കൊല്ലം: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജിൽ ലഹരിവിരുദ്ധ ദിന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കോളജിലെ സൈക്കോളജി ഡിപ്പാർട്ട്മെന്റും ക്വയിലോൺ സോഷ്യൽ സർവീസ് സൊസൈറ്റിയും അസീസിയ ഡെൻഡൽ മെഡിക്കൽ കോളജും സംയുക്തമായിട്ടാണ് ഏകദിന ദന്ത മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.
കോളജിൽ നടന്ന ക്യാമ്പ് പ്രിൻസിപ്പൽ പ്രഫ. സിന്ധ്യ കാതറീൻ മൈക്കൽ ഉദ്ഘാടനം ചെയ്തു. കോളജ് ബർസാർ ഫാ.ഡോ.വിനോദ് സെലസ്റ്റിൻ, കേരള സംസ്ഥാന ലഹരി വിരുദ്ധ പ്രോഗ്രാം സ്റ്റേറ്റ് കോഡിനേറ്റർ അബ്രഹാം, അസീസിയ ഡെൻഡൽ മെഡിക്കൽ കോളജ് വിഭാഗം മേധാവി ഡോ. ആരതി, സൈക്കോളജി വിഭാഗം മേധാവി ഡോ.പി പി സജിമോൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.160 ഓളം വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുത്തു. ഉച്ചകഴിഞ്ഞ് വിദ്യാർഥികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ തെരുവ് നാടകവും ഫ്ലാഷ് മോബും ഉണ്ടായിരുന്നു.
ആയുർ : ചെറുപുഷ്പ സെൻട്രൽ സ്കൂളിൽ ലഹരി വിരുദ്ധദിനം ആചരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാ.അരുൺ ഏറത്ത്, സ്കൂൾ ബർസാർ ഫാ.ക്രിസ്റ്റി ചരുവിള എന്നിവർ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരിവിരുദ്ധസന്ദേശങ്ങൾ ഉൾക്കൊള്ളുന്ന കവിതകൾ, പ്രഭാഷണങ്ങൾ എന്നിവയും പരിപാടിയുടെ ഭാഗമായിരുന്നു. ദിനാചരണവുമായി ബന്ധപ്പെട്ട് കുട്ടികൾ തയാറാക്കിക്കൊണ്ടുവന്ന പ്ലക്കാർഡുകൾ, പോസ്റ്ററുകൾ എന്നിവയുടെ പ്രദർശനവും നടന്നു.
ചവറ : പന്മന മേക്കാട് ഏവൺ ഗ്രന്ഥശാല ലഹരി വിരുദ്ധ സദസ് സംഘടിപ്പിച്ചു.
കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന വക്താവ് യോഹന്നാൻ ആന്റണി ഉദ്ഘാടനം ചെയ്തു. ലഹരി ആസക്തിയും അനുബന്ധ പ്രശ്നങ്ങളും ഇന്ന് കുടുംബത്തിലും സമൂഹത്തിലും സൃഷ്ടിക്കുന്ന അസ്വസ്ഥതകൾ ഏറെയാണെന്നും ലഹരി വസ്തുകളുടെ അതിരുവിട്ട ലഭ്യതയും വിതരണവും തടയുന്നതിനുള്ള ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമ്മേളനത്തിൽ ഗ്രന്ഥശാല പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ അധ്യക്ഷനായി. പന്മന പഞ്ചായത്ത് ലൈബ്രറി കൗൺസിൽ കൺവീനർ ദീപീല് ചിറ്റൂർ ലഹരി വിരുദ്ധ സന്ദേശം നൽകി. ഗ്രാമ പഞ്ചായത്ത് അംഗം ലിൻസി ലിയോൺസ്, സെക്രട്ടറി ജെയിംസ് ജോസഫ്, ഗ്രേസി സോളമൻ എന്നിവർ പ്രസംഗിച്ചു.
ചവറ : അന്താരാഷ്ട്ര ലഹരി ദിനത്തോട് അനുബന്ധിച്ച് ബി സി ലൈബ്രറിയുടെ നേതൃത്വത്തിൽ അരുത് ആ ലഹരി- വായനയാണ് യഥാർഥ ലഹരി എന്ന പരിപാടിയും വീട്ടകങ്ങളിൽ വായനയുടെ പ്രാധാന്യം എത്തിക്കുന്നതിനുള്ള വീട്ടക വായനാ സദസും സംഘടിപ്പിച്ചു. വായനയാണ് ലഹരി പരിപാടിയിൽ ലൈബ്രറി പ്രസിഡന്റ് സി.എ ശരത്ചന്ദ്രൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ലൈബ്രറി ഭാരവാഹികളായ ജയകുമാർ, ചന്ദ്രപ്രകാശ്, പി ലീലാമ്മ. അഭിലാഷ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
വീട്ടക വായനാ സദസിൽ ടി പത്മനാഭന്റെ എന്റെ മൂന്നാമത്തെ നോവൽ എന്ന പുസ്തകം പ്രിജി പരിചയപ്പെടുത്തി. കഥാസാരം, കഥാനുഭവം എന്നിവ പങ്കുവെച്ചു. കവയത്രി കനകമ്മ കവിതകൾ അവതരിപ്പിച്ചു.
കൺവീനർ എഫ്.ജോർജ് ഉദ്ഘാടനം ചെയ്തു. അഖിലം ജയകുമാർ അധ്യക്ഷനായി. വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന ഈ പരിപാടിയിൽ പങ്കെടുത്തവരെല്ലാം തന്നെ വായനയുടെ കുറവ് മൂലം പൊതുവിൽ അനുഭവപ്പെടുന്ന പോരായ്മകൾ വിലയിരുത്തി. വായനയുടെ വസന്തം വീണ്ടും വീടുകളിൽ എത്തിക്കാൻ വീടുകൾ തോറും പുസ്തകങ്ങൾ എത്തിക്കുന്ന പുതിയ പരിപാടി ലൈബ്രറിയുടെ നേതൃത്വത്തിൽ തുടങ്ങാൻ തീരുമാനിച്ചു. മധു, അജേഷ് ചന്ദ്രൻ, നിഖിൽ, ലൈബ്രേറിയൻ അശ്വതി എന്നിവർ പ്രസംഗിച്ചു.
ചവറ : കോയിവിള സെന്റ് ആന്റണിസ് ഹൈസ്കൂളിൽ അന്തരാഷ്ട്ര ലഹരി വിരുദ്ധ ദിനാചാരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ചവറ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ജോസ് വിമൽരാജ് നിർവഹിച്ചു.
പ്രഥമ അധ്യാപകൻ അജിത് ജോസ് അധ്യക്ഷത വഹിച്ചു. യുവജന പരിശീലകൻ അരുൺ കൃഷ്ണൻ ക്ലാസ് നയിച്ചു. തോംസൻ ഏലിയാസ്, ജോൺ വൈദ്യൻ, ഡയാന, വിമലദാസ്, സിസ്റ്റർ ഡോളി എന്നിവർ പ്രസംഗിച്ചു.
ചാത്തന്നൂർ:അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനചാരണ ഭാഗമായി കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം, കൊല്ലം ജില്ലാ സാമൂഹിക നീതി കാര്യാലയം, ചാത്തന്നൂർ ശ്രീനികേതൻ ലഹരി വിമോചന കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ ബോധവത്ക്കരണ റാലിയും സമ്മേളനവും നടത്തി. ശ്രീനികേതൻ ലഹരി വിമോചനേ ന്ദ്രത്തിൽ നടന്ന ലഹരിവിരുദ്ധ ദിനാചരണംചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു.
മുഖ്യ പ്രഭാഷണവും ലഹരി വിരുദ്ധ ബോധവൽക്കരണറാലിയുടെ ഫ്ലാഗ് ഓഫും ചാത്തന്നൂർ എസ് എച്ച് ഒ വിജയരാഘവൻ നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിനി അജയൻ, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ചെയർപേർസൺ ലൈല, മുൻ ബ്ലോക്ക് മെമ്പർ ഗിരികുമാർ, സൈക്യാട്രി ഡോക്ടർ സുജൻ റ്റി .രാജ്, സൈക്കോളജിസ്റ്റ് മെൽവിൽ എൽ, കോർഡിനേറ്റർ സദനകുമാരി, സുരേഷ്, കൃഷ്ണ കുമാരി, നഴ്സിംഗ് സൂപ്രണ്ട് ശാന്തമ്മ എന്നിവർ പ്രസംഗിച്ചു.
കുണ്ടറ : കാഞ്ഞിരകോട് സെന്റ് മാർഗ്രറ്റ്സ് എൽപി സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം നടത്തി. പ്രത്യേക അസംബ്ലി, ഫ്ലാഷ് മോബ്, പ്രദർശനം, ലഹരിവിരുദ്ധ പ്രതിജ്ഞ എന്നിവ നടന്നു.
കൊല്ലം എക്സൈസ് അസിസ്റ്റന്റ് സി ഐ നിർമൽ എം തമ്പി ഉദ്ഘാടനം ചെയ്തു. പ്രിവന്റീവ് ഓഫീസർ സജികുമാർ ബോധവൽക്കരണ ക്ലാസ് നയിച്ചു. എക്സൈസ് ഓഫീസർ നിജി, ഹെഡ്മിസ്ട്രസ് സുമം ടി റീന എന്നിവർ പ്രസംഗിച്ചു.
മീൻകുളം: ലൂർദ് മാതാ സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. ദിനാചരണം സ്കൂൾ മാനേജർ ഫാ. എബി ചങ്ങങ്കരി ഉദ്ഘാടനം ചെയ്തു. കുട്ടികൾ ലഹരി ഉപയോഗത്തിനെതിരെയുള്ള സന്ദേശങ്ങൾ അവതരിപ്പിച്ചു.ലഹരി വിരുദ്ധപ്രതിജ്ഞ ചൊല്ലുകയുണ്ടായി. സ്കൂൾ പ്രിൻസിപ്പാൾ ബീന എബ്രഹാം, വൈസ് പ്രിൻസിപ്പൽ ബിൻസി സാം എന്നിവർ പ്രസംഗിച്ചു.
അഞ്ചല്‍ : അലയമണ്‍ സര്‍ക്കാര്‍ ന്യു എല്‍പി സ്കൂളില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പ്രഥമാധ്യാപിക സീമ ബുഖാരി അധ്യക്ഷത വഹിച്ചു. അഞ്ചല്‍ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ മുരഹരി, കൗണ്‍സിലിംഗ് വിദഗ്ധന്‍ രാജു കുറ്റിക്കാട് എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.
അധ്യാപകരായ ഗീതാകുമാരി, ഇന്ദു, സുനില, വിജയലക്ഷ്മി, അശ്വതി, ശ്യാമള, മറിയം, അല്‍ഫിയ, ഹസീന, അഞ്ജു, എംപിടിഎ പ്രസിഡന്റ് ആര്യ, പിടിഎ അംഗം ദീപ സനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.