കൊടുങ്കാറ്റായി ട്രംപ്
Thursday, November 7, 2024 2:02 AM IST
വാഷിംഗ്ടൺ: യുഎസിന്റെ തെരഞ്ഞെടുപ്പ് ചരിത്രം തിരുത്തിക്കുറിച്ചാണ് വൈറ്റ്ഹൗസിലേക്കുള്ള ട്രംപിന്റെ രണ്ടാംവരവ്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടശേഷം തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ വീണ്ടും അധികാരം സ്വന്തമാക്കിയ ചരിത്രം ഇതിനു മുന്പുണ്ടായതു 132 വർഷം മുന്പ്.
1885 മുതൽ 1889 വരെ യുഎസിനെ നയിക്കുകയും നാലുവർഷത്തെ ഇടവേളയ്ക്കുശേഷം 1893-1897 വരെ വീണ്ടും അധികാരത്തിലെത്തുകയും ചെയ്ത ഗ്രോവർ ക്ലീവ്ലാൻഡ് മാത്രമാണ് ട്രംപിനു മുന്പ് ഇത്തരമൊരു തിരിച്ചുവരവ് നടത്തിയിട്ടുള്ളത്.
വിജയത്തിനു തിളക്കംകൂട്ടുന്ന മറ്റൊന്നുകൂടി ഇത്തവണ വോട്ടർമാർ ട്രംപിനു സമ്മാനിച്ചു. 2016ൽ പോപ്പുലർ വോട്ടിന് പിന്നിലായിരുന്ന ട്രംപ് ഇത്തവണ പോപ്പുലർ വോട്ടിലും ഇലക്ടറൽ വോട്ടിലും മുന്നിലെത്തിയാണ് ആധികാരിക വിജയം ഉറപ്പിച്ചത്.
2016ൽ 538 ഇലക്ടറൽ വോട്ടുകളിൽ 304 ഉം നേടി ട്രംപ് വിജയിച്ചുവെങ്കിലും പോപ്പുലർ വോട്ടുകൾ കാര്യമായി നേടാനായിരുന്നില്ല.
ട്രംപും ക്ലീവ്ലാൻഡും തമ്മിൽ വേറെയും സാമ്യങ്ങളുണ്ട്. ഇരുവരും ന്യൂയോർക്ക് നിവാസികളാണ്. യുഎസ് കോൺഗ്രസ് അംഗത്വമോ ഫെഡറൽ സർക്കാരിന്റെ മറ്റേതെങ്കിലും ചുമതലയോ വഹിക്കാതെ രാഷ്ട്രീയത്തിലേക്കു നേരിട്ടു കടന്നുവരികയായിരുന്നു ട്രംപ്. ന്യൂയോർക്ക് ഗവർണറായി സേവനമനുഷ്ഠിച്ചിരുന്നു എന്നതുമാത്രമായിരുന്നു ക്ലീവ്ലാന്റിന്റെ ഭരണപരിചയം.
മാറ്റം വാഗ്ദാനം ചെയ്താണ് രണ്ടു നേതാക്കളും ജനങ്ങളെ സമീപിച്ചത് എന്നതാണ് മറ്റൊരു സാമ്യത.പ്രബലരായ എതിരാളികളെ കീഴടക്കിയാണ് രണ്ടുനേതാക്കളും വൈറ്റ്ഹൗസിലെത്തിയത്. 2016ൽ ആദ്യപോരാട്ടത്തിൽ ട്രംപ് പരാജയപ്പെടുത്തിയതു മുൻ സ്റ്റേറ്റ് സെക്രട്ടറി ഹില്ലരി ക്ലിന്റനെയാണ്.
മുൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ഭാര്യ എന്നതിനപ്പുറം സ്റ്റേറ്റ് സെക്രട്ടറിയെന്ന നിലയിൽ വന്പിച്ച ജനപിന്തുണ ഹില്ലരിക്ക് ഉണ്ടായിരുന്നു. എങ്കിലും കെട്ടിലും മട്ടിലും വ്യത്യസ്ഥതയുമായെത്തിയ ട്രംപ് അത്ഭുതം സൃഷ്ടിക്കുകയായിരുന്നു.
ഇത്തവണയാകട്ടെ വൈസ്പ്രസിഡന്റ് കമല ഹാരിസിന്റെ അതിശക്തമായ വെല്ലുവിളി മറികടക്കാനും ട്രംപിനു കഴിഞ്ഞു.
തെരഞ്ഞെടുപ്പ് ഗോദയിൽ സമാനമായ പോരാട്ടമായിരുന്നു ക്ലീവ്ലാൻഡിന്റേതും. 1884ൽ റിപ്പബ്ലിക്കൻ നേതാവ് ജെയിംസ് ജി. ബ്ലെയ്നെ അതിശക്തമായ പോരാട്ടത്തിൽ പരാജയപ്പെടുത്തിയാണ് അദ്ദേഹം പ്രസിഡന്റായത്.
ഇടവേളയ്ക്കുശേഷം 1892ൽ അന്നത്തെ പ്രസിഡന്റ് ഹാരിസനെ പരാജയപ്പെടുത്തി അധികാരത്തിൽ തിരിച്ചെത്തുകയും ചെയ്തു. ഹില്ലരി ക്ലിന്റനെപ്പോലെ ജെയിംസ് ബ്ലെയ്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
ചരിത്രം തിരുത്തിയുള്ള ട്രംപിന്റെ മടങ്ങി വരവിൽ ലോകചരിത്രത്തിൽ എന്തെല്ലാം തിരുത്തലുകൾ ഉണ്ടാകുമെന്നാണ് ഇനി കാണേണ്ടത്.
കെന്നഡി ജൂണിയറിന് ആരോഗ്യവകുപ്പിൽ പദവി?
വാക്സിനുകളെക്കുറിച്ച് വ്യാജപ്രചരണം നടത്തുന്ന റോബർട്ട് എഫ്. കെന്നഡി ജൂണിയറിന് ആരോഗ്യവകുപ്പിൽ സുപ്രധാന പദവി നല്കുമെന്ന് ഡോണൾഡ് ട്രംപ് സൂചിപ്പിച്ചു.
കോൺഗ്രസും റിപ്പബ്ലിക്കൻ നിയന്ത്രണത്തിൽ
അമേരിക്കൻ പാർലമെന്റായ കോൺഗ്രസിന്റെ സെനറ്റ്, ജനപ്രതിനിധി സഭകളിലും ഡോണൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കു മുൻതൂക്കം. നൂറംഗ സെനറ്റിൽ റിപ്പബ്ലിക്കന്മാർ 51ഉം ഡെമോക്രാറ്റുകൾ 49ഉം സീറ്റുകൾ നേടുമെന്നാണ് സൂചന.
2018മുതൽ സെനറ്റ് നേരിയ ഭൂരിപക്ഷത്തിൽ ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിലായിരുന്നു. ചൊവ്വാഴ്ചത്തെ തെരഞ്ഞെടുപ്പിൽ വെസ്റ്റ് വിർജീനിയയിലെ ഡെമോക്രാറ്റിക് സീറ്റ് റിപ്പബ്ലിക്കൻ പാർട്ടി പിടിച്ചെടുത്തു. സെനറ്റിലെ 34 സീറ്റുകളിലേക്കായിരുന്നു ചൊവ്വാഴ്ച മത്സരം.