ഇറാനെ പ്രതിരോധിക്കാൻ യുഎസ് യുദ്ധവിമാനങ്ങളും കപ്പലുകളും പശ്ചിമേഷ്യയിലേക്ക്
Sunday, November 3, 2024 2:02 AM IST
വാഷിംഗ്ടൺ ഡിസി: ഇറാനെ പ്രതിരോധിക്കാൻ പശ്ചിമേഷ്യയിൽ കൂടുതൽ സൈനികവിന്യാസങ്ങൾ നടത്തുമെന്ന് അമേരിക്ക അറിയിച്ചു.
ദീർഘദൂരം പറക്കാൻ ശേഷിയുള്ള ബി-52 ബോംബർ വിമാനങ്ങൾ, പോർവിമാനങ്ങൾ, യുദ്ധക്കപ്പലുകൾ എന്നിവയെ പശ്ചിമേഷ്യയിലേക്ക് അയയ്ക്കും.
ഇറാനോ, ഇറാന്റെ പിന്തുണയുള്ള സായുധ ഗ്രൂപ്പുകളോ അമേരിക്കൻ താത്പര്യങ്ങളെ ലക്ഷ്യമിട്ടാൻ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് പെന്റഗൺ വക്താവ് പാട്രിക് റൈഡർ മുന്നറിയിപ്പു നല്കി.
പശ്ചിമേഷ്യയിൽ നിലയുറപ്പിച്ചിരുന്ന ഏബ്രഹാം ലിങ്കൺ എന്ന പടുകൂറ്റൻ വിമാനവാഹിനിയും മറ്റു മൂന്നു യുദ്ധക്കപ്പലുകളും അമേരിക്കയിലേക്കു മടങ്ങുന്ന സാഹചര്യത്തിൽക്കൂടിയാണ് പുതിയ നടപടികൾ.
ഇറാൻ-ഇസ്രയേൽ സംഘർഷം വൻ യുദ്ധത്തിൽ കലാശിക്കുമോ എന്ന ആശങ്കയിലാണ് അമേരിക്കൻ നീക്കങ്ങൾ. നേരത്തേ ബാലിസ്റ്റിക് മിസൈലുകളെ തടയുന്ന ‘ഥാട്’ സംവിധാനം അമേരിക്ക ഇസ്രയേലിലേക്ക് അയച്ചിരുന്നു. ഇതു പ്രവർത്തിപ്പിക്കാനായി നൂറോളം അമേരിക്കൻ സൈനികരും ഇസ്രയേലിലെത്തിയിട്ടുണ്ട്.
പുതിയ വിന്യാസങ്ങൾ വരും മാസങ്ങളിലുണ്ടാകുമെന്നാണ് അമേരിക്കൻ വൃത്തങ്ങൾ സൂചിപ്പിച്ചത്.