കിടങ്ങൂര്‍: സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രജത ജൂബിലി നിറവില്‍. 1908ല്‍ കിടങ്ങൂരില്‍ ആരംഭിച്ച സെന്റ് മേരീസ് സ്കൂള്‍ 2000ലാണ് ഹയര്‍ സെക്കന്‍ഡറി സ്കൂളായി ഉയര്‍ത്തപ്പെട്ടത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാലിന് ഉച്ചകഴിഞ്ഞ് രണ്ടിന് കിടങ്ങൂര്‍ സെന്റ് മേരീസ് പാരിഷ് ഹാളില്‍ കോട്ടയം അതിരൂപത സഹായ മെത്രാന് മാര്‍ ജോസഫ് പണ്ടാരശേരില്‍ നിര്‍വഹിക്കും.
സ്കൂള്‍ മാനേജര്‍ ഫാ. ജോസ് നെടുങ്ങാട്ട് അധ്യക്ഷത വഹിക്കും. മോന്‍സ് ജോസഫ് എംഎല്‍എ, കോട്ടയം അതിരൂപത കോര്‍പറേറ്റ് ഏജന്‍സി സെക്രട്ടറി ഫാ. തോമസ് പുതിയകുന്നേല്‍, ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടക്കല്‍, പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍, പിടിഎ പ്രസിഡന്റ് ബോബി തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ ഡോ. മേഴ്സി ജോണ്‍ മൂലക്കാട്ട്, പഞ്ചായത്ത് മെംബർ കുഞ്ഞുമോള്‍ ടോമി, സ്കൂള്‍ പ്രിന്‍സിപ്പൽ ഷെല്ലി ജോസഫ്, ഹെഡ്മിട്രസ് ജയ തോമസ് എന്നിവര്‍ പ്രസംഗിക്കും. ജൂബിലി ലോഗോ, വിവിധ പ്രോജക്ടുകളുടെ പ്രകാശനം എന്നിവയും യോഗത്തില്‍ നടക്കും.
ഉദ്ഘാടന സമ്മേളനത്തിനു മുന്നോടിയായി വിളംബര റാലി സ്കൂള്‍ മൈതാനത്തുനിന്ന് കിടങ്ങൂര്‍ സെന്റ് മേരീസ് പാരിഷ് ഹാളിലേക്ക് നടത്തും. കിടങ്ങൂര്‍ എസ്എച്ച്ഒ സി.എല്‍. മഹേഷ് റാലി ഫ്ളാഗ് ഓഫ് ചെയ്യും. സ്കൂള്‍തല മത്സരങ്ങള്‍, വിദ്യാര്‍ഥി സംഗമങ്ങള്‍, പൂര്‍വ അധ്യാപക സംഗമങ്ങള്‍, കായികമേളകള്‍, ജൂബിലി സ്മാരക മന്ദിരം, സ്കൂള്‍ പ്രവേശനകവാടം, ഗ്രൗണ്ട് പുനര്‍നിര്‍മാണം തുടങ്ങി നിരവധി കര്‍മപദ്ധതികള്‍ നടപ്പിലാക്കുമെന്ന് ഫാ. ജിബിന്‍ കീച്ചേരില്‍, പ്രിന്‍സിപ്പൽ ഷെല്ലി ജോസഫ്, കണ്‍വീനര്‍ ബോബി തോമസ്, പിടിഎ പ്രസിഡന്റ് ബോബി തോമസ് മാങ്കുടി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.