തോമസ് ചാണ്ടി കേസ്: ജസ്റ്റീസ് കുര്യൻ ജോസഫും പിന്മാറി
Friday, January 19, 2018 1:16 PM IST
ന്യൂഡൽഹി: കായൽ കൈയേറ്റ കേസിൽ മുൻ മന്ത്രി തോമസ് ചാണ്ടി നൽകിയ ഹർജി പരിഗണിക്കുന്നതിൽനിന്നു ജഡ്ജി പിന്മാറി. ജസ്റ്റീസ് കുര്യൻ ജോസഫാണ് പിന്മാറിയത്. ഇതു മൂന്നാം തവണയാണ് കേസ് പരിഗണിക്കുന്നതിൽനിന്നു ജഡ്ജി പിന്മാറുന്നത്. നേരത്തെ കേസ് പരിഗണിക്കുന്നതിൽ നിന്നു ജസ്റ്റീസുമാരായ എ.എന്‍. കാന്‍വില്‍ക്കറും എ.എം. സപ്രേയും പിന്മാറിയിരുന്നു.

ആർ.കെ. അഗർവാൾ, എ.എം.സപ്രേ എന്നിവരുടെ ബെഞ്ചാണ് ഹർജി ആദ്യം പരിഗണിച്ചത്. എന്നാൽ അഗർവാൾ, സപ്രേ എന്നിവരുടെ ബെഞ്ചിൽനിന്നു കേസ് മാറ്റണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടിയുടെ അഭിഭാഷകൻ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ഇതേതുടർന്നു ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ ബെഞ്ചിൽ കേസ് പരിഗണനയ്ക്ക് വന്നപ്പോൾ ഈ കേസ് കേൾക്കാനാവില്ലെന്നും നേരത്തെ ഏത് ബെഞ്ചാണോ പരിഗണിച്ചത് അവിടെ തന്നെ തുടർന്നും പരിഗണിക്കണമെന്നും നിർദേശിച്ചിരുന്നു. ഇതേതുടർന്നു ബെഞ്ച് മാറ്റം വേണമെന്ന ആവശ്യം മുൻ ഗതാഗതമന്ത്രി തോമസ് ചാണ്ടി പിൻവലിച്ചിരുന്നു.

ചീഫ് ജസ്റ്റീസിന്‍റെ നിർദേശത്തെ തുടർന്നു സപ്രേയുടെ ബെഞ്ചിൽ കേസ് വീണ്ടും പരിഗണനയ്ക്കു വന്നപ്പോഴാണ് അദ്ദേഹം പിന്മാറിയത്. ഇതോടെയാണ് ചാണ്ടിയുടെ ഹർജി കുര്യൻ ജോസഫിന്‍റെ ബെഞ്ച് പരിഗണിച്ചത്.

കായൽ കൈയേറ്റ കേസിൽ കേരള ഹൈക്കോടതിയുടെ പരാമർശങ്ങളും കളക്ടറുടെ റിപ്പോർട്ടിലെ തുടർനടപടികളും സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് തോമസ് ചാണ്ടി ഹർജി നൽകിയിരിക്കുന്നത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...