മാധ്യമപ്രവർത്തകനെ വധിച്ച കേസ്: ഗുർമീത് റാം റഹീം കുറ്റക്കാരനെന്ന് കോടതി
Friday, January 11, 2019 4:23 PM IST
ഛണ്ഡിഗഡ്: മാധ്യമപ്രവർത്തകൻ റാം ചന്ദർ ഛത്രപതിയെ വധിച്ച കേസിൽ ആൾദൈവം ഗുർമീത് റാം റഹീമും മറ്റ് മൂന്ന് പേരും കുറ്റക്കാരാണെന്ന് പഞ്ചകുല കോടതി വിധിച്ചു. ജനുവരി 17ന് പ്രതികൾക്കുള്ള ശിക്ഷ കോടതി പ്രഖ്യാപിക്കും.

കേസിലെ മറ്റ് മൂന്ന് പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കി. സുരക്ഷ പരിഗണിച്ച് ജയിലിൽ കഴിയുന്ന റാം റഹീമിനെ വീഡിയോ കോൺഫറൻസിംഗിലൂടെയാണ് കോടതി വിധി കേൾപ്പിച്ചത്. 2002-ലാണ് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം നടന്നത്.

കേസിൽ റാം റഹീം കുറ്റക്കാരനാണെന്ന കോടതി വിധിയുണ്ടായതിന് പിന്നാലെ ഹരിയാനയിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. റാം റഹീമിന്‍റെ ദേര സച്ച സൗദ എന്ന സംഘടനയിലെ അനുയായികൾ തെരുവിലിറങ്ങുമോ എന്ന ആശങ്കയിലാണ് സുരക്ഷ വർധിപ്പിച്ചത്. പഞ്ചകുലയിൽ ജില്ലാ ഭരണകൂടം നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്.

2017 ഓഗസ്റ്റ് 25ന് ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ റാം റഹീം 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട് റോഹ്തകിലെ സുനാരിയ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ്. ഇയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഹരിയാനയിൽ വൻ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. സംഘർഷങ്ങളിൽ നിരവധി പേർ മരിക്കുകയും വാഹനങ്ങൾ അഗ്നിക്കിരയാകുകയും ചെയ്തു.

അനുയായികളായ രണ്ടു സ്ത്രീകളെ പീഡിപ്പിച്ച കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് മാധ്യമപ്രവർത്തകനെ വധിച്ച കേസിലും വിധി വരാൻ പോകുന്നത്. 51 വയസുകാരനായ റാം റഹീമിനെതിരേ നിരവധി കേസുകൾ ഇപ്പോൾ നിലവിലുണ്ട്.

സിർസയിലെ ദേര സച്ച സൗദയുടെ ആസ്ഥാനത്ത് റാം റഹീം നിരവധി സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പൂര സച്ച് എന്ന പ്രസിദ്ധീകരണത്തിലെ മാധ്യമപ്രവർത്തകൻ റാം ചന്ദർ ഛത്രപതി കൊല്ലപ്പെടുന്നത്. 2003-ൽ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. 2006-ൽ കേസ് സിബിഐക്ക് കൈമാറിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.