കുർസ്കിൽ 8000 ഉത്തരകൊറിയൻ ഭടന്മാർ
Friday, November 1, 2024 11:47 PM IST
വാഷിംഗ്ടൺ ഡിസി: റഷ്യയിലെത്തിയ ഉത്തരകൊറിയൻ സൈനികരിൽ 8,000 പേർ യുക്രെയ്ൻ അതിർത്തിയോടു ചേർന്ന കുർസ്ക് പ്രദേശത്തു വിന്യസിക്കപ്പെട്ടതായി അമേരിക്ക. യുക്രെയ്ൻ സൈനികർ പിടിച്ചെടുത്ത കുർസ്ക് പ്രദേശത്തെ മോചിപ്പിക്കാൻ ഉത്തരകൊറിയൻ സൈനികരെ റഷ്യ ഉപയോഗിച്ചേക്കാം.
10,000 മുതൽ 12,000 വരെ ഉത്തരകൊറിയൻ സൈനികർ റഷ്യയെ സഹായിക്കാൻ എത്തിയിട്ടുണ്ടെന്നാണ് പാശ്ചാത്യ ശക്തികളുടെ അനുമാനം. കുർസ്കിൽ വിന്യസിക്കപ്പെട്ട ഉത്തരകൊറിയൻ ഭടന്മാർ ഇതുവരെ ആക്രമണങ്ങളിൽ പങ്കു ചേർന്നിട്ടില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു.
റഷ്യയും ഉത്തരകൊറിയയും തമ്മിലുള്ള സൈനിക സഹകരണം കടുത്ത സുരക്ഷാപ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് പാശ്ചാത്യ ശക്തികളുടെ അനുമാനം.
യുഎൻ രക്ഷാസമിതിയുടെ കടുത്ത ഉപരോധങ്ങൾ നേരിടുന്ന രാജ്യമാണ് ഉത്തരകൊറിയ; റഷ്യയാകട്ടെ രക്ഷാസമിതിയിലെ സ്ഥിരാംഗവും. റഷ്യയുടെ നീക്കളിൽ പലതും രക്ഷാസമിതി പ്രമേയങ്ങളുടെ ലംഘനമാണ്.