ഏഴു പതിറ്റാണ്ടു നീണ്ട സമരഗാഥ
Thursday, November 7, 2024 2:02 AM IST
എഴുപത്തെട്ടാം വയസിൽ സിവിൽ, ക്രിമിനൽ കേസുകളും ആരോപണങ്ങളും നേരിട്ടുകൊണ്ടാണ് ഡോണൾഡ് ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റിന്റെ കസേരയിലേക്കു ജയിച്ചുകയറിയിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ തോറ്റ് അധികാരമൊഴിയേണ്ടിവന്ന പ്രസിഡന്റ് വീണ്ടും മത്സരിച്ചു ജയിച്ചുവെന്ന സവിശേഷതയുമുണ്ട്.
അമേരിക്കയുടെ ചരിത്രത്തിൽ 132 വർഷത്തിനുശേഷമാണ് ഇതു സംഭവിക്കുന്നത്. റിയൽ എസ്റ്റേറ്റ് വ്യവസായം, മീഡിയ സെലിബ്രിറ്റി, രാഷ്ട്രീയം എന്നിങ്ങനെ കൈവച്ച മേഖലകളിലെല്ലാം സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് ട്രംപ്.
വിദ്യാഭ്യാസം
ന്യൂയോർക്കിലെ ക്വീൻസിൽ 1946 ജൂൺ 14നാണ് ഡോണൾഡ് ജോൺ ട്രംപ് ജനിച്ചത്. മേരി-ഫ്രഡ് ട്രംപ് ദന്പതിമാരുടെ അഞ്ചു മക്കളിൽ നാലാമൻ. അച്ഛൻ ഫ്രഡ് റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായിരുന്നു. ക്യൂ ഫോറസ്റ്റ്, ന്യൂയോർക്ക് മിലിട്ടറി അക്കാഡമി എന്നിവടങ്ങളിലായിരുന്നു ട്രംപിന്റെ സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് പെൻസിൽവേനിയ യൂണിവേഴ്സിറ്റിയിലെ വാർട്ടൻ സ്കൂൾ ഓഫ് ഫിനാൻസ് ആൻഡ് കൊമേഴ്സിൽനിന്ന് 1968ൽ ഡിഗ്രി നേടി.
കരിയർ
വിദ്യാഭ്യാസത്തിനുശേഷം 1971ൽ അച്ഛന്റെ ബിസിനസിൽ പങ്കാളിയായി. കുടുംബ ബിസിനസ് മുഴുവനോടെ ‘ട്രംപ് ഓർഗനൈസേഷൻ’ എന്ന ബ്രാൻഡിനു കീഴിലാക്കിയത് ഡോണൾഡ് ആണ്. ഹോട്ടലുകൾ, ചൂതാട്ട കേന്ദ്രങ്ങൾ, ഗോൾഫ് കളിസ്ഥലങ്ങൾ എന്നിവ വാങ്ങിയും നിർമിച്ചും ബിസിനസ് വളർത്തി. ഡോണൾഡ് ട്രംപ് 14 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 1987ൽ പുറത്തിറങ്ങിയ ‘ദി ആർട്ട് ഓഫ് ഡീൽ’ ആണ് ഏറ്റവും പ്രശസ്തം.
രാഷ്ട്രീയം
എൺപതുകളുടെ അവസാനമാണ് ട്രംപ് രാഷ്ട്രീയത്തിലെത്തുന്നത്. 1987ൽ അദ്ദേഹം റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേർന്നു. പിന്നീട് ഇൻഡിപെൻഡൻസ്, റിഫോം എന്നീ പാർട്ടികളിലേക്കു മാറി. 2001ൽ ഡെമോക്രാറ്റിക് പാർട്ടിക്കാരനായി. 2009ൽ വീണ്ടും റിപ്പബ്ലിക്കൻ. പിന്നെ ഒരു പർട്ടിയിലും അംഗമല്ലാത്ത കാലം. 2012ൽ വീണ്ടും റിപ്പബ്ലിക്കനായി. 2015ലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നു പ്രഖ്യാപിച്ചത്. 2016 ലെ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ഹില്ലരി ക്ലിന്റണെ തോൽപ്പിച്ച് അമേരിക്കയുടെ 45-ാം പ്രസിഡന്റായി.
ഇംപീച്ച്മെന്റ്
ട്രംപിന്റെ ഒന്നാം ഭരണകാലം വിവാദങ്ങളാൽ സന്പന്നമായിരുന്നു. നികുതികൾ വെട്ടിക്കുറയ്ക്കലും കുടിയേറ്റം തടയാനുള്ള നടപടികളും ഒന്നാം ട്രംപ് ഭരണത്തിന്റെ മുഖമുദ്രയായിരുന്നു.
മുസ്ലിം രാജ്യങ്ങളിൽനിന്നുള്ളവർക്ക് അമേരിക്കയിൽ പ്രവേശനം നിഷേധിക്കൽ, അനധികൃത കുടിയേറ്റം തടയാൻ സൈനിക ഫണ്ട് വകമാറ്റി മെക്സിക്കോ അതിർത്തിയിൽ ഇരുന്പുവേലി കെട്ടൽ, കോവിഡ് മഹാവ്യാധി നേരിടുന്നതിൽ അലംഭാവം, ചൈനയുമായി വാണിജ്യയുദ്ധം, കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള പാരീസ് ഉടന്പടിയിൽനിന്ന് അമേരിക്കയുടെ പിന്മാറ്റം, ഇറാനും വൻശക്തികളും തമ്മിലുള്ള ആണവകരാറിൽനിന്ന് അമേരിക്കയുടെ ഏകപക്ഷീയ പിന്മാറ്റം എന്നിവ ട്രംപിന്റെ ഭരണകാലത്തെ വിവാദങ്ങളാണ്.
ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നുമായി ട്രംപ് മൂന്നുവട്ടം കൂടിക്കാഴ്ച നടത്തിയെങ്കിലും സമാധാനനീക്കങ്ങളിൽ പുരോഗതിയുണ്ടായില്ല. രണ്ടു തവണ ഇംപീച്ച് ചെയ്യപ്പെട്ട യുഎസ് പ്രസിഡന്റ് എന്ന കുപ്രസിദ്ധി ട്രംപിനു മാത്രമുള്ളതാണ്. ഡെമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയാണ് ഇംപീച്ച്മെന്റ് നടപടികളെടുത്തത്.
2019ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പുകാലത്ത് എതിരാളിയായ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ജോ ബൈഡനും അദ്ദേഹത്തിന്റെ മകൻ ഹണ്ടർ ബൈഡനും എതിരേ അന്വേഷണത്തിനു യുക്രെയ്ൻ സർക്കാരിൽ സമ്മർദം ചെലുത്തി എന്ന ആരോപണത്തിലായിരുന്നു 2019 ഡിസംബറിൽ ആദ്യ ഇംപീച്ച്മെന്റ്. 2019ലെ തെരഞ്ഞെടുപ്പിൽ തോറ്റതിനു പിന്നാലെയുണ്ടായ കാപ്പിറ്റോൾ കലാപത്തിനു പ്രേരണ ചെലുത്തി എന്നതിൽ 2021 ജനുവരിൽ രണ്ടാമതും ഇംപീച്ച് ചെയ്യപ്പെട്ടു.
രണ്ടു വട്ടവും റിപ്പബ്ലിക്കന്മാർക്കു ഭൂരിപക്ഷമുള്ള സെനറ്റ് ട്രംപിനെ കുറ്റവിമുക്തനാക്കി. തെരഞ്ഞെടുപ്പിൽ തോറ്റ് വൈറ്റ്ഹൗസിൽനിന്നു പുറത്തായിട്ടും ട്രംപ് മാധ്യമ വാർത്തകളിൽ നിറഞ്ഞുനിന്നു. ക്രിമിനൽ കുറ്റങ്ങൾ ചുമത്തപ്പെടുകയും കുറ്റക്കാരനെന്നു വിധിക്കപ്പെടുകയും ചെയ്യുന്ന ആദ്യ മുൻ യുഎസ് പ്രസിഡന്റെന്ന കുപ്രസിദ്ധിയും അദ്ദേഹത്തിനുണ്ട്.
നീലച്ചിത്ര നടിയുമായുള്ള ബന്ധം പുറത്തുവരാതിരിക്കാൻ പണം നല്കിയതിന്റെ രേഖകളിൽ കൃത്രിമത്വം കാട്ടി, അധികാരത്തിലിരിക്കേ രഹസ്യ രേഖകൾ അശ്രദ്ധയോടെ കൈകാര്യം ചെയ്തു, 2019ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു എന്നീ കേസുകൾ അദ്ദേഹം നേരിടുന്നു.
നീലച്ചിത്ര നടി കേസിൽ ട്രംപ് കുറ്റക്കാരനാണെന്നു ന്യൂയോർക്ക് കോടതി കണ്ടെത്തി; ശിക്ഷാവിധി നവംബർ 26ലേക്കു നീട്ടിയിട്ടുണ്ട്.
വ്യക്തി ജീവിതം
ഡോണൾഡ് ട്രംപ് മൂന്നുവട്ടം വിവാഹിതനായി. ഇപ്പോഴത്തെ ഭാര്യ മെലാനിയയുമായുള്ള വിവാഹം 2005ലായിരുന്നു. മെലാനിയയിൽ ബാരൺ എന്നൊരു മകനുണ്ട്. ഇവാന, മാർല മേപ്പിൾസ് എന്നീ മുൻ ഭാര്യമാരിൽ ഡോണൾഡ് ട്രംപ് ജൂണിയർ, ഇവാങ്ക, എറിക്, ടിഫാനി എന്നീ നാലു മക്കൾകൂടിയുണ്ട്.