ഇന്ത്യ കരുതലോടെ നീങ്ങണം
Thursday, November 7, 2024 2:02 AM IST
ഡോ. വേണു രാജാമണി
ഡോണൾഡ് ട്രംപിന്റെ വിജയം ലോകം പ്രതീക്ഷിച്ചതാണെങ്കിലും അല്പമൊരു അന്പരപ്പോടെയാണ് ഈ വിജയത്തെ കാണുന്നത്. ഇഞ്ചോടിഞ്ച് മത്സരമായിരുന്നുവെന്നാണ് എല്ലാവരും ഇലക്ഷനുമുന്പ് പ്രവചിച്ചിരുന്നത്.
എന്നാൽ, ട്രംപിന്റെ വിജയം വളരെ വ്യക്തമാണ്. ട്രംപിന്റെ പ്രസിഡൻസി എങ്ങനെയായിരിക്കും എന്തൊക്കെയായിരിക്കും മാറ്റങ്ങൾ കൊണ്ടുവരുന്നത് എന്നതിനെക്കുറിച്ചൊക്കെ ലോകമെന്പാടുമുള്ള നയതന്ത്ര വിദഗ്ധരും രാജ്യനേതാക്കന്മാരും ചിന്തിച്ചുതുടങ്ങിയിരിക്കുകയാണ്.
ട്രംപിനെക്കുറിച്ച് ഐകകണ്ഠ്യേനെയുള്ള അഭിപ്രായം അദ്ദേഹം പ്രവചനങ്ങൾക്ക് അതീതനാണെന്നാണ്. ഓരോ കാര്യങ്ങളും ഓരോ വീക്ഷണങ്ങളും എടുക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമാണ്. ആരുടെയും ഉപദേശം സ്വീകരിച്ചല്ല അല്ലെങ്കിൽ ആരുമായും ആലോചിച്ചല്ല എന്നാണ്. എടുത്തുചാടി പല തീരുമാനങ്ങളെടുക്കുന്നതും പലതും ചെയ്യുന്നതും അദ്ദേഹത്തിന്റെ പതിവാണ്. അതിനാൽ ട്രംപ് ആഗോള സംവിധാനത്തിലാകെ പ്രവചനാതീതമായി പലതും കൊണ്ടുവരും എന്നുള്ളതാണ് ആദ്യത്തെ യാഥാർഥ്യം.
ഇന്ത്യയുടെ കാര്യമെടുത്താൽ, ട്രംപും പ്രധാനമന്ത്രി മോദിയും തമ്മിൽ നല്ല വ്യക്തിബന്ധത്തിലാണ്. അത് ഒരു പരിധിവരെ ഇന്ത്യക്ക് അനുകൂലമാകും എന്നുള്ളത് ശരിയാണ്. മാത്രമല്ല, ഇന്ത്യൻ സമൂഹം അദ്ദേഹത്തിനു നല്ല പിന്തുണ നൽകിയിരുന്നു. ഇപ്പോൾ അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ട്രംപിനെ ആദ്യമായി അനുമോദിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി മോദിയാണ്.
എന്നാൽ, എത്രതന്നെ വ്യക്തിബന്ധങ്ങളുണ്ടെങ്കിലും രാജ്യങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ ഇല്ലാതാക്കാൻ സാധിക്കില്ല.
ട്രംപിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ നന്പർ വൺ അജൻഡ അമേരിക്ക ഒന്നാമത് എന്നുള്ളതാണ്. അമേരിക്ക ഫസ്റ്റ് എന്ന അജൻഡ അദ്ദേഹം മുന്നോട്ടെടുക്കുന്പോൾ പല വിഷയങ്ങളിലും ഇന്ത്യയുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. അതുകൊണ്ട് പല ബുദ്ധിമുട്ടുകളും ഉണ്ടാകാൻ സാധ്യതയുണ്ട്. ഉദാഹരണത്തിന് കാലാവസ്ഥാ വ്യതിയാനത്തിൽ വിശ്വസിക്കാത്ത വ്യക്തിയാണ് ട്രംപ്. അതുപോലെതന്നെ ഐക്യരാഷ്ട്ര സഭയോടും അന്താരാഷ്ട്ര സംവിധാനങ്ങളോടുമെല്ലാം അദ്ദേഹത്തിനു പുച്ഛമാണ്.
അത്തരം നിലപാടുകളെല്ലാം ഇനിയും തുടരുമെന്നു പ്രതീക്ഷിക്കാം. അങ്ങിനെയാണെങ്കിൽ അത് ഇന്ത്യയുമായി വലിയൊരു അഭിപ്രായവ്യത്യാസത്തിനു വഴിയൊരുക്കും. ഇന്ത്യയിലെ അഭ്യസ്തവിദ്യരായ ജോലിക്കാരെ സ്വാഗതം ചെയ്യുന്നുവെന്ന് ട്രംപ് പറഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ നയം നടപ്പാക്കിവരുന്പോൾ ഇന്ത്യക്കാരെ എങ്ങനെയൊക്കെ ബാധിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.
ഗ്രീൻകാർഡിനും എച്ച് വൺ വീസയ്ക്കുംവേണ്ടി കാത്തിരിക്കുന്ന ഇന്ത്യക്കാരെ ട്രംപിന്റെ നയങ്ങൾ ബാധിക്കുമെന്നുള്ളത് ഉറപ്പാണ്. അമേരിക്കയ്ക്ക് എന്താണോ താത്പര്യം അതു മാത്രമേ അവർ ചെയ്യുകയുള്ളൂ. ഇന്ത്യ സ്വന്തം സ്വതന്ത്ര വിദേശ നയവും നിലപാടുകളും നിലനിർത്താൻ ശ്രമിക്കുന്പോൾ ചിലപ്പോൾ അത് അമേരിക്ക ആദ്യം എന്ന നയവുമായി ഒത്തുപോകാതെ വന്നാൽ, അമേരിക്ക ചൈനയ്ക്കെതിരേയോ മറ്റ് രാജ്യങ്ങൾക്കെതിരേയോ ചെയ്യുന്ന കാര്യങ്ങൾക്ക് ഇന്ത്യ കൂട്ടുനിൽക്കുന്നില്ല എന്നു കണ്ടാൽ, ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം വഷളാകാൻ സാധ്യതയുണ്ട്.
വിദേശനയത്തിൽ ട്രംപിന്റെ ഏറ്റവും മുന്തിയ പരിഗണന റഷ്യ-യുക്രെയ്ൻ യുദ്ധമാകും. പുടിനുമായി നല്ല ബന്ധമുണ്ട്. 24 മണിക്കൂറിനുള്ളിൽ ഈ വിഷയം പരിഹരിക്കും എന്നാണ് അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞത്.
യുക്രെയ്നു വിരുദ്ധമായും റഷ്യക്ക് അനുകൂലമായുമുള്ള നിലപാട് അമേരിക്ക എടുത്തുകഴിഞ്ഞാൽ അത് റഷ്യയുടെ വിജയത്തിൽ കലാശിക്കും. യുക്രെയ്നു റഷ്യക്കു മുന്നിൽ കീഴടങ്ങേണ്ടിവരും. എന്നാൽ, മധ്യേഷ്യയിൽ ട്രംപിന്റെ മുൻഗാമികളിൽ ഭൂരിഭാഗംപേരും കണ്ണടച്ച് ഇസ്രയേലിനെ പിന്തുണച്ചവരാണ്. അപ്പോൾ ട്രംപ് ഇസ്രയേലിന് കൂടുതൽ പിന്തുണ വാഗ്ദാനം ചെയ്താൽ പലരും പ്രതീക്ഷിക്കുന്നത് നെതന്യാഹുവുമായി ചർച്ചചെയ്ത് ഗാസയിലെ യുദ്ധം നിർത്തും എന്നാണ്.
ഇന്ന് യുഎസിനെ നേരിടുന്ന ഏറ്റവും പ്രബലശക്തി ചൈനയാണ്. ചൈനയും യുഎസും തമ്മിലുള്ള ബന്ധം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധംപോലെതന്നെ മത്സരവും സഹകരണവും നിറഞ്ഞതായിരിക്കും. അപ്പോൾ ട്രംപ് ചൈനയുമായി ചർച്ചയിലൂടെ ഒരു ഡീലിൽ എത്താൻ സാധിച്ചാൽ യുഎസുമായി ചൈനയ്ക്ക് നല്ല ബന്ധമുണ്ടാവും ചൈനയ്ക്ക് കൂടുതൽ പ്രധാന്യം ലോകത്ത് ലഭിക്കുകയും ചെയ്യും. എന്നാൽ നേരേമറിച്ച് യുഎസും ചൈനയും തമ്മിൽ നല്ല ബന്ധത്തിലായില്ലെങ്കിൽ അതു കൂടുതൽ പ്രശ്നങ്ങളിലേക്ക് നീങ്ങും. ഇത് ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വ്യാപാരരംഗത്ത് ട്രംപിന് ഇന്ത്യയുമയി പ്രശ്നങ്ങളുണ്ട്. അമേരിക്കൻ സാധനങ്ങൾ ഇന്ത്യ കൂടുതലായി ഇറക്കുമതി ചെയ്യുന്നില്ല എന്ന പരാതി അദ്ദേഹത്തിന് നേരത്തേതന്നെയുണ്ട്.
ഹാർഡ്ലി ഡേവിഡ്സൺ ബൈക്കിന്റെ കാര്യത്തിൽ ട്രംപ് നേരത്തേ ഇന്ത്യയുമായി സംസാരിച്ചിട്ടുണ്ട്. അപ്പോൾ വ്യാപാരരംഗത്ത് ഇന്ത്യയും യുഎസും തമ്മിൽ ബുദ്ധിമുട്ടുകളുണ്ടാകും എന്നുതന്നെ വിലയിരുത്താം.
ട്രംപ് ഭരണത്തിൽ വരുന്നതോടെ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തിന് വലിയൊരു കോട്ടം സംഭവിക്കില്ല. മറിച്ച് ഉയരത്തിൽനിന്ന് ഉയരത്തിലേക്കു നീങ്ങും എന്ന് പ്രതീക്ഷിക്കാം. എങ്കിലും അത് വളരെ സമാധാനപരമായിരിക്കും ശാന്തമായിരിക്കും ബുദ്ധിമുട്ടുകളില്ലാത്ത ഒരു ബന്ധമായിരിക്കും എന്ന് പ്രതീക്ഷിക്കരുത്.
വളരെ ഗൗരവത്തോടെ, വളരെ സൂക്ഷിച്ചുവേണം അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം വളർത്തിയെടുക്കാൻ. നമ്മുടെ സ്വാതന്ത്ര്യത്തെയും താത്പര്യങ്ങളെയും ഒരുതരത്തിലും അടിയറവയ്ക്കാതെ ട്രംപുമായും അദ്ദേഹത്തിന്റെ സർക്കാരുമായുമുള്ള ബന്ധം നമ്മൾ ശക്തിപ്പെടുത്താൻ ശ്രമിക്കേണ്ടതുണ്ട്.
(മുൻ അംബാസഡറും പ്രണാബ് മുഖർജി രാഷ്ട്രപതിയായിരിക്കെ അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയുമായിരുന്നു ലേഖകൻ)