ഗിൽബർട്ട് സ്റ്റുവർട്ട് എന്ന ചിത്രകാരൻ വരച്ചതും 1944 മുതൽ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖരത്തിലുള്ളതുമാണ് ഈ പെയിന്റിംഗ്. വിറ്റുകിട്ടുന്ന പണം മ്യൂസിയത്തിന്റെ നടത്തിപ്പിനും നവീകരണത്തിനുമായി ഉപയോഗിക്കും.
അമേരിക്കൻ ഐക്യനാടുകളുടെ ആദ്യ പ്രസിഡന്റ് ആയിരുന്ന ജോർജ് വാഷിംഗ്ടണിന്റെ ഛായാചിത്രം വില്പനയ്ക്ക്. അടുത്ത മാസം നടക്കുന്ന ലേലത്തിൽ വാഷിംഗ്ടണിന്റെ അപൂർവ ഛായാചിത്രം 2.5 (21 കോടിയോളം രൂപ) മില്യൺ ഡോളറിനു വിറ്റഴിഞ്ഞേക്കുമെന്നാണു പ്രതീക്ഷ. ജനുവരി 18, 19നു നടക്കുന്ന ക്രിസ്റ്റീസ് ഇംപോർട്ടന്റ് അമേരിക്കാന സെയിലിൽ ചിത്രം വില്പനയ്ക്കു വയ്ക്കും.
ഗിൽബർട്ട് സ്റ്റുവർട്ട് എന്ന ചിത്രകാരൻ വരച്ചതും 1944 മുതൽ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖരത്തിലുള്ളതുമാണ് ഈ പെയിന്റിംഗ്. വിറ്റുകിട്ടുന്ന പണം മ്യൂസിയത്തിന്റെ നടത്തിപ്പിനും നവീകരണത്തിനുമായി ഉപയോഗിക്കും.
ജോർജ് വാഷിംഗ്ടൺ കടും ചുവപ്പ് നിറത്തിലുള്ള പശ്ചാത്തലത്തിനു മുന്നിൽ ഇരിക്കുന്നതാണ് ചിത്രം. വെളുത്ത ഷർട്ടിനു മുകളിൽ കറുത്ത കോട്ട് ധരിച്ചിരിക്കുന്നു. മനോഹരമായ നീലക്കണ്ണുകൾ കാഴ്ചക്കാരനെ നോക്കുന്നതു പോലെ തോന്നും. 1795 അവസാനത്തോടെയാണ് സ്റ്റുവർട്ട് പ്രസിഡന്റിന്റെ ചിത്രം വരയ്ക്കുന്നത്. "വോൺ’ സീരീസ് എന്ന പേരിൽ അറിയപ്പെടുന്ന നിരവധി വാഷിംഗ്ടൺ പെയിന്റിംഗുകൾ സ്റ്റുവർട്ട് വരച്ചിട്ടുണ്ട്.
"വോൺ’ പരമ്പരയിലെ 14 സൃഷ്ടികൾ മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ. നാലെണ്ണം സ്വകാര്യ വ്യക്തികളുടെ കൈകളിലാണ്. മറ്റുള്ളവ നാഷണൽ ഗാലറി ഓഫ് ആർട്ട്, ഹാർവാർഡ് യൂണിവേഴ്സിറ്റി എന്നിവയുൾപ്പെടെ വിവിധ മ്യൂസിയങ്ങളുടെയും യൂണിവേഴ്സിറ്റി ശേഖരങ്ങളുടെയും ഭാഗമാണ്.
1795ലെ ശരത്കാലത്താണ് വാഷിംഗ്ടൺ "വോൺ’ സീരീസിനായി ഇരുന്നത്. 1796ന്റെ തുടക്കത്തിൽ, സ്റ്റുവർട്ടിനുവേണ്ടി അമേരിക്കയുടെ പ്രഥമപൗരൻ രണ്ടാമതും ചിത്രങ്ങൾക്കായി ഇരുന്നു. ഈ സീരീസ് "അഥേനിയം’ പോർട്രെയ്റ്റുകൾ എന്നറിയപ്പെടുന്നു. "അഥേനിയം’ സീരീസിലെ ചിത്രങ്ങൾ ഭൂരിഭാഗവും സംരക്ഷിച്ചു നിലനിർത്തിയിട്ടുണ്ട്.
ഇപ്പോൾ ലേലത്തിനു വയ്ക്കുന്ന ചിത്രം നിരവധി ആളുകളിലൂടെ കൈമാറിയാണ് മ്യൂസിയത്തിലെത്തിയത്. ലേലത്തിൽ പ്രഥമ പ്രസിഡന്റിന്റെ മറ്റു പ്രമുഖ ചിത്രങ്ങളും വില്പനയ്ക്കു വയ്ക്കുന്നുണ്ട്. വിഖ്യാത ചിത്രകാരൻ റെംബ്രാൻഡ് 1852ൽ വരച്ച ഒരു ചിത്രവും 1835-45 കാലഘട്ടത്തിൽ എഡ്വേർഡ് ഹിക്സ് വരച്ച ചിത്രങ്ങളും ലേലത്തിനുണ്ട്. അതോടൊപ്പം ഫർണിച്ചറുകൾ ഉൾപ്പെടെ മറ്റു വസ്തുക്കളും ലേലത്തിനെത്തും.
പി.ടി. ബിനു