ന​ഷ്ട​വി​ല​യി​ലും ഇ​റ​ക്കു​മ​തി ; ജൂ​ലൈ വ​രെ വ​ന്ന​ത് 1.73 ല​ക്ഷം ട​ണ്‍ റബർ
Saturday, September 21, 2024 12:21 AM IST
കോ​​ട്ട​​യം: അ​​ന്താ​​രാ​​ഷ്‌​ട്ര വി​​പ​​ണി​​യി​​ല്‍ വി​​ല ഉ​​യ​​രു​​മ്പോ​​ഴും റ​​ബ​​ര്‍ ഇ​​റ​​ക്കു​​മ​​തി​​യി​​ല്‍ വ​​ന്‍​വ​​ര്‍​ധ​​ന. ആ​​ഭ്യ​​ന്ത​​ര ഉ​​ത്പാ​​ദ​​ന​​ത്തി​​ല്‍ വ​​ലി​​യ കു​​റ​​വു​​ണ്ടെ​​ന്ന കാ​​ര​​ണ​​ത്താ​​ല്‍ ന​​ഷ്ടം സ​​ഹി​​ച്ചും ഇ​​റ​​ക്കു​​മ​​തി ന​​ട​​ത്താ​​നു​​ള്ള നീ​​ക്ക​​ത്തി​​ലാ​​ണ് വ്യ​​വ​​സാ​​യി​​ക​​ള്‍. ക​​പ്പ​​ല്‍ ക​​ണ്ടെയ്ന​​ര്‍ ല​​ഭി​​ക്കു​​ന്ന​​തി​​ലെ ത​​ട​​സ​​വും കാ​​ല​​താ​​മ​​സ​​വും ഒ​​ഴി​​വാ​​യ​​തും വ്യ​​വ​​സാ​​യി​​ക​​ള്‍​ക്ക് നേ​​ട്ട​​മാ​​യി.

ന​​ട​​പ്പു​​ സാ​​മ്പ​​ത്തി​​കവ​​ര്‍​ഷം ജൂ​​ലൈ വ​​രെ 1.73 ല​​ക്ഷം ട​​ണ്‍ റ​​ബ​​റി​​ന്‍റെ ഇ​​റ​​ക്കു​​മ​​തി​​യു​​ണ്ടാ​​യി.
ജൂ​​ണി​​ല്‍ 35,375 ട​​ണ്ണും ജൂ​​ലൈ​​യി​​ല്‍ 52,000 ട​​ണ്ണും ഇ​​റ​​ക്കു​​മ​​തി ന​​ട​​ന്നു. റ​​ബ​​ര്‍ വി​​ല റി​​ക്കാ​​ര്‍​ഡി​​ലേ​​ക്ക് ഉ​​യ​​ര്‍​ന്ന ഓ​​ഗ​​സ്റ്റി​​ലും അ​​ര ല​​ക്ഷം ട​​ണ്ണി​​ന്‍റെ ഇ​​റ​​ക്കു​​മ​​തി​​യു​​ണ്ടാ​​യ​​താ​​ണ് സൂ​​ച​​ന. ആ​​ഭ്യ​​ന്ത​​ര​വി​​ല 250 രൂ​​പ​​യി​​ല്‍ ഉ​​യ​​ര​​രു​​തെ​​ന്ന നി​​ല​​പാ​​ടി​​ല്‍ ന​​ഷ്ടം സ​​ഹി​​ച്ചും റ​​ബ​​ര്‍ എ​​ത്തി​​ച്ച​​താ​​യാ​​ണ് വി​​പ​​ണിസൂ​​ച​​ന.

കേ​​ര​​ള​​ത്തി​​ല്‍ ഓ​​ഗ​​സ്റ്റ് 10ന് ​​റ​​ബ​​ര്‍ ആ​​ഭ്യ​​ന്ത​​ര വി​​ല 247 എ​​ന്ന എ​​ക്കാ​​ല​​ത്തെ​​യും റി​​ക്കാ​​ര്‍​ഡി​​ല്‍ എ​​ത്തി​​യ​​പ്പോ​​ള്‍ വി​​ദേ​​ശ​​വി​​ല 30 രൂ​​പ കു​​റ​​വാ​​യി​​രു​​ന്നു. അ​​ക്കാ​​ല​​ത്തും 25 ശ​​ത​​മാ​​നം നി​​കു​​തി അ​​ട​​ച്ച് റ​​ബ​​ര്‍ ന​​ഷ്ട​​ത്തി​​ല്‍ ഇ​​റ​​ക്കു​​മ​​തി ചെ​​യ്യാ​​നാ​​യി​​രു​​ന്നു വ്യ​​വ​​സാ​​യി​​ക​​ളു​​ടെ തീ​​രു​​മാ​​നം. 2011 ഏ​​പ്രി​​ല്‍ അ​​ഞ്ചി​​നാ​​ണ് റ​​ബ​​റി​​ന്‍റെ മു​​ന്‍ റി​​ക്കാ​​ര്‍​ഡ് വി​​ല- 243 രൂ​​പ. നി​​ല​​വി​​ല്‍ റ​​ബ​​റി​​ന് വി​​ദേ​​ശ​​വി​​ല 240 രൂ​​പ​​യ്ക്ക് മു​​ക​​ളി​​ലാ​​ണ്. അ​​ഭ്യ​​ന്ത​​ര വി​​ല​​യാ​​വ​​ട്ടെ ആ​​ര്‍​എ​​സ്എ​​സ് നാ​​ല് ഗ്രേ​​ഡി​​ന് 230 രൂ​​പ​​യും ഗ്രേ​​ഡ് അ​​ഞ്ചി​​ന് 227 രൂ​​പ​​യും.

ഇ​​ക്കൊ​​ല്ലം സ്വാ​​ഭാ​​വി​​ക റ​​ബ​​ര്‍ 14 ല​​ക്ഷം ട​​ണ്ണി​​നു മു​​ക​​ളി​​ല്‍ ആ​​വ​​ശ്യം വ​​രു​​മെ​​ന്നും ആ​​ഭ്യ​​ന്ത​​ര ഉ​​ത്പാ​​ദ​​ന​​ത്തി​​ല്‍ അ​​ഞ്ചു ല​​ക്ഷം ട​​ണ്ണി​​ന്‍റെ കു​​റ​​വു​​ണ്ടാ​​കു​​മെ​​ന്നാ​​ണ് വ്യ​​വ​​സാ​​യി​​ക​​ള്‍ പ​​റ​​യു​​ന്ന​​ത്. കു​​റ​​വു വ​​രു​​ന്ന അ​​ഞ്ചു ല​​ക്ഷം ട​​ണ്‍ നി​​കു​​തി ഒ​​ഴി​​വാ​​ക്കി​​യും തു​​റ​​മു​​ഖ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളി​​ല്ലാ​​തെ​​യും ഇ​​റ​​ക്കു​​മ​​തി ചെ​​യ്യാ​​ന്‍ അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്നാ​​ണ് ട​​യ​​ര്‍ നി​​ര്‍​മാ​​ണ ക​​മ്പ​​നി​​ക​​ള്‍ കേ​​ന്ദ്ര സ​​ര്‍​ക്കാ​​രി​​ല്‍ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്.

കേ​​ന്ദ്ര വാ​​ണി​​ജ്യ​​മ​​ന്ത്രാ​​ല​​യം ഇ​​ത് അ​​നു​​മ​​തി ന​​ല്‍​കി​​യാ​​ല്‍ റ​​ബ​​ര്‍ ആ​​ഭ്യ​​ന്ത​​ര വി​​ല​​യി​​ല്‍ വ​​ന്‍​ത​​ക​​ര്‍​ച്ച​​യു​​ണ്ടാ​​കും. സെ​​പ്റ്റം​​ബ​​ര്‍ മു​​ത​​ല്‍ ഡി​​സം​​ബ​​ര്‍ വ​​രെ ര​​ണ്ടു ല​​ക്ഷം ട​​ണ്‍ റ​​ബ​​റി​​ന്‍റെ ഇ​​റ​​ക്കു​​മ​​തി​​ക്കാ​​ണ് വ്യ​​വ​​സാ​​യി​​ക​​ള്‍ ത​​യാ​​റെ​​ടു​​ക്കു​​ന്ന​​ത്. വ​​ട​​ക്കു​​കി​​ഴ​​ക്ക​​ന്‍ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ മ​​ഴ മൂ​​ലം ടാ​​പ്പിം​​ഗ് മു​​ട​​ങ്ങി​​യ​​തി​​നാ​​ല്‍ അ​​വി​​ടെ​​യും റ​​ബ​​റി​​ന് ക്ഷാ​​മു​​ണ്ട്.