അമേരിക്ക വിധിയെഴുതി; ഫലം ഇന്ന്
Wednesday, November 6, 2024 2:34 AM IST
വാഷിംഗ്ടൺ ഡിസി: നാൽപ്പത്തിയേഴാമത്തെ അമേരിക്കൻ പ്രസിഡന്റ് ആരെന്ന് ഇന്നറിയാം. ഇന്നലെ അമേരിക്കൻ ജനത വിധിയെഴുതി.
ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിയുടെ കമല ഹാരിസും (60) റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡോണൾഡ് ട്രംപും (78) തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് അരങ്ങേറിയത്. രാജ്യത്തിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്.
ഇന്ത്യൻ സമയം ഇന്നലെ വൈകുന്നേരം നാലരയോടെയാണ് പോളിംഗ് ആരംഭിച്ചത്. ന്യൂ ഹാംപ്ഷയറിലെ ഡിക്സ്വിൽ നോച്ചിലാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്. ഇവിടത്തെ ആറ് വോട്ടുകളിൽ മൂന്നു വീതം ട്രംപിനും കമലയ്ക്കും ലഭിച്ചു. ഡോണൾഡ് ട്രംപ് ഫ്ളോറിഡയിൽ വോട്ട് രേഖപ്പെടുത്തി.
ഇന്ത്യൻ സമയം ഇന്നു രാവിലെ വിജയിയെക്കുറിച്ചുള്ള സൂചനകൾ ലഭിക്കും. ടെക്സസ് പോലുള്ള സംസ്ഥാനങ്ങളിൽ കനത്ത മഴയെ അവഗണിച്ചും നൂറുകണക്കിനു പേരാണ് വോട്ട് ചെയ്യാനെത്തിയത്. പല സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചതും അവസാനിച്ചതും വ്യത്യസ്ത സമയങ്ങളിലായിരുന്നു.
538 ഇലക്ടറല്‍ കോളജ് വോട്ടില്‍ 270 വോട്ട് നേടുന്നയാള്‍ വൈറ്റ് ഹൗസിലെത്തും. കമല ജയിച്ചാൽ അമേരിക്കൻ പ്രസിഡന്റാകുന്ന ആദ്യ വനിത, ഏഷ്യൻ വംശജ എന്നീ ബഹുമതികൾ സ്വന്തമാക്കും.
ട്രംപ് ജയിച്ചാൽ, 127 വർഷത്തിനു ശേഷം തുടർച്ചയായി അല്ലാതെ യുഎസ് പ്രസിഡന്റായ ആൾ എന്ന ഖ്യാതി സ്വന്തമാകും. രണ്ടു തവണയും വനിതകളെ പരാജയപ്പെടുത്തി പ്രസിഡന്റായ ആൾ എന്ന റിക്കാർഡും ട്രംപ് നേടും.
50 സംസ്ഥാനങ്ങളാണ് അമേരിക്കയിലുള്ളത്. ഡെമോക്രാറ്റുകളുടെ കോട്ടയായ കലിഫോർണിയയിലാണ് ഏറ്റവും കൂടുതൽ ഇലക്ടറൽ കോളജ് വോട്ട്-54.
ഏഴു ചാഞ്ചാട്ട സംസ്ഥാനങ്ങളാണ് തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കുക. പെൻസിൽവേനിയ, നോർത്ത് കരോളൈന, ജോർജിയ, മിഷിഗൺ, അരിസോണ, വിസ്കോൺസിൻ, നെവാഡ എന്നിവയാണ് ചാഞ്ചാട്ട സംസ്ഥാനങ്ങൾ. ഡോണൾഡ് ട്രംപും കമല ഹാരിസും തിങ്കളാഴ്ച രാത്രി പെൻസിൽവേനിയയിൽ ഏറെ സമയം പ്രചാരണം നടത്തിയിരുന്നു. ഇവിടെ അഞ്ചു വീതം പൊതുസമ്മേളനങ്ങളിൽ ഇരുവരും പങ്കെടുത്തു.
ജനപ്രതിനിധി സഭയിലെ മുഴുവൻ സീറ്റുകളിലേക്കും (435) സെനറ്റിലെ 34 സീറ്റിലേക്കും ഇന്നലെ തെരഞ്ഞെടുപ്പ് നടന്നു. ഇതുകൂടാതെ 11 സംസ്ഥാനങ്ങളിലെ ഗവർണർ തെരഞ്ഞെടുപ്പും ഇന്നലെ പൂർത്തിയായി. മുൻകൂർ വോട്ട് ചെയ്യാനുള്ള സൗകര്യം (ഏര്‍ളി വോട്ടിംഗ്) ഏതാണ്ട് 8.2 കോടിയിലധികം പേര് ഉപയോഗപ്പെടുത്തി.