സൈനികപിന്മാറ്റം: നേരിയ പുരോഗതിയെന്നു വിദേശകാര്യമന്ത്രി
Monday, November 4, 2024 1:03 AM IST
ബ്രിസ്ബെൻ: കിഴക്കൻ ലഡാക്കിലെ സൈനികപിന്മാറ്റം സംബന്ധിച്ച് ഇന്ത്യയും ചൈനയും നേരിയ പുരോഗതി കൈവരിച്ചതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. രൂപപ്പെട്ടുവരുന്ന സാഹചര്യം സ്വാഗതാർഹമാണ്. എല്ലാവർക്കും അറിയാവുന്നതുപോലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തീർത്തും അസ്വാസ്ഥ്യജനകമായിരുന്നുവെന്നും ബ്രിസ്ബെയ്നിലെ ഇന്ത്യൻ സമൂഹവുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം പറഞ്ഞു.
യഥാർഥ നിയന്ത്രണരേഖയിൽ വലിയ തോതിലുള്ള സൈനികവിന്യാസമാണ് ചൈന നടത്തിയിരുന്നത്. 2020നു മുന്പ് ഇത്രയും സൈനികർ അവിടെ ഇല്ലായിരുന്നു. ഇതേത്തുടർന്നു മേഖലയിൽ സൈനികവിന്യാസത്തിന് ഇന്ത്യയും നിർബന്ധിതമായി-ജയശങ്കർ പറഞ്ഞു.
കിഴക്കൻ ലഡാക്കിലെ ദോംചോക്, ദെസ്പാംഗ് മേഖലയിൽ നിന്ന് ഇരുരാജ്യങ്ങളും സൈന്യത്തെ പിൻവലിക്കുന്നത് പൂർത്തിയായി ദിവസങ്ങൾക്കകമാണു വിദേശകാര്യമന്ത്രിയുടെ പ്രതികരണം. ദേസ്പാംഗിൽ ഇന്ത്യൻ സൈന്യം പട്രോളിംഗ് തുടങ്ങി. ദാംചോകിൽ വെള്ളിയാഴ്ച പട്രോളിംഗിനു തുടക്കമിടാനുമാണു തീരുമാനം.