സോളാർ റിപ്പോർട്ടിന്‍റെ മറവിൽ കോണ്‍ഗ്രസിനെ തകർക്കാമെന്ന് കരുതേണ്ട: ചെന്നിത്തല
Thursday, October 12, 2017 3:02 AM IST
ന്യൂഡൽഹി: സോളാർ കേസ് അന്വേഷിച്ച ജുഡീഷൽ കമ്മീഷൻ റിപ്പോർട്ടിന്‍റെ മറവിൽ കോണ്‍ഗ്രസിനെ തകർക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് വ്യാമോഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡൽഹി വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്മീഷൻ റിപ്പോർട്ട് ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള നീക്കമാണ് പിണറായി വിജയൻ നടത്തുന്നത്. ഇതിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടും. 32 ക്രിമിനൽ കേസുകളിലെ പ്രതിയായ സരിത നായരുടെ വാക്ക് കേട്ട് കോണ്‍ഗ്രസ് നേതാക്കൾക്ക് എതിരെയെല്ലാം കേസെടുത്ത് ഭയപ്പെടുത്താമെന്ന് സർക്കാർ കരുതരുത്. കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ ആരോപണം ഉന്നയിക്കാൻ സിപിഎം പത്ത് കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്ന് സരിത നേരത്തെ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നുവെന്നും ഇതേക്കുറിച്ച് അന്വേഷണമോ പ്രതികരണങ്ങളോ ഉണ്ടായില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.

റിപ്പോർട്ട് നിയമസഭയിൽ വയ്ക്കുന്നതിന് മുൻപ് വിവരങ്ങൾ പത്രസമ്മേളനം വിളിച്ച് മുഖ്യമന്ത്രി പരസ്യപ്പെടുത്തിയത് ചട്ടലംഘനമാണ്. അല്ലെങ്കിൽ പ്രതിപക്ഷത്തിന് പകർപ്പ് നൽകിയ ശേഷം പുറത്തുവിടണമായിരുന്നു. വേങ്ങര ഉപതെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ എൽഡിഎഫ് നടത്തിയ രാഷ്ട്രീയ നീക്കമാണ് ഇതിന് പിന്നിലെന്നും ജനങ്ങൾക്ക് ഇക്കാര്യം മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമിത് ഷായുടെ മകനെതിരേ അഴിമതി ആരോപണം ഉയർന്നതിന് പിന്നാലെ സോളാർ കമ്മീഷൻ റിപ്പോർട്ടിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് പുറത്തുവിട്ടത് വഴി മുഖ്യമന്ത്രി ബിജെപിയെ സഹായിക്കുകയാണെന്ന കാര്യം വ്യക്തമായിരിക്കുകയാണ്. കോണ്‍ഗ്രസിനെ അപമാനിച്ച് ബിജെപിക്ക് പരവതാനി വിരിച്ച് കൊടുക്കാമെന്ന് മുഖ്യമന്ത്രി വ്യാമോഹിക്കേണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.