തിരുവനന്തപുരം നഗരത്തിലെ തൈക്കാടുള്ള സൂര്യ കൃഷ്ണമൂർത്തിയുടെ വസതിയായ സൂര്യ ചൈതന്യ സൂര്യയുടെ അരങ്ങാണ്. വീടിനോട് ചേർന്നാണ് ഇപ്പോൾ "ഗണേശം' എന്ന സൂര്യാ വേദിയും. ഗണപതിയുടെ പരമഭക്തനായ കൃഷ്ണമൂർത്തിയുടെ വീട്ടിൽ ആയിരത്തിൽപ്പരം ഗണപതി വിഗ്രഹങ്ങളുണ്ട്.
കലയുടെ അംബാസഡർ എന്നു പലരും വിശേഷിപ്പിക്കുന്ന കൃഷ്ണമൂർത്തിയുടെ ജീവിതത്തിൽ ഏറ്റവും പ്രധാനം കലാപ്രവർത്തനം തന്നെ. അദ്ദേഹം പറയുന്നു- ""സാധാരണ കുടുംബങ്ങളിൽ കാണുന്നതുപോലെ വൈകുന്നേരങ്ങളിലുള്ള ഔട്ടിംഗുകൾ, ബന്ധുഭവന സന്ദർശനങ്ങൾ, ഉല്ലാസ യാത്രകൾ അങ്ങനെയൊന്നും എന്റെ ജീവിതത്തിൽ ഇല്ല.''
ലോകത്തിലെതന്നെ ഏറ്റവും മികച്ച കലാപ്രവർത്തകരിൽ ഒരാളായ സൂര്യ കൃഷ്ണമൂർത്തി എങ്ങനെ സൂര്യയിൽ എത്തി എന്നത് ഏറെ കൗതുകകരമാണ്. അദ്ദേഹം പറയുന്നത് കേൾക്കാം- ""കലയോടുള്ള അഭിനിവേശം ഓർമവച്ച നാൾ മുതലേ ഉണ്ട്. സ്കൂളിലും കോളജിലും പഠിക്കുന്ന കാലം മുതൽക്കേ സംഗീതക്കച്ചേരികൾ കേൾക്കുന്നതും നൃത്തപരിപാടികൾ കാണുന്നതും പതിവായിരുന്നു.
എൻജിനീയറിംഗ് കോളജിൽ പഠിക്കുന്പോൾ നാടകങ്ങളും കലാപരിപാടികളും സംഘടിപ്പിക്കുന്നതിൽ താൽപ്പര്യം ഏറി വന്നു. ഇക്കാരണം കൊണ്ട് വീട്ടുകാർ എന്നെ ഹോസ്റ്റലിലാക്കി. പഠനത്തിലുള്ള ശ്രദ്ധ കുറയുന്നുവെന്നതായിരുന്നു കാരണം. അങ്ങനെ തിരുവനന്തപുരത്ത് വീടുണ്ടായിരുന്നിട്ടും ഹോസ്റ്റലിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. പഠനമൊക്കെ കഴിഞ്ഞ് ഐഎസ്ആർഒയിൽ സീനിയർ സയന്റിസ്റ്റും എൻജിനീയറുമായി ജോലി നോക്കുന്പോഴും കലയോടുള്ള സ്നേഹം തുടർന്ന് കൊണ്ടിരുന്നു.
അച്ഛനും അമ്മയും എന്തിൽനിന്നാണോ എന്നെ നിയന്ത്രിക്കുവാൻ ആഗ്രഹിച്ചത് അത് തന്നെ സംഭവിച്ചു. കലയോടുള്ള അഭിനിവേശം അടക്കുവാൻ കഴിയാതെ വന്നപ്പോൾ ജോലി രാജിവച്ച് സൂര്യയിലേക്ക് ജീവിതം മാറ്റി വയ്ക്കുകയായിരുന്നു. ആദ്യകാലത്ത് എന്നെ നിശിതമായി എതിർത്തവർ സൂര്യയുടെ പേരിൽ പിന്നീട് അഭിനന്ദിച്ചപ്പോൾ സന്തോഷവും അഭിമാനവും തോന്നി. സൂര്യയുടെ എല്ലാ ഉയർച്ചയ്ക്കുമൊപ്പം എന്റെ തണലായി അച്ഛനും അമ്മയും ഉണ്ടായിരുന്നു.
സൂര്യമേളയിൽ പങ്കെടുക്കാൻ മണിപ്പൂരി, ഒഡീസി നർത്തകർ ഉത്സാഹത്തോടെ എത്തുന്നത് വലിയ സന്തോഷമാണ്.
കേരളം അവർക്ക് സ്വന്തം നാടുപോലെ എന്ന് കാണുന്പോൾ എന്റെ സ്വപ്നം സഫലമായി എന്ന് തോന്നാറുണ്ട്. അതുപോലെ വിദേശത്ത് ജോലി ചെയ്യുന്ന നഴ്സുമാരും ഡോക്ടർമാരും ഓവർടൈം ജോലി ചെയ്ത് പണമുണ്ടാക്കി സൂര്യ ചാപ്റ്ററിനു സംഭാവന നൽകുന്നുണ്ട്. അറിയപ്പെടാത്ത ഇതുപോലുള്ള മനുഷ്യരാണ്, മനസുകളാണ് സൂര്യയുടെ ശക്തി.''
നൂറിൽപ്പരം സ്റ്റേജ് ഷോകൾക്ക് ജീവൻ നൽകിയിട്ടുള്ള സൂര്യ കൃഷ്ണമൂർത്തി സംവിധാനം നിർവഹിച്ച നാടകങ്ങൾ അയ്യായിരം വേദികൾ കീഴടക്കിയിട്ടുണ്ട്. നല്ലൊരു എഴുത്തുകാരനും വാഗ്മിയുമാണ് സൂര്യ കൃഷ്ണമൂർത്തി.