തോമസ് ചാണ്ടി സുപ്രീംകോടതിയിൽ; ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യം
Friday, November 24, 2017 12:49 AM IST
ന്യൂഡൽഹി: കായൽ കൈയേറ്റ കേസിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി തോമസ് ചാണ്ടി സുപ്രീംകോടതിയിൽ ഹർജി നൽകി. സർക്കാരിനെതിരേ ഒരു മന്ത്രി തന്നെ കോടതിയെ സമീപിച്ചത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതുകൊണ്ടാണെന്നത് ഉൾപ്പടെ ഗുരുതരമായ പരാമർശങ്ങളായിരുന്ന ഹൈക്കോടതി വിധിയിൽ ഉൾപ്പെട്ടിരുന്നത്. ഈ പരാമർശങ്ങൾ നീക്കണമെന്നും കായൽ കൈയേറ്റം സംബന്ധിച്ച് ആലപ്പുഴ ജില്ലാ കളക്ടർ സമർപ്പിച്ച റിപ്പോർട്ട് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ചാണ്ടിയുടെ ഹർജി.

സുപ്രീംകോടതിയിൽ പോകരുതെന്ന നിയമോപദേശം മറികടന്നാണ് തോമസ് ചാണ്ടി ഹർജി നൽകിയിരിക്കുന്നത്. മേൽകോടതിയിൽ പോകുന്നത് തിരിച്ചടിയാകുമെന്ന് ചാണ്ടിക്ക് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു. ഇതു വകവയ്ക്കാതെയാണ് അദ്ദേഹം സുപ്രീംകോടതിയിൽ എത്തിയിരിക്കുന്നത്.

ഹൈക്കോടതിയുടെ രൂക്ഷമായ പരാമർശങ്ങളെ തുടർന്നാണ് ചാണ്ടിക്ക് മന്ത്രിസ്ഥാനം പോയത്. സർക്കാരിനെതിരേ മന്ത്രി തന്നെ ഹർജി നൽകുന്നത് എങ്ങനെയാണെന്നും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതിന്‍റെ തെളിവാണിതെന്നുമായിരുന്നു ഹൈക്കോടതിയുടെ പരാമർശം. മന്ത്രിസ്ഥാനം രാജിവച്ച് സാധാരണക്കാരനായി നിയമത്തെ നേരിടാനും കോടതി ഉത്തരവിട്ടു. ആദ്യഘട്ടത്തിൽ ഹർജി പിൻവലിക്കാൻ ഹൈക്കോടതി അവസരം നൽകിയെങ്കിലും ചാണ്ടി തയാറായില്ല. പിന്നീട് രൂക്ഷമായ വിമർശനങ്ങളോടെ ഹൈക്കോടതി ചാണ്ടിയുടെ ഹർജി തള്ളുകയായിരുന്നു. ഇതോടെ സർക്കാരിനെതിരേയുള്ള രൂക്ഷ വിമർശനങ്ങൾ വിധിയുടെ ഭാഗമാവുകയും ചെയ്തു. ഈ പരാമർശങ്ങൾ നീക്കണമെന്നാണ് സുപ്രീംകോടതിയിൽ ചാണ്ടി ആവശ്യപ്പെട്ടിരിക്കുന്നത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...