സൈക്കിളിൽ മൊബൈൽ നിരോധിച്ച് ജപ്പാൻ
Friday, November 1, 2024 11:47 PM IST
ടോക്കിയോ: ജപ്പാനിൽ സൈക്കിൾ ചവിട്ടുന്പോൾ മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ചു. ലംഘിച്ചാൽ ആറു മാസം വരെ തടവുശിക്ഷയോ ഒരു ലക്ഷം യെൻ (655 ഡോളർ) പിഴയോ ലഭിക്കാം. ഇതിനുള്ള നിയമം ഇന്നലെ പ്രാബല്യത്തിൽ വന്നു. സൈക്കിൾ അപകടങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിലാണിത്.
കോവിഡ് കാലത്ത് ജാപ്പനീസ് ജനത പൊതുഗതാഗത സംവിധാനങ്ങൾ ഉപേക്ഷിച്ച് സൈക്കിളിലേക്കു തിരിഞ്ഞു. ഇപ്പോൾ വാഹനാപകടങ്ങൾ കുറവും സൈക്കിൾ അപകടങ്ങൾ കൂടുതലുമാണ്. 2023ൽ 72,000ത്തിനു മുകളിൽ സൈക്കിൾ അപകടങ്ങളുണ്ടായി. മൊത്തം ട്രാഫിക് അപകടങ്ങളുടെ 20 ശതമാനം വരുമിത്.
പുതിയ നിയമപ്രകാരം മദ്യപിച്ച് സൈക്കിൾ ചവിട്ടുന്നതും കുറ്റമാണ്. ഇതിനു മൂന്നു വർഷം വരെ ജയിൽശിക്ഷയോ അഞ്ചുലക്ഷം യെൻ (3,278 ഡോളർ) വരെ പിഴയോ ലഭിക്കാം.
സൈക്കിൾ ചവിട്ടി അപകടമുണ്ടാക്കിയാൽ ഒരു വർഷം തടവോ മൂന്നു ലക്ഷം യെൻ വരെ പിഴയോ ലഭിക്കാം.
നിയമം നടപ്പാക്കി മണിക്കൂറുകൾക്കം ഒസാക്ക നഗരത്തിൽ അഞ്ചു ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ രണ്ടെണ്ണം മദ്യപിച്ചു സൈക്കിൾ ചവിട്ടിയെന്ന കുറ്റമാണ്.