കോട്ടയം: ശബരിമല മണ്ഡലം-മകരവിളക്ക് തീര്‍ഥാടനകാലത്ത് എല്ലാ തീര്‍ഥാടകര്‍ക്കും സുഗമമായ ദര്‍ശനം ഒരുക്കാൻ മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി.
എല്ലാ തീര്‍ഥാടകര്‍ക്കും സൗജന്യ ഇന്‍ഷ്വറന്‍സ് കവറേജിനു പുറമേ തീര്‍ഥാടകര്‍ മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ എല്ലാ സംവിധാനവും ദേവസ്വം ബോര്‍ഡ് ഒരുക്കും. വെര്‍ച്വല്‍ ക്യൂവിനു പുറമേ പതിനായിരം ഭക്തരെ പ്രവേശിപ്പിക്കും. വെര്‍ച്വല്‍ ക്യൂ വഴിയുള്ള 70,000 പേര്‍ക്കു പുറമേയാണ് ദിവസവും 10,000 പേര്‍ക്കുകൂടി ദര്ശനസൗകര്യമൊരുക്കുന്നത്.
സ്പോട്ട് ബുക്കിംഗിനു പകരം എന്‍ട്രി പോയിന്റ് എന്ന പേരാണ് ഉപയോഗിച്ചിരിക്കുന്നത്. പമ്പ, എരുമേലി, പീരുമേട് എന്നിവിടങ്ങളിലാണ് തത്സമയ ബുക്കിഗ് സൗകര്യമുണ്ടാകുന്നത്. ഇവിടെയെത്തി നേരിട്ട് ബുക്ക് ചെയ്യാം. ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍ കാണിച്ചാല്‍ മതിയാകും..
13,600 പോലീസുകാര്‍, 1500 എക്കോ ഗാര്‍ഡുകള്‍
മുമ്പ് ശബരിമലയില്‍ ജോലി നോക്കി പരിചയമുള്ള ഉദ്യോഗസ്ഥരെയടക്കം 13,600 പോലീസിനെയാണ് ഇത്തവണ നിയോഗിക്കുന്നത്. 1000 വിശുദ്ധി സേനാംഗങ്ങളെ പരിശീലനം നല്കി നിയോഗിക്കും. കാനനപാതയില്‍ പാന്പ് പിടിത്തക്കാരുടെ സേവനം ലഭ്യമാക്കും. എല്ലാ കുളിക്കടവുകളിലും ഇറിഗേഷന്‍ വകുപ്പ് സുരക്ഷാവേലികള്‍ നിര്‍മിക്കും വിവിധ ഭാഷകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. നിലയ്ക്കലില്‍ 1045 ടോയ്ലറ്റുകളും പമ്പയില്‍ 580 ടോയ്ലറ്റുകളും സന്നിധാനത്ത് 1005 ടോയ്ലറ്റുകളുമൊരുക്കും.
ഭക്ഷണത്തിന്റെ ഗുണനിലവാരവും അളവും ശുചിത്വവും ഉറപ്പാക്കാന്‍ ഭക്ഷ്യസുരക്ഷാവകുപ്പും ലീഗല്‍ മെട്രോളജിയും ലഹരിവസ്തുക്കളുടെ ഉപയോഗം തടയാന്‍ എക്സൈസും പോലീസും പരിശോധനകള്‍ നടത്തും.
മരക്കൂട്ടംമുതല്‍ സന്നിധാനം വരെ തീര്‍ഥാടകര്‍ക്ക് വിശ്രമിക്കുന്നതിനായി 1000 സ്റ്റീല്‍ കസേരകള്‍ സ്ഥാപിക്കും. കുടിവെള്ളം, ഇ-ടോയ്ലറ്റ് സൗകര്യവുമുണ്ടാകും. കാനനപാതയില്‍ വനംവകുപ്പ് 132 സേവനകേന്ദ്രങ്ങള്ക്കൊപ്പം എലിഫന്റ് സ്ക്വാഡ് ഉള്‍പ്പെടെ 1500 എക്കോ ഗാര്‍ഡുകളെ നിയോഗിക്കും.
എരുമേലിയില്‍ ആറര ഏക്കര്‍ സ്ഥലത്ത് പാര്‍ക്കിംഗ്
എരുമേലിയില്‍ ഹൗസിംഗ് ബോര്‍ഡിന്റെ കൈവശമുള്ള ആറര ഏക്കര്‍ സ്ഥലം പാര്‍ക്കിംഗിനായി വിനിയോഗിക്കും. പമ്പയിലും നിലയ്ക്കലിലും തിരക്ക് കൂടുമ്പോള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായിട്ടാണ് ഇവിടം പ്രധാനമായും ഉപയോഗിക്കുന്നത്.
നിലയ്ക്കലില്‍ 10,000 വാഹനങ്ങള്‍ക്കു പാര്‍ക്ക് ചെയ്യാന്‍ ഇത്തവണ സൗകര്യമൊരുക്കും. ഫാസ് ടാഗ് നിര്‍ബന്ധമാണ്. പമ്പ ഹില്‍ടോപ്പ് , ചക്കുപാലം എന്നിവിടങ്ങളില്‍ 2000 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാം. ശബരിമല സ്പെഷലായി കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ ഇത്തവണ പമ്പവരെയെത്തും. നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസിനൊപ്പം തേനി റെയില്‍വേ സ്റ്റേഷനില്‍ നിന്നും പമ്പയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്തും.
സേവനനിരതരായി ഡിവോട്ടീസ് ഓഫ് ഡോക്ടേഴ്സ്
നിലയ്ക്കല്‍, സന്നിധാനം, പമ്പ, അപ്പാച്ചിമേട് എന്നിവിടങ്ങളിലും കോട്ടയം മെഡിക്കല്‍ കോളജിലും പത്തനംതിട്ട ജനറല്‍ ആശുപത്രി, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ കാര്‍ഡിയോളജി അടക്കമുള്ള വിപുലമായ ചികിത്സാസൗകര്യങ്ങളൊരുക്കും. ഇവിടങ്ങളില്‍ തീര്‍ഥാടകര്‍ക്കായി പ്രത്യേകവാര്‍ഡുകള്‍ തുറക്കും.
പാമ്പുകടി ഏല്‍ക്കുന്നവർക്ക് ആന്റിവെനം അടക്കമുള്ള ചികിത്സാസംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ലോകപ്രശസ്തനായ ന്യൂറോസര്ജന് രാംനാരായണന്റെ നേതൃത്വത്തില്‍ വിദഗ്ധരായ നൂറിലേറെ ഡോക്ടര്‍മാര്‍ ഡിവോട്ടീസ് ഓഫ് ഡോക്ടേര്‍സ് എന്ന പേരില്‍ സേവനം ചെയ്യും.