ഉദ്വേഗം, അനിശ്ചിതത്വം
Tuesday, November 5, 2024 1:50 AM IST
വാഷിംഗ്ടണ്‍ ഡിസിയില്‍നിന്ന് പി.ടി. ചാക്കോ
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ, ആരായിരിക്കും ജയിക്കുക എന്നതു സംബന്ധിച്ച് തികഞ്ഞ അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസ് ജയിക്കുമോ എന്നതു സംബന്ധിച്ച ഉദ്വേഗം ഇന്ത്യയിലുമുണ്ട്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ഡോണള്‍ഡ് ട്രംപിന് പ്രസിഡന്റ് പദത്തിലേക്കുള്ള അവസാന അവസരമാണിത്. ഏതാണ്ട് ഒരു വര്‍ഷമായി നടന്നുവരുന്ന തെരഞ്ഞെടുപ്പു പ്രക്രിയ അവസാന ലാപ്പിലെത്തുമ്പോള്‍ ഫലം പ്രവചനാതീതം.
മുൻകൂർ വോട്ട് ചെയ്യാനുള്ള സൗകര്യം (ഏര്‍ളി വോട്ടിംഗ്) ഏതാണ്ട് എട്ടു കോടിയിലധികം പേര് ഉപയോഗപ്പെടുത്തി. ഒന്‍പത് സംസ്ഥാനങ്ങളില്‍ പകുതിയിലധികം പേര് വോട്ട് ചെയ്തു. മൊത്തം 24 കോടി വോട്ടര്‍മാരാണുള്ളത്.
മുൻകൂർ വോട്ട് ചെയ്തവരുടെ ഇടയില്‍ നടത്തിയ സര്‍വെയില്‍ കമലയ്ക്ക് ലീഡുണ്ട്. പരമ്പരാഗതമായി ഡെമോക്രാറ്റുകള്‍ മുൻകൂർ വോട്ട് ചെയ്യുന്നവരാണ്.
ചില സംസ്ഥാനങ്ങളില്‍ മുൻകൂർ വോട്ടുകള്‍ എണ്ണിവയ്ക്കാറുണ്ട്. അമേരിക്കയിലെ ഓരോ സംസ്ഥാനത്തും അവര്‍ക്ക് ഇഷ്ടമുള്ള രീതിയാണ് പിന്തുടരുന്നത്. കോവിഡിനെത്തുടര്‍ന്ന് 2020ല്‍ വലിയതോതില്‍ മുൻകൂർ വോട്ടും പോസ്റ്റല്‍ വോട്ടും നടന്നതിനാല്‍ അവ തെരഞ്ഞെടുപ്പു ദിവസം എണ്ണിത്തീരാന്‍ വൈകിയിരുന്നു.
ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന മത്സരമായതിനാല്‍ അത് അഭ്യൂഹങ്ങള്‍ക്കും പിന്നീട് കേസിനും വഴിതുറന്നു. അതുകൊണ്ട് ഇത്തവണ ഓരോ സംസ്ഥാനവും യുക്തമായ ക്രമീകരണം ചെയ്തിട്ടുണ്ട്. ട്രെന്‍ഡിന്റെ അടിസ്ഥാനത്തില്‍ ആദ്യം ടിവി ചാനലുകളിലാണ് ഫലം വരുന്നത്.
കത്തുന്ന വിഷയങ്ങള്‍
എട്ടു വിഷയങ്ങളെ ചുറ്റിപ്പറ്റിയാണു പ്രചാരണം പൊടിപൊടിച്ചത്. ഇതില്‍ നാലെണ്ണത്തില്‍ വീതം ട്രംപിനും കമലയ്ക്കും മേല്‍ക്കൈയുണ്ട്. സമ്പദ്ഘടന, കുടിയേറ്റം, കുറ്റകൃത്യ നിയന്ത്രണം, വിദേശനയം എന്നിവയില്‍ ട്രംപിനു മേല്‍ക്കൈ.
ആരോഗ്യരംഗം, ഗര്‍ഭഛിദ്രം, പരിസ്ഥിതി, വിദ്യാഭ്യാസരംഗം എന്നിവയില്‍ കമലയ്ക്ക് മുന്‍തൂക്കം. സ്ത്രീയായതിനാലും ഗര്‍ഭഛിദ്രം അവകാശമാണെന്നു വാദിക്കുന്നതിനാലും സ്ത്രീകളുടെ ഇടയില്‍ കമലയ്ക്കു നല്ല പിന്തുണയുണ്ട്. നിലവിലുള്ള ബൈഡന് സര്‍ക്കാരിനെതിരേയുള്ള ജനവികാരമാണ് കമലയുടെ പ്രധാന ദൗര്‍ബല്യം.
നാലുവര്‍ഷംകൊണ്ട് നിങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെട്ടോ എന്ന ട്രംപിന്റെ ചോദ്യത്തിന് ഇല്ലെന്നു തന്നെയാണ് ഭൂരിപക്ഷം അമേരിക്കക്കാരുടെയും മറുപടി. സാമ്പത്തികമേഖല കൈകാര്യം ചെയ്യാനും കുടിയേറ്റം നിയന്ത്രിക്കാനും ട്രംപാണു മെച്ചമെന്ന് മിക്കവരും കരുതുന്നു.
താന്‍ പ്രസിഡന്റായിരുന്നപ്പോള്‍ പുതുതായി ഒരു യുദ്ധവും തുടങ്ങിവച്ചില്ലെന്നും ലോകത്ത് പൊതുവേ സമാധാനം നിലനിന്നിരുന്നുവെന്നും ട്രംപ് പറയുന്നു. ഇപ്പോള്‍ ഗാസയും പശ്ചിമേഷ്യയും പുകയുന്നു. ഇറാന് പുതിയ യുദ്ധത്തിനു കോപ്പുകൂട്ടുന്നു.
യുക്രെയ്ൻ യുദ്ധം അവിരാമം തുടരുന്നു. ലോക പോലീസുകാരന് എന്ന പദവി അമേരിക്കയ്ക്കു നഷ്ടപ്പെട്ടതില്‍ വലിയൊരു ജനവിഭാഗത്തിന് അസംതൃപ്തിയുള്ളത് ട്രംപിന് അനുകൂലമാണ്.
കാലാവസ്ഥാ വ്യതിയാനത്തെ ലോകം നേരിടുന്ന ഗുരുതരമായ വിഷയമായി ഏറ്റെടുക്കുന്നത് ഡെമോക്രാറ്റുകളാണ്. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക, ബദല്‍ ഊര്‍ജസ്രോതസുകള്‍ വികസിപ്പിക്കുക, ആഗോള സമൂഹവുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ബൈഡന് ഭരണകൂടം നല്ല തുടക്കമിട്ടു. എന്നാല്‍ ട്രംപ് കാലാവസ്ഥാ വ്യതിയാനം തട്ടിപ്പാണെന്നു പറയുകയും കാലാവസ്ഥ ഉച്ചകോടി ബഹിഷ്കരിക്കുകയും ചെയ്തു.
പ്രധാന വിഷയങ്ങള്‍ക്കൊപ്പം അടിയൊഴുക്കുകളും ഏറെയുണ്ടായി. വ്യക്തിഹത്യ, വംശീയത, വര്‍ഗീയത തുടങ്ങിയവയൊക്കെ തരാതരം പോലെ പ്രയോഗിക്കപ്പെട്ടു. ട്രംപിന്റെ പരസ്ത്രീ ബന്ധങ്ങള്‍, കേസുകള്‍ തുടങ്ങിയവ വീണ്ടും ചര്‍ച്ചയായി. കമല ഹാരിസ് കറുത്ത വര്ഗക്കാരിയായും കുട്ടികളില്ലാത്തവളായും ചിത്രീകരിക്കപ്പെട്ടു. സഖാവ് എന്നു വിളിച്ച് അവരെ കമ്യൂണിസ്റ്റായി ബ്രാന്‍ഡ് ചെയ്തു.
അമേരിക്കക്കാര്‍ക്ക് ഇത്തവണ ഒരാളെ തെരഞ്ഞെടുക്കാന്‍ തലപുകഞ്ഞ് ആലോചിക്കേണ്ടിവരും. ഒരുപാട് വിഷയങ്ങള്‍, വ്യത്യസ്ത നിലപാടുകള്‍. ട്രംപിനെയും കമലയെയും താരതമ്യം ചെയ്യേണ്ടിവരും. വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്ന വ്യക്തിത്വങ്ങള്‍.
കമല ഹാരിസ് ഇതിനോടകംതന്നെ ചരിത്രം രചിച്ചുകഴിഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന ആദ്യത്തെ ആഫ്രിക്കൻ വംശജയാണവർ. ബറാക് ഒബാമയാണ് ആദ്യത്തെ ആഫ്രിക്കൻ വംശജൻ.
ജയിച്ചാല്‍ അമേരിക്കന്‍ പ്രസിഡന്റാകുന്ന ആദ്യത്തെ വനിത. ഹില്ലരി ക്ലിന്റണ് ആദ്യ വനിതാ സ്ഥാനാര്‍ഥിയായെങ്കിലും തോറ്റു. ഒരു വനിതയെ അമേരിക്കന്‍ പ്രസിഡന്റാക്കുന്നതിലെ വിമുഖതയാണ് എല്ലാ സര്‍വേകളിലും മുന്നിട്ടുനിന്ന ഹില്ലരിയെ 2016ല്‍ വീഴ്ത്താന്‍ ട്രംപിനെ സഹായിച്ചത്. അതു കമലയെ വീഴ്ത്തുമോ?
ദുഃസ്വപ്നം
2020ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അമേരിക്കന്‍ പാര്‍ലമെന്റിന്റെ ആസ്ഥാനമന്ദിരമായ ക്യാപ്പിറ്റോള്‍ ഹില്ലിലേക്കു നടത്തിയ മാര്‍ച്ചും തുടർന്നുണ്ടായ അതിക്രമങ്ങളും ഈ തെരഞ്ഞെടുപ്പുകാലത്ത് വീണ്ടും ചര്‍ച്ചാവിഷയമായി. പെന്‍സില്‍വേനിയയുടെ ഫലം നാലു ദിവസം കഴിഞ്ഞ് പ്രഖ്യാപിച്ചപ്പോഴാണു ജോ ബൈഡന് 270 കടന്നത്. അപ്പോഴും പല സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ കഴിഞ്ഞിരുന്നില്ല. കോടതി കയറി ഫലപ്രഖ്യാപനം പലയിടത്തും നീണ്ടു.
2021 ജനുവരി 20ന് ബൈഡന് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നതിനുമുമ്പ് ജനുവരി ആറിന് ട്രംപിന്റെ അനുയായികള്‍ ക്യാപ്പിറ്റോള്‍ മന്ദിരത്തിൽ ഇരച്ചുകയറി അക്രമം അഴിച്ചുവിട്ടു. ട്രംപ് ഇതിനെ ഇപ്പോഴും ന്യായീകരിക്കുന്നു. വൈറ്റ് ഹൗസില്‍നിന്ന് അന്ന് ഇറങ്ങരുതായിരുന്നെന്ന് അദ്ദേഹം ഇപ്പോഴും പറയുന്നു.
ട്രംപ് തോറ്റാല്‍ ചരിത്രം ആവര്‍ത്തിക്കുമെന്ന് ഭൂരിപക്ഷം അമേരിക്കക്കാരും കരുതുന്നതായി പ്യൂ റിസര്‍ച്ച് സെന്ററിന്റെ സര്‍വേയില്‍ പറയുന്നു. അതുണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കുകയും ചെയ്യും.