ധനമന്ത്രിയെ ഷോൾസ് പുറത്താക്കി; ജർമനിയിൽ സഖ്യകക്ഷി സർക്കാർ വീണു
Friday, November 8, 2024 12:32 AM IST
ബെർലിൻ: ജർമനിയിലെ സഖ്യകക്ഷി സർക്കാർ നിലംപതിച്ചു. ചാൻസലർ ഒലാഫ് ഷോൾസ് ധനമന്ത്രി ക്രിസ്റ്റ്യൻ ലിൻഡ്നറിനെ പുറത്താക്കിയതാണു കാരണം.
ഷോൾസിന്റെ സോഷ്യൽ ഡെമോക്രാറ്റ്സ്, ലിൻഡ്നറിന്റെ ഫ്രീ ഡെമോക്രാറ്റ്സ് എന്നിവയ്ക്കു പുറമേ ഗ്രീൻസ് എന്ന പാർട്ടിയും ചേർന്നുള്ള സഖ്യകക്ഷി സർക്കാരാണ് 2021 മുതൽ ഭരിക്കുന്നത്. സഖ്യം തകർന്നതോടെ ഷോൾസിന്റെ സർക്കാരിനു ഭൂരിപക്ഷമില്ലാതായി.
അടുത്തവർഷമാദ്യം സർക്കാർ വിശ്വാസവോട്ട് തേടുമെന്ന് ഷോൾസ് അറിയിച്ചു. ഇതോടെ മാർച്ചിൽ തെരഞ്ഞെടുപ്പിനു സാധ്യത തെളിഞ്ഞു. ഇതിനിടെ വിശ്വാസവോട്ട് അടുത്ത വർഷമല്ല, അടുത്തയാഴ്ച വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.
ഷോൾസിനും ലിൻഡ്നറിനും ഇടയിൽ ദീർഘകാലം നിലനിന്ന അഭിപ്രായഭിന്നത പൊട്ടിത്തെറിയിൽ കലാശിച്ചുവെന്നാണു സൂചന. അടുത്ത വർഷത്തെ ബജറ്റാണു പ്രശ്നം വഷളാക്കിയതെന്നും പറയുന്നു. തുർച്ചയായി രണ്ടാം വർഷവും ജർമനി സാന്പത്തിക വളർച്ചയിൽ പിന്നോട്ടാണ്.
വിശ്വാസം നഷ്ടപ്പെട്ടു എന്നു പ്രഖ്യാപിച്ചാണ് ലിൻഡ്നറിനെ ഷോൾസ് പുറത്താക്കിയത്. ബിസിനസ് അനുകൂല ഫ്രീ ഡെമോക്രാറ്റിക് പാർട്ടിയെ നയിക്കുന്ന ലിൻഡ്നർ, രാജ്യത്തേക്കാൾ സ്വന്തം പാർട്ടിക്കാണു പ്രാധാന്യം നല്കുന്നതെന്ന് ഷോൾസ് ആരോപിച്ചു.
യുഎസിലെ ഡോണൾഡ് ട്രംപിന്റെ വിജയത്തിൽ യൂറോപ്യൻ നേതൃത്വം കടുത്ത അനിശ്ചിതത്വം നേരിടുന്നതിനിടെയാണു ജർമനിയിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.