കൊച്ചി: കൊച്ചിയുടെ സാംസ്കാരിക മേഖലയെ കൂടുതൽ സജീവമാക്കാന്‍ ഒരു പുതിയ കള്‍ച്ചറല്‍ സെന്റര്‍ കൂടി വരുന്നു. കച്ചേരിപ്പടിയില്‍ കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ഉഷ ടൂറിസ്റ്റ് ഹോം ഇരിക്കുന്ന സ്ഥലത്താണ് കള്‍ച്ചറല്‍ സെന്റര്‍ നിര്‍മിക്കാന്‍ ആലോചിക്കുന്നത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ പദ്ധതിയുടെ രൂപരേഖ അടക്കമുള്ള കാര്യങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു.
കിഫ്ബി അധികൃതരും കോര്പറേഷന് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്തല്‍ നടത്തി. ഏറെ വൈകാതെ നിര്‍മാണം ആരംഭിക്കാനാണ് ആലോചന. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയ പദ്ധതിയാണ് കച്ചേരിപ്പടിയിലെ പുതിയ സാംസ്കാരിക കേന്ദ്രം. അഞ്ചു നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തില്‍ കഫേ ആന്‍ഡ് ലൈബ്രറി, ആര്‍ട്ട് ഗാലറി, ഓഡിറ്റോറിയം, വിഷ്വല്‍ ആര്‍ട്സ് സെന്റര്‍ ആന്‍ഡ് തിയറ്റര്‍, പെര്‍ഫോമിംഗ് ആര്‍ട്സ് ആന്‍ഡ് തിയറ്റര്‍, സെമി ബേസ്മെന്റ പാര്‍ക്കിംഗ്, മ്യൂസിയം, എക്സിബിഷന് കം ഡൈനിംഗ് ഹാള്‍ എന്നിവയുണ്ടാകും.
ചലച്ചിത്രമേളകള്‍, എക്സിബിഷന് ഹാള്‍, കലാമേളകള്‍ എന്നിവ നടത്താനുള്ള സൗകര്യമുണ്ടാകും. അടുക്കള, സ്റ്റോര്‍ റൂം, വാഷ് റൂം, കഫേ ആന്‍ഡ് ലൈബ്രറി, ആര്‍ട് ഗാലറി, ലോബി ഓഫീസ്, ഓഡിറ്റോറിയം എന്നിവയാണ് താഴത്തെ നിലയില്‍.
ആദ്യനിലയില്‍ സി ഹെഡ് ഓഫീസ്, കോണ്‍ഫറന്‍സ് മുറികള്‍, വാഷ് റൂം, ലോബി ഓഫീസ്, ലിഫ്റ്റ്, ഓഡിറ്റോറിയം എന്നിവയും രണ്ടാം നിലയില്‍ വിഷ്വല്‍ ആര്‍ട് സെന്റര്‍ ആന്‍ഡ് തിയറ്റര്‍, ലോബി ഓഫീസ്, ലിഫ്റ്റ്, സ്റ്റെയര്‍ പെര്‍ഫോമിംഗ് ആര്‍ട്സ് സെന്റര്‍, തിയറ്റര്‍ എന്നിവയുമാണ് വരിക. വാഹന പാര്‍ക്കിംഗിനുള്ള സൗകര്യവും ഇവിടെ ഉണ്ടാകും.
73.64 സെന്റില്‍ 2980 ചതുരശ്ര മീറ്റര്‍ സ്ഥല വിസ്തീര്‍ണത്തിലാണ് കെട്ടിടം നിര്‍മിക്കുന്നത്. ഓരോ നിലയും 1000 ചതുരശ്രയടി ഉണ്ടാകും.
15 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മൂന്നും നാലും നിലകളിലെ സൗകര്യങ്ങള്‍ സംബന്ധിച്ച് തീരുമാനങ്ങള്‍ ആകുന്നതേയുള്ളൂ. സ്വകാര്യ കണ്വഷന്ഷന് സെന്ററുകള്‍, തിയറ്ററുകള്‍ എന്നിവയില്‍ നിന്ന് വ്യത്യസ്തമായി കുറഞ്ഞ നിരക്കില്‍ സ്ഥലം ലഭിക്കുമെന്നതാണ് പ്രത്യേകത.
കച്ചേരിപ്പടി സാംസ്കാരിക കേന്ദ്രം വരുന്നതോടെ ഏബ്രഹാം മാടമാക്കല്‍ റോഡിലുള്ള ജി സ്മാരകത്തിന് പുറമേ കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കള്‍ച്ചറല്‍ സെന്റര്കൂടിയാകും കൊച്ചിക്ക് സ്വന്തമാകുക.