ഹെയ്തിയിൽ അക്രമികൾ കോൺവന്റ് അഗ്നിക്കിരയാക്കി
Friday, November 8, 2024 1:27 AM IST
പോർട്ട് ഒ പ്രിൻസ്: കരീബിയൻ രാജ്യമായ ഹെയ്തിയിൽ ആഭ്യന്തര കലാപം തുടരുന്നതിനിടെ തലസ്ഥാനനഗരമായ പോർട്ട് ഒ പ്രിൻസിൽ കോൺവന്റിനുനേരേ ആക്രമണം.
നഗരത്തിലെ ബാസ് ദെൽമാസ് കോന്പൗണ്ടിലുള്ള മിഷനറീസ് ഓഫ് ചാരിറ്റി കോൺവന്റിനുനേരെയാണ് കഴിഞ്ഞ 26ന് രാത്രിയിൽ ആക്രമണമുണ്ടായത്. കോൺവന്റ് കൊള്ളയടിച്ച സായുധസംഘം അഗ്നിക്കിരയാക്കുകയും ചെയ്തു.
ഗുണ്ടാസംഘങ്ങളുടെ ശല്യത്തെത്തുടർന്ന് പോലീസിന്റെ നിർദേശപ്രകാരം ഒരുമാസം മുന്പ് സന്യാസിനികൾ ഈ കോൺവന്റ് ഒഴിയുകയും മറ്റൊരിടത്തേക്ക് പ്രവർത്തനം മാറ്റുകയും ചെയ്തിരുന്നു.
1979ൽ വിശുദ്ധ മദർ തെരേസ പോർട്ട് ഒ പ്രിൻസ് നഗരം സന്ദർശിച്ചവേളയിലാണ് ഈ കോൺവന്റ് ആരംഭിച്ചത്.
ഹെയ്തിയിലെ ഏറ്റവും കുപ്രസിദ്ധനായ ഗുണ്ടാ നേതാക്കളിലൊരാളായ "ബാർബിക്യു'എന്നറിയപ്പെടുന്ന മുൻ പോലീസ് ഓഫീസർ ജിമ്മി ചെറിസിയറുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് കോൺവന്റിനുനേരേ ആക്രമണം നടത്തിയതെന്ന് റിപ്പോർട്ടുണ്ട്.
2021 ജൂലൈയിൽ പ്രസിഡന്റ് ജോവനൽ മോയ്സ് ഒരുസംഘം കലാപകാരികളാൽ വധിക്കപ്പെട്ടതോടെയാണു രാജ്യത്ത് ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെട്ടത്.