പ്രളയം: സ്പെയിനിൽ മരണം 205 ആയി
Friday, November 1, 2024 11:47 PM IST
മാഡ്രിഡ്: പ്രളയക്കെടുതി നേരിടുന്ന സ്പെയിനിലെ വലൻസിയ പ്രദേശം ഇന്നലെ വീണ്ടും മഴഭീഷണി നേരിട്ടു. ഇതിനിടെ ചൊവ്വാഴ്ചത്തെ മിന്നൽപ്രളയത്തിൽ മരണസംഖ്യ 205 ആയി ഉയർന്നു.
വലൻസിയ, കസ്റ്റല്ലോൺ പ്രദേശങ്ങളിൽ ഇന്നലെ മഴ പെയ്യുമെന്നാണു സ്പാനിഷ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്. ചൊവ്വാഴ്ചത്തേതു പോലെ പേമാരി ഉണ്ടാവില്ലെങ്കിലും വീണ്ടും പ്രളയത്തിനു സാധ്യതയുണ്ടെന്നും പറഞ്ഞു. തെക്കുപടിഞ്ഞാറൻ സ്പെയിനിൽ പോർച്ചുഗലുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലും കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പുണ്ട്.
ചൊവ്വാഴ്ച വലയൻസിയ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കനത്ത മഴയെത്തുടർന്നു പ്രളയം ഉണ്ടാവുകയായിരുന്നു. 202 മരണങ്ങളും വലൻസിയയിലാണ്. എത്ര പേരെ കാണാതായി എന്നതിനു വ്യക്തമായ കണക്കില്ല. പല സ്ഥലങ്ങളിലും രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. മരണസംഖ്യ ഇനിയും ഉയരാനാണു സാധ്യത.
പതിനായിരങ്ങൾ വൈദ്യുതിയുടെയും കുടിവെള്ളത്തിന്റെയും അഭാവം നേരിടുന്നു. പ്രളയത്തിൽ വീടുകളിലും തെരുവുകളിലും നിറഞ്ഞ ചെളിയും ഒഴുകിപ്പോയി അടിഞ്ഞുകൂടിയ വാഹനങ്ങളും നീക്കംചെയ്യാനായിട്ടില്ല.
ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ 1700 സൈനികരും പങ്കാളികളാണ്. കാണാതായവരെ കണ്ടെത്തുന്നതിനാണു മുൻഗണനയെന്നു പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് പറഞ്ഞു. ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും ജനങ്ങൾ വീടിനു പുറത്തിറങ്ങരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.