.വി.നാഗേന്ദ്രൻ തന്നെ രചിച്ച ഗാനം പാടിയത്. റെക്കോർഡ് ചെയ്ത ഗാനം പിന്നീട് ചെന്നൈയിലെ വസതിയിലെത്തി സ്വാമിയെ കേൾപ്പിച്ചപ്പോൾ വിരലുകൾ കൊണ്ട് താളമിട്ട് തലയാട്ടി പൂർണമായും സ്വാമി ഗാനം ആസ്വദിച്ചു. 1948ൽ നല്ല തങ്കയിലെ തന്റെ ആദ്യഗാനം ആസ്വദിച്ചതുപോലെ.
എസ്.മഞ്ജുളാദേവി