സ്പെയിൻ പ്രളയം: 10,000 ഭടന്മാർ രംഗത്ത്
Sunday, November 3, 2024 2:02 AM IST
മാഡ്രിഡ്: പ്രളയക്കെടുതി നേരിടുന്ന വലൻസിയ പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കുന്നതിന് അയ്യായിരം പട്ടാളക്കാരെയും അയ്യായിരം പോലീസിനെയും നിയോഗിക്കാൻ സ്പാനിഷ് പ്രസിഡന്റ് പെദ്രോ സാഞ്ചസ് ഉത്തരവിട്ടു.
വലൻസിയിയലെ പ്രാദേശിക അധികൃതരുടെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കു വേഗത പോരെന്ന ആക്ഷേപം ഉയർന്ന പശ്ചാത്തലത്തിലാണിത്.
ചൊവ്വാഴ്ച പേമാരിയെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ മരണം 211 ആയെന്ന് സാഞ്ചസ് അറിയിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കും. ഇന്നുകൂടി മഴ പെയ്യാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചത്.
പ്രളയജലത്തിൽ ഒലിച്ചുപോയ വാഹനങ്ങൾ നീക്കം ചെയ്യുന്നതും ചെളിനിറഞ്ഞ വീടുകളും തെരുവുകളും ശുചിയാക്കലും വലിയ വെല്ലുവിളി ഉയർത്തുന്നു. ശുചീകരണത്തിൽ സഹായിക്കാൻ സ്പെയിന്റെ ഇതര ഭാഗങ്ങളിലുള്ളവർ വലൻസിയയിലേക്കു പോകാൻ തുടങ്ങി.
നിലവിൽ 1700 സൈനികർ രക്ഷാപ്രവർത്തനത്തിനു സഹായിക്കുന്നുണ്ട്. ഭൂഗർഭ തുരങ്കങ്ങളിലും കാർ പാർക്കിംഗ് സ്ഥലങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളം പന്പു ചെയ്തു കളഞ്ഞ് തെരച്ചിൽ നടത്തുന്നതിലാണ് ഇപ്പോഴത്തെ ശ്രദ്ധ.
ഇത്തരം സ്ഥലങ്ങളിൽ ഒട്ടേറെപ്പേർ കുടുങ്ങിയിരിക്കാമെന്നു കരുതുന്നു. സമയം വൈകുന്തോറും ആരെയെങ്കിലും ജീവനോടെ കണ്ടെത്താനുള്ള സാധ്യതയും കുറയും.
പുതുതായി എത്തുന്ന സൈനികർ വലിയ യന്ത്രോപകരണങ്ങൾ എത്തിക്കുമെന്നും ഇതോടെ രക്ഷാപ്രവർത്തനത്തിനു വേഗം കൈവരിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.