കാക്കനാട്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനസാന്ദ്രതയും റവന്യൂ വരുമാനവുമുള്ള തൃക്കാക്കര നഗരസഭയിലെ വാർഡുവിഭജനം പൂർത്തിയാക്കി അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ അഞ്ചുവാർഡുകൾകൂടിഉൾപ്പെടുത്തിയുള്ള പൂർണ പുനർവിഭജന പട്ടിക പൂർത്തിയായപ്പോൾ മൂന്ന് ഡിവിഷനുകളിൽ പൂർണമായും ഫ്ലാറ്റുകൾ മാത്രമാണുള്ളത്.
ഇടച്ചിറ, തെങ്ങോട്, കാക്കനാട് എന്നിവിടങ്ങളിലാണ് ഫ്ലാറ്റുവാർഡുകൾ രൂപീകരിച്ചത്. ഈ മൂന്ന് വാർഡുകളിലെ വീടുകളുടെ എണ്ണം കൂട്ടാൻ അനുമതി ആവശ്യപ്പെട്ട് മുനിസിപ്പൽ സെക്രട്ടറി ഡീലിമിറ്റേഷൻ കമ്മീഷനു കത്തുനൽകി. ഈ വാർഡുകളിൽ പരിസര പ്രദേശങ്ങളിലെ വീടുകൾ കൂടി ഉൾപ്പെടുത്തി പുതിയ വാർഡുകളും രൂപീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് മറ്റു വാർഡുകളിൽ ഉള്ളതിന്റെ ഇരട്ടിയോളം വീടുകളുടെ വർധനവും വരും. അതേ സമയം വീടുകളുടെ എണ്ണം സംബന്ധിച്ചുള്ള വർധനവ് 10 ശതമാനത്തിൽ കൂടരുതെന്ന വ്യവസ്ഥയും ലംഘിക്കപ്പെടുമെന്ന ആശങ്കയും രാഷ്ട്രീയ പാർട്ടികൾക്കിടയിൽ നിലനിൽക്കുന്നു. ഡിവിഷനുകളിൽ വീടുകളുടെ ശരാശരി എണ്ണം 1200 മുതൽ 1350 വരെയാണ്. കാക്കനാട് ഡിവിഷനിലെ ഡിഎൽഎഫ് കെട്ടിട സമുച്ചയത്തിൽ മാത്രം 1,268അപ്പാർട്ടുമെന്റുകൾ ഉണ്ട്. ഇടച്ചിറയിൽ 2,770 ഫ്ലാറ്റുകളും, തെങ്ങോടിൽ 2,108 അപ്പാർട്ടുമെന്റുകളുമാണുള്ളത്. മൂന്നു ഡിവിഷനുകളിലുമായി, 6,746 അപാർട്ടുമെന്റുകളാണുള്ളത്.
ഒരു കൊല്ലം വാർഡു ഫണ്ടിനത്തിൽ ലഭിക്കുന്നത് 75 ലക്ഷം രൂപ. ഡിവിഷൻ ഫണ്ട് ഇനത്തിൽ 69 ലക്ഷവും, പ്ലാൻ ഫണ്ടിൽ നിന്നും ആറു ലക്ഷവും വീതം ഒരു വാർഡിന് ഒരു കൊല്ലം ലഭിക്കുന്നത് 75 ലക്ഷം രൂപയാണ്. ഫ്ലാറ്റുകൾ മാത്രം കേന്ദ്രീകരിച്ചു വാർഡുകൾ പുനർ വിഭജനം നടത്തിയെങ്കിലും അഞ്ചു കൊല്ലം കൊണ്ടു ലഭിക്കുന്ന 3.75 കോടി രൂപ ഫ്ലാറ്റു നിവാസികൾ എത്തരത്തിൽ വിനിയോഗിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
തൃക്കാക്കരയിൽ ഇതുവരെ 43 ഡിവിഷനുകളാണ് ഉണ്ടായിരുന്നത് പുതുതായി അഞ്ചു വാർഡുകൾ കൂടി നിലവിൽ വരുന്നതോടെ എണ്ണം 48 ൽ എത്തും. രണ്ട് വാർഡുകൾ നഗരസഭയുടെ പടിഞ്ഞാറൻ മേഖലയിലും മൂന്നെണ്ണം കിഴക്കൻ മേഖലയിലുമാണ്.
ഇൻഫോപാർക്ക്, രാജഗിരി, തലക്കോട്ടുമൂല, പാറയ്ക്കാമുകൾ, കരുണാലയം, പാട്ടുപുര, ബിഎംസി, ഇല്ലത്തു മുകൾ എന്നിവയാണ് പുതിയതായി പേരു ലഭിച്ച മുനിസിപ്പൽ വാർഡുകൾ.