ഒടുവിൽ നടപ്പുരയുടെ ഉത്തരത്തിൽ ഒരു കയറിൻ തുന്പത്ത് കുട്ട്യേടത്തീടെ ശരീരം ആടുന്നത് കണ്ട് മലയാളം ഒന്നാകെ പൊട്ടിക്കരയുകയും ചെയ്തു.
അഹമ്മതി കാട്ടുന്നതിനു വേലായുധനെ അച്ചുതൻ നായർ തല്ലി ചതയ്ക്കുന്പോൾ, സുകൃതക്ഷയം എന്ന് പറഞ്ഞ് മുത്തശി കണ്ണുനീർ തുടയ്ക്കുന്പോഴും വായനക്കാരുടെ നെഞ്ച് പിടഞ്ഞു.
എംടിയുടെ ചെറിയമ്മയുടെ മകനും എഴുത്തുകാരനുമായ എം.ടി. രവീന്ദ്രൻ എഴുതിയ "എം.ടിയും കൂടല്ലൂരും’എന്ന പുസ്തകത്തിലെ ചില വരികൾ ഇങ്ങനെ- വല്യമ്മയുടെ മനസും അമ്മയുടെ മനസും എന്നും ശുദ്ധമായിരുന്നു.
ജ്യേഷ്ഠത്തിയുടെ മനസും ശുദ്ധതയുമാണ് വാസുവിനും കിട്ടിയിരിക്കുന്നതെന്ന് അമ്മ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. കുടുംബക്കാരോടും അതിരറ്റ സ്നേഹം എന്നുമുണ്ട് എംടിക്കും. ഇതേ സ്നേഹം തന്നെ തന്റെ ദേശത്തോടും എംടിക്കുണ്ട്.
ഗൗരവമൂടുപടത്തിനുള്ളിൽ എംടി ഒളിപ്പിക്കുന്ന ഈ സ്നേഹത്തുടിപ്പ് നിറഞ്ഞൊഴുകുന്നത് എം.ടി. വാസുദേവൻ നായരുടെ രചനകളിലാണെന്ന് പറയാം. ആരോടുംതുറന്നു പറയാത്ത സ്നേഹം മുഴുവൻ എംടി തന്റെ അക്ഷരങ്ങളിൽ വാരിനിറച്ചു.
ഒരു ഓണക്കാലത്തെ ഉത്രാടം നാളിൽ മദ്യപിച്ച് ബോധമില്ലാതെ വഴിവക്കിൽകിടന്നു മരിച്ച പദ്മനാഭേട്ടൻ എംടിക്കു കുട്ടിനാരായണനായി. കൂടല്ലൂരിലെ കിഴക്കുംമുറിയിൽ ഒറ്റയാനെപോലെ ജീവിച്ച പദ്മനാഭേട്ടനെ എംടി ആരുമറിയാതെ സ്നേഹിച്ചിരുന്നു.
വടക്കുംമുറിയിൽ കോളറയും വസൂരിയും വന്ന് ആളുകൾ നരകയാതന അനുഭവിക്കുകയും മരിക്കുകയും ചെയ്ത കാലത്ത് ദൈവദൂതനെപോലെനിന്ന് സഹായിച്ച പദ്മനാഭേട്ടനെ എംടി എങ്ങനെ മറക്കുവാനാണ്.
മറന്നില്ലെന്നു മാത്രമല്ല മുട്ടിപ്പാലത്തിന്റെ അരഭിത്തിയിൽ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് തനിയെ കിടന്ന് മരിച്ച പദ്മനാഭേട്ടനെ തന്റെ "ആൾക്കൂട്ടത്തിൽ തനിയെ' എന്ന രചനയിലൂടെ അനശ്വരമാക്കുകയും ചെയ്തു.
എംടിയുടെ നെഞ്ച് നീറ്റിയ പരമേശ്വരൻ മാഷ് ആൾക്കൂട്ടത്തിൽ തനിയെയിലെ മാധവൻ മാഷായി. (ബാലൻ കെ. നായർ അവിസ്മരണീയമാക്കിയ കഥാപാത്രം) കൂടല്ലൂരിലെ വീടുകൾ തോറും നടന്ന് ഒരു വീട്ടിലെവിശേഷം അടുത്ത സ്ഥലത്തെത്തിക്കുന്ന കൊട്ടിലിലെ മുത്താച്ചിയെയും എംടി മറന്നില്ല. ‘നാലുകെട്ടിൽ’മുത്താച്ചിയും തെളിഞ്ഞു നില്ക്കുന്നു.
വർഷങ്ങളായിവായനക്കാരും മാധ്യമ പ്രവർത്തകരും കൂടല്ലൂരിൽ എത്തുകയാണ്.അപ്പുണ്ണിയെ തേടി, പാറുക്കുട്ടിയെ തേടി, ഗോവിന്ദൻ കുട്ടിയെയുംകുട്ട്യേടത്തിയേയും തേടി. ഏറെക്കാലമായി കോഴിക്കോട് സ്ഥിരതാമസമാക്കിയ എം.ടി. വാസുദേവൻ നായർ ഇപ്പോ കൂടല്ലൂരിൽ എത്തിയിട്ട് കുറച്ചായി.
എങ്കിലും ഈ നവതിയിലും എംടിക്കു വേണ്ടി ജന്മദിനം ആശംസിക്കുകയാണ് ജന്മഗ്രാമമായ കൂടല്ലൂരും.കൂടല്ലൂരിനെ ലോകസാഹിത്യ ഭൂമികയിൽ പ്രതിഷ്ഠിച്ച തങ്ങളുടെസ്വന്തം വാസുവിന്റെ ആയൂരാരോഗ്യത്തിനായി പ്രാർഥിക്കുകയാണ് കൂടല്ലൂർ...