വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
ഋഷി
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വരവൂർ ഗോൾഡിന് ബന്ധമൊന്നുമില്ല. വരവൂർ ഗോൾഡ് എന്നാൽ തൃശൂർ വരവൂരിലെ നാടൻ കൂർക്കയാണ്.
ഏറ്റവും സ്വാദേറിയ കൂർക്ക എന്നാണ് വരവൂരിലെ കൂർക്ക അറിയപ്പെടുന്നത്. പച്ചക്കറി വിഭവങ്ങൾ ഇഷ്ടപ്പെടുന്നവരുടെ ഭക്ഷണത്തിൽ കൂർക്കയ്ക്ക് എന്നും അതിന്റേതായ സ്ഥാനമുണ്ട്. നോൺ വെജിറ്റേറിയൻകാർക്കും കൂർക്ക ഇഷ്ടവിഭവം തന്നെ.
കേരളത്തിന്റെ പല ഭാഗത്തും കൂർക്ക കൃഷി ചെയ്യുന്നുണ്ടെങ്കിലും തൃശൂർ ജില്ലയിലെ വരവൂരിൽ കൃഷി ചെയ്യുന്ന ചെയ്യുന്ന കൂർക്ക മറ്റിടങ്ങളിലെ പോലെയല്ല. അതുകൊണ്ടാണ് വരവൂരിലെ കൂർക്കയെ വരവൂർ ഗോൾഡ് എന്ന് വിളിക്കുന്നത്.
വരവൂർ കൂർക്കയുടെ സ്വാദ് ഒരിക്കൽ അറിഞ്ഞവർ അത് തേടിയെത്തുമെന്നാണ് പറയാറ്. വരവൂരിലെ മണ്ണിന്റെ സവിശേഷത തന്നെയാണ് ഈ രുചിക്ക് കാരണം. കൂടാതെ ജൈവ കൃഷിയായതിനാൽ വരവൂരിലെ കൂർക്കയ്ക്ക് രുചി കൂടുമെന്നാണ് പറയപ്പെടുന്നത്. കാര്യമായ കീടബാധയില്ലാത്ത കൂർക്ക ആയതുകൊണ്ടുതന്നെ വരവൂരിലെ കൂർക്കക്ക് ഡിമാന്ഡും കൂടുതലാണ്.
എല്ലാ തവണയും പോലെ ഇക്കുറിയും കുടുംബശ്രീയുടെ നേതൃത്വത്തിൽ വൻതോതിൽ കൂർക്കകൃഷി ചെയ്തു.
മൂപ്പെത്തിയതിന്റെ അടയാളമായി നീലപ്പൂക്കൾ വിരിഞ്ഞതോടെ കൂർക്ക വിളവെടുപ്പ് പാടശേഖരങ്ങളിൽ തുടങ്ങി കഴിഞ്ഞു. ഇടനിലക്കാരെ ഒഴിവാക്കി ഉത്പാദിപ്പിക്കുന്ന കൂർക്കയ്ക്ക് നേരിട്ട് വിപണി ഒരുക്കാൻ മുന്നോട്ടുവന്നിരിക്കുകയാണ് വരവൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീ സിഡിഎസും. ഇത് കൂർക്ക കൃഷി ചെയ്യുന്നവർക്ക് ഏറെ പ്രോത്സാഹനം നൽകുന്ന കാര്യമാണ്.
വരവൂരിലെ കൂർക്ക കർഷകരുടെ ഉത്പന്നങ്ങൾക്ക് വിപണി ഒരുക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തും കുടുംബശ്രീയും കഴിഞ്ഞ ദിവസങ്ങളിൽ സ്പെഷ്യൽ കൂർക്ക ചന്ത തന്നെ സംഘടിപ്പിച്ചു. കിലോയ്ക്ക് 55 രൂപ നിരക്കിൽ ആണ് ചന്തയിൽ കൂർക്ക വിറ്റത്.
വ്യത്യസ്തങ്ങളായ കൂർക്ക വിഭവങ്ങൾ കൂടി ഒരുക്കിയതോടെ കൂർക്ക ചന്ത സൂപ്പറായി.
കൂർക്കയും ബീഫും കൂർക്കയും നെയ്ച്ചാളയും ഉൾപ്പെടെയുള്ള വിഭവങ്ങൾ ഒരുക്കിയത് ഏറെ പേർക്ക് ഇഷ്ടമായെന്ന് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം.കെ. ആൽഫ്രെഡ് പറഞ്ഞു. വരവൂർ ഗോൾഡ് എന്ന് വിളിപ്പേരുള്ള ഇവിടത്തെ കൂർക്ക . ഏക്കർ കണക്കിന് പാടങ്ങളിലാണ് പഞ്ചായത്തിൽ കൃഷി ചെയ്യുന്നത്. 33 ജെഎൽജി ഗ്രൂപ്പുകൾ ചേർന്ന് 70 ഏക്കറിലാണ് ഇത്തവണ കൂർക്ക കൃഷിയ്തത്. കഴിഞ്ഞ വർഷം രണ്ട് ലക്ഷം രൂപയോളമാണ് കൂർക്ക ഫെസ്റ്റ് വഴി വിറ്റുവരവ് ലഭിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സുനിത പറഞ്ഞു.
ഓണക്കാലത്തും വരവൂർ പഞ്ചായത്ത് കർഷകർക്കായി ചെങ്ങാലിക്കോടൻ സ്പെഷൽ ഓണച്ചന്തയും ചെങ്ങാലിക്കോടൻ വാഴവിത്ത് വിപണനമേളയും സംഘടിപ്പിച്ചിരുന്നു. അത് വൻ വിജയമാവുകയും ചെയ്തിരുന്നു. ഇത്തവണ നടത്തിയ കൂർക്ക സ്പെഷൽ ചന്തയും വൻവിജയമാണെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
പേരും പെരുമയും ഉള്ളതുകൊണ്ടുതന്നെ വരവൂരിലെ കൂർക്കയ്ക്ക് നല്ല വില ലഭിക്കുമെന്നതും കർഷകർക്ക് കൂർക്കക്കൃഷിയോടുള്ള പ്രിയം വർധിപ്പിക്കുന്നു. വരവൂരിലെ നടുത്തറ, പിലാക്കാട്, വരവൂർ വളവ്, കുമരപനാൽ,നടുവട്ടം എന്നിവിടങ്ങളിൽ 300 ഏക്കറോളം കൂർക്കകൃഷി ഉണ്ട്. കോട്ടയം, കൊച്ചി, പെരുമ്പാവൂർ, കോഴിക്കോട്, പട്ടാമ്പി മാർക്കറ്റുകളിലേക്കാണ് പ്രധാനമായും പോകുന്നത്.