കോഹ്ലി ഫിഫ്റ്റിയില്‍ ഉറപ്പാണു ജയം...
Saturday, April 26, 2025 1:42 AM IST
ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ 18-ാം സീസണ് അതിന്റെ രണ്ടാം പകുതിയിലൂടെ മുന്നേറുന്നു. കഴിഞ്ഞ 17 സീസണിലും കിരീടം ലഭിക്കാത്ത ഒരു സൂപ്പര്‍ താരമുണ്ട്, വിരാട് കോഹ്ലി. ഐപിഎല്‍ ചരിത്രത്തില്‍ ഇതുവരെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനുവേണ്ടി മാത്രം കളിച്ച, കിരീടം ലഭിക്കാത്ത രാജാവ്...
2025 സീസണില്‍ കോഹ്ലി ഐപിഎല്‍ ട്രോഫിയില്‍ ചുംബിക്കുമോ എന്നതാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഒമ്പതു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആറു ജയം സ്വന്തമാക്കി പ്ലേ ഓഫ് ലക്ഷ്യംവച്ചുള്ള കുതിപ്പിലാണ് റോയല്‍ ചലഞ്ചേഴ്സ്.
2025 സീസണില്‍ വിരാട് കോഹ്ലി ഒമ്പതു മത്സരങ്ങളില്‍ നേടിയത് അഞ്ച് അര്‍ധസെഞ്ചുറി. ആ അഞ്ച് ഫിഫ്റ്റിയില്‍ ഒരെണ്ണംപോലും പാഴായില്ല, ആര്‍സിബി ജയിച്ചു. കോഹ്ലി അര്‍ധസെഞ്ചുറി നേടാത്ത ഒരു മത്സരത്തില്‍ മാത്രമാണ് ഇതുവരെ ആര്‍സിബി ജയം സ്വന്തമാക്കിയത്. ചെന്നൈ സൂപ്പര്‍ കിംഗ്സിന് എതിരേ മാര്‍ച്ച് 28നു നടന്ന മത്സരം. അന്ന് ആര്‍സിബി 50 റണ്‍സ് ജയം നേടി, കോഹ്ലിയുടെ ബാറ്റില്‍നിന്നു പിറന്നത് 30 പന്തില്‍ 31 റണ്‍സ്...
272 പന്തില്‍ 392 റണ്‍സ്
ഒമ്പത് ഇന്നിംഗ്സില്‍ കോഹ്ലി ഇതുവരെ കളിച്ചു. ആകെ നേരിട്ടത് 272 പന്ത്. അഞ്ച് അര്‍ധസെഞ്ചുറി അടക്കം 392 റണ്‍സ് സ്വന്തമാക്കി. 35 ഫോറും 13 സിക്സും സൂപ്പര്‍ താരത്തിന്റെ ബാറ്റില്‍നിന്നു പിറന്നു. ശരാശരി 65.33. സ്ട്രൈക്ക് റേറ്റ് 144.11ഉം. മൂന്ന് ഇന്നിംഗ്സില്‍ പുറത്താകാതെ നിന്നു. പഞ്ചാബ് കിംഗ്സിന് എതിരേ ഈ മാസം 20നു നേടിയ 73 നോട്ടൗട്ടാണ് ഇതുവരെയുള്ള ഉയര്‍ന്ന സ്കോര്‍.
സിക്സും ഫോറും കഥപറയുന്ന ഐപിഎല്ലില്‍, ഈ സീസണില്‍ ഏറ്റവും കൂടുതല്‍ സിംഗിള്‍ നേടിയ ബാറ്ററും വിരാട് കോഹ്ലിയാണ്. ഒമ്പത് ഇന്നിംഗ്സ് പൂര്‍ത്തിയായപ്പോള്‍ 132 സിംഗിള്‍സാണ് കോഹ്ലി 2025 ഐപിഎല്ലില്‍ നേടിയത്.
വിജയ റണ്‍സില്‍ 1
2025 സീസണ് ഐപിഎല്ലില്‍ വ്യാഴാഴ്ച രാജസ്ഥാന് റോയല്‍സിന് എതിരായ രണ്ടാം മത്സരം പൂര്‍ത്തിയായപ്പോള്‍ വിരാട് കോഹ്ലി മറ്റൊരു നേട്ടത്തിലെത്തി. ഈ സീസണില്‍ ഇതുവരെ ടീം ജയിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരന് എന്ന നേട്ടം. കോഹ്ലി ഒമ്പത് ഇന്നിംഗ്സില്നിന്നു സ്വന്തമാക്കിയ 392 റണ്‍സില്‍ 362ഉം ടീമിന്റെ ജയത്തിന്റെ ഭാഗമായിരുന്നു. ടീം ജയിച്ച ആറു മത്സരങ്ങളിലെ ഇന്നിംഗ്സില്‍നിന്നാണ് ഈ 362 റണ്‍സ്. കോഹ്ലി നേടിയ അഞ്ച് അര്‍ധസെഞ്ചുറിയും ടീമിന്റെ ജയത്തിനു വളമായി. കോഹ്ലി ഫിഫ്റ്റി അടിച്ചാല്‍ ആര്‍സിബി ജയിക്കുമെന്നതാണ് ഇതുവരെ കണ്ടതെന്നു ചുരുക്കം...
ടീം ജയിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതില്‍ കോഹ്ലിക്കു പിന്നില്‍ രണ്ടാമതുള്ളത് ഗുജറാത്ത് ടൈറ്റന്‍സിന്റെ സായ് സുദര്‍ശനാണ്, ആറ് ഇന്നിംഗ്സില്‍ 287 റണ്‍സ്. ഗുജറാത്ത് ടൈറ്റന്‍സിന്റെ ജോസ് ബട്ലര് (ആറ് ഇന്നിംഗ്സില്‍ 286 റണ്‍സ്), ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ കെ.എല്‍. രാഹുല്‍ (നാല് ഇന്നിംഗ്സില്‍ 242 റണ്‍സ്) എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
ജയത്തില്‍ 8000 റണ്‍സ്
ട്വന്റി-20 ക്രിക്കറ്റില്‍ ടീമിന്റെ ജയത്തില്‍ 8000 റണ്‍സ് ക്ലബ്ബില്‍ എത്തുന്ന അഞ്ചാമനുമാണ് കോഹ്ലി. രോഹിത് ശര്‍മയ്ക്കുശേഷം (257 ഇന്നിംഗ്സില്‍ 8056 റണ്‍സ്) ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരവും. ട്വന്റി-20 കരിയറില്‍ ടീം ജയിച്ചപ്പോള്‍ 208 ഇന്നിംഗ്സില്‍നിന്ന് 8028 റണ്‍സ് കോഹ്ലി ഇതുവരെ സ്വന്തമാക്കി.
ക്രിസ് ഗെയ്ല് (220 ഇന്നിംഗ്സില്‍ 8975 റണ്‍സ്), അലക്സ് ഹെയ്ല്‍സ് (272 ഇന്നിംഗ്സില്‍ 8879), ഷൊയ്ബ് മാലിക്ക് (302 ഇന്നിംഗ്സില്‍ 8291) എന്നിവരാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ താരങ്ങള്‍.