പെന്‍സില്‍വേനിയ പിടിച്ചാല്‍ വൈറ്റ്ഹൗസ് പോരും
Sunday, November 3, 2024 2:02 AM IST
വാഷിംഗ്ടണ്‍ ഡിസിയില്‍നിന്ന് പി.ടി. ചാക്കോ
2020ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രാജ്യത്തെ മുൾമുനയില്‍ നിര്‍ത്തിയത് പെന്‍സില്‍വേനിയയാണ്. നവംബർ മൂന്നിലെ തെരഞ്ഞെടുപ്പു കഴിഞ്ഞ് പെന്‍സില്‍വേനിയയില്‍ വോട്ട് എണ്ണിത്തീര്‍ന്നത് നവംബർ ഏഴിന്.
19 ഇലക്ടറൽ വോട്ട് ഇവിടെനിന്നു ലഭിച്ചതിനെത്തുടര്‍ന്നാണ് ബൈഡന് 270 എന്ന കടമ്പ കടന്ന് പ്രസിഡന്റായത്. മിഷിഗണ്‍, വിസ്കോൺസിന്‍ തുടങ്ങിയ ചാഞ്ചാടുന്ന സംസ്ഥാനങ്ങളിലെ അന്തിമഫലം അപ്പോഴും പുറത്തുവന്നിരുന്നില്ല.
കോവിഡിനെത്തുടര്‍ന്ന് 38% ആളുകള്‍ രേഖപ്പെടുത്തിയ പോസ്റ്റല്‍ വോട്ടും മുൻകൂർ വോട്ടും എണ്ണിത്തീരാന്‍ വൈകിയതാണ് രാജ്യത്തെ ഉദ്വേഗത്തിലാക്കിയത്. 2016ല്‍ പോസ്റ്റല്‍ വോട്ട് വെറും 4% ആയിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞശേഷമേ പോസ്റ്റല്‍ വോട്ട് എണ്ണാവൂ എന്ന് പെന്‍സില്‍വേനിയയിലും മറ്റു ചില സംസ്ഥാനങ്ങളിലും നിയമമുണ്ടായിരുന്നു.
ഇത്തവണ മത്സരം എത്ര കടുത്താലും ചരിത്രം ആവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ പറയുന്നു. ചാഞ്ചാടുന്ന മിക്ക സംസ്ഥാനങ്ങളിലും മുൻകൂർ വോട്ടും പോസ്റ്റല്‍ വോട്ടും നേരത്തേ എണ്ണാന്‍ നിയമഭേദഗതി കൊണ്ടുവന്നു. എന്നാല്‍ ചാഞ്ചാടുന്ന സംസ്ഥാനമായ നോര്‍ത്ത് കരോളൈന ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ ഇതിന് അനുവാദമില്ല.
അതുകൊണ്ട് അവിടങ്ങളിലെ ഫലം വൈകാം. മിക്ക സംസ്ഥാനങ്ങളിലും രാത്രി എട്ടോടെ വോട്ടെടുപ്പ് അവസാനിക്കും. തുടര്‍ന്ന് ഉടൻതന്നെ വോട്ടെണ്ണല്‍ തുടങ്ങും. ചില സംസ്ഥാനങ്ങളില്‍ ടൈം സോണ്‍ വ്യത്യാസമുള്ളതിനാല്‍ അതനുസരിച്ചായിരിക്കും വോട്ടെണ്ണല്‍.
ചാഞ്ചാടുന്നതുമായ ഏഴു സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇലക്ടറല്‍ കോളജ് അംഗങ്ങളുള്ള (19) സംസ്ഥാനമായതിനാല്‍ ഏറ്റവും കടുത്ത പോരാട്ടം നടക്കുന്നതും ഇവിടെയാണ്. പെന്‍സില്‍വേനിയ പിടിച്ചാല്‍ വൈറ്റ്ഹൗസ് പിടിച്ചുവെന്നു പറയാം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപിനു വെടിയേറ്റ സ്ഥലംകൂടിയാണിത്. വെടിയേറ്റ ട്രംപ് രക്തമൊലിക്കുന്ന ചെവിയുമായി ചാടിയെഴുന്നേറ്റ് ജനങ്ങളെ അഭിവാദ്യം ചെയ്തു. മാലിന്യം കൊണ്ടുപോകുന്ന ട്രക്കില്‍ കയറിയും തൊഴിലാളികളുടെ വസ്ത്രം ധരിച്ചും ട്രംപ് ഷോ കാണിച്ചതും ഇവിടെവച്ചാണ്. കമല ഹാരിസ് ഏറ്റവും കൂടുതല്‍ പ്രചാരണം നടത്തുന്നതും ഇവിടെത്തന്നെ. ഡെമോക്രാറ്റുകള്‍ക്കുവേണ്ടി മുന്‍ പ്രസിഡന്റ് ഒബാമ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇവിടെ പ്രചാരണം അഴിച്ചുവിടുന്നു.
അമേരിക്കയുടെ പരിച്ഛേദമാണു പെന്‍സില്‍വേനിയ. വെള്ളക്കാരായ ഇവാഞ്ചലിക്കല്‍ പ്രൊട്ടസ്റ്റന്റ്, നോണ്‍ ഇവാഞ്ചലിക്കല്‍ പ്രൊട്ടസ്റ്റന്റ്, വെള്ളക്കാരായ കത്തോലിക്കര്‍, കറുത്ത വംശജരായ പ്രൊട്ടസ്റ്റന്റ് തുടങ്ങിയവരാണ് കൂടുതല്‍.
ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് നേരിയ മുന്‍തൂക്കമുള്ള സംസ്ഥാനമാണ്. 1992 മുതല്‍ തുടര്‍ച്ചയായി ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയെ ജയിപ്പിക്കുന്നതിന് ഏക അപവാദം 2016ലെ ട്രംപിന്റെ വിജയമാണ്.