അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ വ്യാകുലമാതാവിന്റെ തിരുനാൾ നാലാം ദിവസമായ ഇന്ന് മേരി നാമധാരികളുടെ സംഗമം, ജപമാല റാലി, പ്രദക്ഷിണം എന്നിവ നടക്കും. രാവിലെ ആറിന് വിശുദ്ധ കുർബാന, മധ്യസ്ഥപ്രാർഥന. എഴിന് വിശുദ്ധ കുർബാന, വചനസന്ദേശം: ഫാ. റ്റിജോ കക്കുഴി. തുടർന്നാണ് മേരി നാമധാരികളുടെ സംഗമം.
കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള ജപമാല റാലി വൈകുന്നേരം നാലിന് ചെറിയ പള്ളിയിൽനിന്ന് ആരംഭിക്കും. വലിയ പള്ളിയിലേക്കാണ് ജപമാല റാലി. അഞ്ചിന് തിരി വെഞ്ചരിപ്പ്, മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന, വചനസന്ദേശം: റവ.ഡോ. മാണി പുതിയിടം. തുടർന്ന് വലിയപള്ളി ചുറ്റി പ്രദക്ഷിണം. പ്രദക്ഷിണത്തിനുശേഷം കപ്ലോൻ വാഴ്ച. തുടർന്ന് പരമ്പരാഗതമായ അവകാശ വിതരണം.
പ്രധാന തിരുനാൾ ദിനമായ നാളെ രാവിലെ 5.15ന് ചെറിയപള്ളിയിൽ വിശുദ്ധ കുർബാന. ആറിന് വിശുദ്ധ കുർബാന: റവ.ഡോ. ജോസഫ് മുണ്ടകത്തിൽ. തുടർന്ന് പരിശുദ്ധ വ്യാകുലമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുസ്വരൂപങ്ങൾ മോണ്ടളത്തിൽ പ്രതിഷ്ഠിക്കും. 7.45ന് വിശുദ്ധ കുർബാന, വചനസന്ദേശം: ഫാ. നൈജിൽ തൊണ്ടിക്കാകുഴിയിൽ. 10ന് തിരുനാൾറാസ: ഫാ. ജേക്കബ് നടുവിലേക്കളം,
വചന സന്ദേശം: ഫാ. റോബിൻസ് കുഴിക്കോട്ടിൽ. വൈകുന്നേരം 5.15ന് വിശുദ്ധ കുർബാന, വചന സന്ദേശം: ഫാ. റോജൻ നെൽപുരയ്ക്കൽ. തുടർന്ന് തിരുനാൾ പ്രദക്ഷിണം. വലിയപള്ളിയിൽനിന്ന് ആരംഭിക്കുന്ന പ്രദക്ഷിണം വലിയപള്ളിയും ചെറിയപള്ളിയും ചുറ്റി വലിയ പള്ളിയിൽ സമാപിക്കും. തുടർന്ന് കൊടിയിറക്ക്. വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം മദ്ബഹയിൽ പുനഃപ്രതിഷ്ഠിക്കും.
വിശുദ്ധ സെബസ്ത്യാനോസിന്റെ പ്രശസ്തമായ തിരുസ്വരൂപം ജനുവരിയിലെ തിരുനാൾ ദിനങ്ങളിലല്ലാതെ പരസ്യവണക്കത്തിനായി പുറത്തെടുക്കുന്ന ഏക ദിവസമാണിത്.
വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോബി മംഗലത്തുകരോട്ട് സിഎംഐ, ഫാ. അലക്സ് വടശേരിൽ സിആർഎം, ഫാ. ടോണി കോയിൽപ്പറമ്പിൽ, ഫാ. നവീൻ മാമൂട്ടിൽ എന്നിവർ തിരുനാൾ തിരുക്കർമങ്ങളിൽ കാർമികത്വം വഹിക്കും.
23ന് രാവിലെ സമൂഹബലി, സെമിത്തേരി സന്ദർശനം, പ്രാർഥന. പ്രസുദേന്തി സിബി ജേക്കബ് വേങ്ങത്തടത്തിൽ, കൈക്കാരന്മാരായ മാത്യു ജോസഫ് പൊന്നാറ്റിൽ, കെ.എം. ചാക്കോ കൈതക്കരി, സെബാസ്റ്റ്യൻ മർക്കോസ് കുഴിന്തൊട്ടിയിൽ, ചെറിയാൻ കുര്യൻ കുഴുപ്പിൽ, പാരിഷ് കൗൺസിൽ സെക്രട്ടറി സഞ്ജിത് പി. ജോസ് പ്ലാമൂട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകും.