സിസ്റ്റർ മേരി ബെനീഞ്ഞ എന്ന മേരി ജോൺ തോട്ടത്തിന്റെ ലോകമേ യാത്ര ദീപികയിലൂടെ പ്രകാശിതമായിട്ട് 95 വർഷങ്ങൾ. ലോകമേ യാത്ര എന്ന കവിത പഞ്ചചാമരം എന്ന വൃത്തത്തിലാണ് എഴുതിയിട്ടുള്ളത്. ജരം ജരം ജഗം നിരന്നു പഞ്ചചാമരംവരും എന്ന് ലക്ഷണം. പഞ്ചചാമരം പഠിപ്പിക്കുന്ന പണ്ടത്തെ അധ്യാപകർ വൃത്തത്തിന് ഉദാഹരണമായി നൽകുന്ന ഭാഗം ഇതായിരുന്നു.
"സമർഥനായ സീസറും
പ്രസിദ്ധനായ ഹോമറും
സമത്വമറ്റ സോളമൻ
തുടങ്ങിയുള്ള വിജ്ഞരും
അമർന്നുപോയി കാലചക്ര
വിഭ്രമത്തിലെങ്കിലി
നമുക്കു പിന്നെയെന്തു
ശങ്ക? മാറ്റമൊന്നുമില്ലിതിൽ
ഈ ഉദാഹരണത്തിന് ഒരു മെച്ചം കൂടിയുണ്ട് ഗണം തിരിയുമ്പോൾ ജീവിതത്തിന്റെ ഗണംകൂടി ഇവിടെ തിരിഞ്ഞുവരും. വൃത്തത്തോടൊപ്പം ജീവിതവൃത്തവും ഇവിടെനിന്നു ഹൃദിസ്ഥമാകും. സിസ്റ്റർ മേരി ബെനീഞ്ഞയുടെ ലോകമേ യാത്ര എന്ന കവിത മലയാള കവിതാ സാഹിത്യത്തിലെ ഒരു ഒറ്റക്കൽ ശില്പമായിരുന്നു.
ഈ ശില്പഭംഗി നുകരാതെ കടന്നുപോയവർ പഴയ തലമുറയിൽ കുറവായിരുന്നു. കവിതയും സന്യാസവും ഭിന്നസംഖ്യകളല്ലെന്ന് തെളിയിക്കുകയായിരുന്നു ബെനീഞ്ഞാ കവിതകൾ. ആവൃതിയും ആവിഷ്കാരവും വിവാദങ്ങളായി പുകയുന്ന ഇക്കാലത്തുനിന്നു നോക്കുമ്പോൾ എത്ര അനായാസവും തരളവുമായാണ് മേരി ബെനീഞ്ഞ സന്യാസത്തെയും സർഗാത്മകതയെയും കൂട്ടിയിണക്കിയതെന്ന് വിസ്മയത്തോടുകൂടിയെ നമുക്കു കാണാനാകൂ.
കവയിത്രിയായ കന്യാസ്ത്രീ
കവിത്രയത്തിന്റെ പിൻനിലാവ് തോർന്നു തുടങ്ങിയിരുന്നില്ല. മലയാളം കവികളുടെ എണ്ണത്തിൽ അതിസമ്പന്നമായിരുന്നു. ജി. ശങ്കരക്കുറുപ്പ് ആകാശവും വൈലോപ്പിള്ളി ജീവിതക്കടലും കുഞ്ഞിരാമൻ നായർ മേഘരൂപനുമായി നിറഞ്ഞാടിയ കാലം.
ഇരുട്ടുവീണ മധ്യകാലത്തുനിന്ന് ആധുനികതയിലേക്കു പാലമിട്ട ഇടശേരി, മാതൃത്വം ശീലുകളാക്കിയ ബാലാമണിയമ്മ, പാലാ നാരായണൻ നായർ, കുറ്റിപ്പുറം... ഇവർക്കെല്ലാം മുകളിൽ ചങ്ങമ്പുഴ എന്ന വിഷാദക്കൊടുങ്കാറ്റ്. അത്തരമൊരു കാലത്താണ് മേരി ബെനീഞ്ഞ കവിതയിൽ പ്രവേശിക്കുകയും പ്രകാശഗോപുരങ്ങളുയർത്തുകയും ചെയ്തത്.
ക്രൈസ്തവ ഭാവുകത്വമായിരുന്നു ഈ കവയിത്രിയുടെ കൊടിയടയാളം. ബൈബിളും ബൈബിൾ പശ്ചാത്തലവും കവിതയിൽ സമൃദ്ധമായി വാരിവിതറി. ഈ വഴി സുഗമമായിരുന്നില്ല. എം.പി. ശങ്കുണ്ണിനായർ പറയുന്നതുപോലെ, കവിത ഒരു സവർണ സദ്യയായിരുന്ന കാലത്ത് ക്രിസ്ത്യാനിക്ക്, അതും ഒരു കന്യാസ്ത്രീക്കു കവിതയിൽ കളംപിടിക്കുക എളുപ്പമായിരുന്നില്ല.
ഇതിന് ഉദാഹരണമായിരുന്നു കട്ടക്കയം ചെറിയാൻ മാപ്പിള. ശ്രീയേശുവിജയം എഴുതിയ കട്ടക്കയത്തെ ക്രൈസ്തവ കാളിദാസൻ പട്ടം ചാർത്തി കവിതയിൽനിന്നു നാടുകടത്താൻ ഒരു ശ്രമമുണ്ടായി. ഇന്നത്തെ ഒരു സൈബർ ആക്രമണത്തിനു സമാനമായ ആക്രമണമാണ് കട്ടക്കയം നേരിട്ടത്. അതിന്റെ പാരമ്യമായിരുന്നു ഭാഷാപോഷിണിയിൽ വന്ന കുപ്രസിദ്ധമായ സമസ്യാപൂരണം.
കട്ടക്കയവും സമുദായവും ഒരേപോലെ അപഹസിക്കപ്പെട്ട ആ സമസ്യാപൂരണം എങ്ങനെ പെട്ടെന്ന് പ്രശസ്തമായി എന്നത് ഒരു ഗവേഷണ വിഷയമായി എടുക്കാവുന്നതാണ്. ഇക്കാലത്തെ ട്രോളുകളെപ്പോലെ കേവല വിനോദം സൃഷ്ടിച്ചു മാഞ്ഞുപോകുമായിരുന്ന ഒരു നാലുവരി കേരളത്തിന്റെ സാംസ്കാരികാവബോധത്തിൽ ഏറെ നാൾ സൂക്ഷിക്കപ്പെട്ടതിന്റെ കാരണം എന്തായിരിക്കും?
ഏതായാലും ഇതുപോലെ ക്രിസ്ത്യാനിക്കു സാഹിത്യം പറഞ്ഞിട്ടില്ലെന്നു വിധിക്കപ്പെട്ട ഒരു കാലത്താണ് മേരി ബെനീഞ്ഞ എഴുതിത്തുടങ്ങുന്നത്. പല ക്രൈസ്തവ സാഹിത്യകാരന്മാരെയും പോലെ ഏതെങ്കിലും ക്രൈസ്തവ പ്രസദ്ധീകരണങ്ങളിൽ ഒളിജീവിതം നയിച്ച് ഒടുങ്ങാൻ സിസ്റ്റർ മേരി ബനീഞ്ഞ തയാറല്ലായിരുന്നു. പൊതുസമൂഹത്തെയാണ് ഓരോ കവിതയും ലക്ഷ്യംവച്ചത്. അതിൽ അവർ വിജയിക്കുകയും ചെയ്തു.
ആശ്രമ വൃക്ഷത്തിലെ കുയിൽ
"ആ കുയിലിനെ കൂട്ടിലടച്ചു'... മലയാളത്തിൽ കവിതകളെഴുതിയിരുന്ന മേരി ജോൺ തോട്ടം സന്യാസം സ്വീകരിച്ചു സിസ്റ്റർ മേരി ബെനീഞ്ഞ ആയപ്പോൾ ആരോ പറഞ്ഞു. പക്ഷേ, ആശ്രമം കവിക്ക് ആരാമമായിരുന്നു. ആശ്രമജീവിതം അവർ അപൂർവരാഗമാക്കി.
ആദ്യന്തം ദൈവത്തോടുള്ള തീവ്രമായ അനുരാഗമായിരുന്നു ആ ജീവിതത്തിന്റെ കരുത്ത്. കവിതയ്ക്കും കവിക്കും നിറയെ ആരാധകരുണ്ടായിരുന്ന അക്കാലത്ത് മലയാളം അറിയുന്ന കവി ആശ്രമത്തിലെ വിനീതയായ അന്തേവാസിയായി കഴിഞ്ഞുകൂടി.
കവിതയുടെ പേരിൽ മേലധികാരികളോടു കലഹിച്ചില്ല. "ലോകമേ യാത്ര' എന്ന കവിതയിൽ തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടതിനെയെല്ലാം ഉപേക്ഷിക്കുന്നത് അവർ ചിത്രീകരിക്കുന്നുണ്ട്. സന്യാസാർഥിനിയുടെ ഭാണ്ഡത്തിൽ ശേഷിക്കുന്നത് ഒരു പേന മാത്രം. ആശ്രമത്തിലെ ചിട്ടകൾക്കനുസരിച്ചു ജീവിക്കാമെങ്കിൽ മാത്രം കൂടെ വരാൻ അനുവദിക്കാമെന്നാണ് തൂലികയോടു പറയുന്നത്.
ഓർക്കുക തന്റെ ആദ്യത്തെ കവിതാസമാഹാരത്തിന് 1927ൽ മഹാകവി ഉള്ളൂരിന്റെ അവതാരിക ചേർക്കാൻ ഭാഗ്യംലഭിച്ച മലയാളമറിയുന്ന കവയിത്രി തന്റെ പ്രശസ്തിയും വിലപ്പെട്ട സർഗാത്മകതയും സന്യാസത്തിനു വേണ്ടി ത്യജിക്കാൻ തയാറാകുന്നു. ത്യാഗവും തിളക്കവുമുള്ള സന്യാസമായിരുന്നു ആ കവിതയുടെ കരുത്ത്. അതുകൊണ്ട് ബെനീഞ്ഞ കവിതകളിൽ സന്ദേഹങ്ങളില്ല. ഉറപ്പുകൾ മാത്രം.
ഇനിയും ഒരു ജന്മമുണ്ടെങ്കിൽ ഒരു സന്യാസിയായി ഞാൻ ജനിക്കും എന്ന് എഴുതുന്ന മേരി ബെനീഞ്ഞ സന്യാസത്തിന്റെ മധുരോദാരഭാവമാണ് ആവിഷ്കരിക്കുന്നത്. വയലാറിന്റെ ചന്ദ്രകളഭം എന്ന ഗാനം ഓർക്കാം.
സ്വാതന്ത്ര്യസ്വർഗം
തഴുതിട്ട വാതിലായിരുന്നില്ല ആ സന്യാസം. ജാലകപ്പഴുതിലൂടെ ബെനീഞ്ഞ ലോകത്തെ നോക്കിക്കാണുന്നുണ്ട്. മമതകളില്ലാതെ ലോകത്തെ വീക്ഷിക്കുകയും തുറന്ന പുസ്തകം പോലെ അതിനെ വായിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. തന്റെ കാലത്തിന്റെ അത്മസംഘഷങ്ങളിൽനിന്ന് അവർ പുറംതിരിഞ്ഞു നിൽക്കുന്നില്ല.
ക്വിറ്റ് ഇന്ത്യയുടെയും നിസഹകരണത്തിന്റെയും മുഴക്കങ്ങൾ ആ കവിതയിൽ കേൾക്കാം. അകം മാത്രമാണ് പെണ്ണിന്റെ ലോകമെന്ന ബോധത്തെ ബെനീഞ്ഞ കവിതകൾ ഞെരിച്ചൊടിച്ചു കളയുന്നുണ്ട്. ഗാന്ധിജയന്തി മഹാകാവ്യം എഴുതിയ കവയിത്രി ഗാന്ധിയൻ ആദർശത്തെ പുതിയ പ്രതീക്ഷയായി അവതരിപ്പിക്കുന്നു. ഗാന്ധിസൂക്തങ്ങൾ കവിതാരൂപത്തിൽ അവതരിപ്പിക്കുമ്പോൾ ഗാന്ധിയെ ഒരു ആദർശമാക്കി അവതരിപ്പിക്കുന്നു. ഗാന്ധിയെ ഒരു വിഗ്രഹമാക്കുന്ന വള്ളത്തോളിന്റെ സമീപനങ്ങളിൽനിന്നു വ്യത്യസ്തമാണ് ഈ ഗാന്ധിമാർഗം.
ആത്മാവിന്റെ സ്നേഹഗീത
ടാഗോർ കവിതകൾ മലയാളകവിതയെ ബാധിച്ച കാലം കൂടിയായിരുന്നു അത്. ചങ്ങമ്പുഴയുടെ നിരർഥകതയ്ക്കു കവിത കൊടുത്ത മറുപടിയായിരുന്നു മിസ്റ്റിസിസം. ഉപനിഷത് ദർശനങ്ങളിൽ കടഞ്ഞെടുത്ത മിസ്റ്റിക് ഭാവനയായിരുന്നു ജി. ശങ്കരക്കുറുപ്പിന്റേതെങ്കിൽ, മിസ്റ്റിസിസത്തിന് ഒരു ക്രൈസ്തവ ഭാഷ്യം നിർമിക്കുകയായിരുന്നു മേരി ബെനീഞ്ഞ.
നേർത്ത കാറ്റിനെയും പൂവിനെയും മലർവാടികളെയും അവർ ദൈവത്തിന്റെ കൈയക്ഷരങ്ങളായി കണ്ടു. ദൈവമനുഷ്യസങ്കല്പങ്ങളിൽ തീരുന്നതല്ലായിരുന്നു മേരി ബെനീഞ്ഞയുടെ ആത്മീയത. ആത്മാവും പ്രകൃതിയും ഇഴയിട്ടു നെയ്തെടുത്ത ദൈവസങ്കല്പമായിരുന്നു അത്.
മലയാളത്തിലെ ലക്ഷണമൊത്തെ മിസ്റ്റിക് കവിതയായിരുന്നു ആത്മാവിന്റെ സ്നേഹഗീത, സോളമന്റെ ഉത്തമഗീതംപോലെ പ്രണയമെന്ന രൂപകത്തിലൂടെ പരമാത്മാവിൽ ചേരാനുള്ള ജീവാത്മാവിന്റെ ദാഹത്തെ കവി കോറിയിടുന്നു.
ലക്ഷണമൊത്ത മിസ്റ്റിക് കാവ്യമെന്ന നിലയിൽ ഈ കവിതയെ വീണ്ടെടുക്കേണ്ടതുണ്ട്. മിസ്റ്റിക് ജീവിതത്തിൽനിന്നു മാത്രമേ മിസ്റ്റിക് കവിത വരൂ. ടാഗോറിന് ഉണ്ടായിരുന്നതും ശങ്കരക്കുറുപ്പിന് ഇല്ലാതെ പോയതും അതായിരുന്നു.
മേരി ബെനീഞ്ഞ ജീവിതംകൊണ്ട് മിസ്റ്റിക്കായിരുന്നു. പൂക്കളെ തഴുകുന്ന കാറ്റിലും ജലമർമരങ്ങളിലും അവർ ഈശ്വരനെ തെരയുന്നുണ്ട്. മേരി ബെനീഞ്ഞയുടെ ഏറ്റവും മികച്ച രചനയാണ് ആത്മാവിന്റെ സ്നേഹഗീത.
നിരൂപകനും അധ്യാപകനുമായ ഡോ. കുര്യാസ് കുമ്പളക്കുഴി മേരി ബെനീഞ്ഞയുടെ കൃതികൾ സമ്പൂർണമായി എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ മാത്രം ബെനീഞ്ഞാ കവിതകളിൽ മൂന്നു പിഎച്ച്ഡി ഗവേഷണങ്ങളും നടന്നുകഴിഞ്ഞു.
ഡോ. ബിൻസ് എം. മാത്യു