കൊച്ചി: ജില്ലയിലെ 39 സഹകരണ സംഘങ്ങളില്‍, വിവിധ ക്രമക്കേടുകളുടെ പേരില്‍ അന്വേഷണം നടക്കുന്നുവെന്നു സര്‍ക്കാര്‍. 19 സംഘങ്ങള്‍ക്കെതിരെ കോടതികളില്‍ കേസുകള്‍ നിലനില്‍ക്കുന്നതായും സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ കാര്യാലയത്തില്‍ നിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു.
2016 ഏപ്രില്‍ മുതല്‍ 2024 ജൂലൈ വരെ ജില്ലയിലെ സര്‍വീസ് സഹകരണ ബാങ്കുകള്‍ക്കും സംഘങ്ങള്‍ക്കുമെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെയും നടപടികളുടെയും വിവരങ്ങളാണ് പുറത്തുവന്നത്. നിക്ഷേപകരുടെ പണം നഷ്ടമായെന്ന പരാതികളില്‍ നിയമ നടപടികള്‍ ആരംഭിച്ച അങ്കമാലി അര്‍ബന്‍ സഹകരണ ബാങ്ക് ഉള്‍പ്പടെ 39 സംഘങ്ങള്‍ക്കെതിരെയാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. അങ്കമാലി, പെരുമ്പാവൂര്‍, മുളവൂര്‍, ആലുവ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ ഉള്‍പ്പടെ 19 സഹകരണ സംഘങ്ങള്‍ക്കെതിരെ കോടതികളില്‍ കേസുകള്‍ നിലവിലുണ്ട്.
ക്രമക്കേടുകള്‍ നടന്നതിന്റെ അടിസ്ഥാനത്തില്‍, അഞ്ചു സഹകരണ സംഘങ്ങളിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. മണീട്, ചേന്ദമംഗലം, ഏനാനല്ലൂര്‍, സര്‍വീസ് സഹകരണ ബാങ്കുകള്‍, നെടുങ്ങപ്ര വനിത സഹകരണ സംഘം, മൂവാറ്റുപുഴ റബര്‍ മാര്‍ക്കറ്റിംഗ് സഹകരണ സംഘം എന്നിവയുടെ ഡയറക്ടര്‍മാര്‍ക്കെതിരെയാണ് 2016 - 2024 കാലയളവില്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. ഇതില്‍ മൂവാറ്റുപുഴ, നെടുങ്ങപ്ര സംഘങ്ങളുടെ ഭരണസമിതികളെ പിരിച്ചുവിട്ടു.
മണീട്, കര്‍ത്തേടം സര്‍വീസ് സഹകരണ ബാങ്കുകളുടെ ഭരണസമിതികളും പിരിച്ചുവിടപ്പെട്ടവയിലുണ്ട്. ജില്ലയിലെ സഹകരണ സംഘങ്ങളില്‍ ക്രമക്കേടുകളുടെ പേരില്‍ എട്ടു വര്‍ഷത്തിനിടെ ആറു ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നു രേഖകള്‍ വ്യക്തമാക്കുന്നു. ഇതില്‍ രണ്ട് അറ്റന്‍ഡര്‍മാരെയും ഒരു സീനിയര്‍ ക്ലര്‍ക്കിനെയും പിരിച്ചുവിട്ടപ്പോള്‍, സെക്രട്ടറി, അസി. സെക്രട്ടറി, സീനിയര്‍ സൂപ്പര്‍വൈസര്‍ തസ്തികകളിലുള്ള ഓരോ ജീവനക്കാരെ വീതം സസ്പെൻഡ് ചെയ്തതായും സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ കാര്യാലയം വ്യക്തമാക്കി. വിവരാവകാശ പ്രവര്‍ത്തകനായ രാജു വാഴക്കാല നല്കിയ അപേക്ഷയിലാണ് സര്‍ക്കാര്‍ വിവരങ്ങള്‍ പുറത്തുവിട്ടത്.