മൊറേലസിന്റെ അനുയായികൾ പട്ടാള ക്യാന്പ് പിടിച്ചു
Monday, November 4, 2024 1:04 AM IST
ലാ പാസ്: ലാറ്റിനമേരിക്കൻ രാജ്യമായ ബൊളീവിയയിൽ മുൻ പ്രസിഡന്റ് ഇവോ മേറേലസിനെ പിന്തുണയ്ക്കുന്ന സായുധ സംഘം പട്ടാള ക്യാന്പ് പിടിച്ചെടുത്ത് 200 പട്ടാളക്കാരെ ബന്ദികളാക്കി. സെൻട്രൽ ബൊളീവിയയിലെ കൊച്ചബാംബ നഗരത്തിനടുത്തുള്ള സൈനിക താവളമാണ് ആക്രമിക്കപ്പെട്ടത്. കീഴടങ്ങിയ പട്ടാളക്കാരുടെ ദൃശ്യങ്ങൾ പ്രാദേശിക ചാനലുകൾ പുറത്തുവിട്ടു.
ഇവോ മൊറേലസിനെതിരേയുള്ള ബലാത്സംഗ, മനുഷ്യക്കടത്തു കേസുകൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അനുയായികൾ ആഴ്ചകളായി റോഡുകൾ ഉപരോധിക്കുകയാണ്. ഉപരോധത്തിനെതിരേ നടപടികൾ എടുക്കരുതെന്നാവശ്യപ്പെട്ടാണ് പട്ടാളക്യാന്പ് പിടിച്ചെടുത്തതെന്നു സൂചനയുണ്ട്.
2006 മുതൽ 2019 വരെയാണ് മൊറേലസ് ഭരിച്ചത്. 2019ലെ തെരഞ്ഞെടുപ്പിലും ജയിച്ചെങ്കിലും തെരഞ്ഞെടുപ്പു തട്ടിപ്പിന്റെ പേരിൽ ജനം തെരുവിലിറങ്ങിയപ്പോൽ രാജിവച്ചു. ഇപ്പോഴത്തെ പ്രസിഡന്റ് ലൂയിസ് ആർസയും മൊറേലസും ഒരേ പാർട്ടിക്കാരാണെങ്കിലും ശത്രുക്കളാണ്. ഉപരോധ സമയത്തിനിടെ ഇരുവരുടെയും അനുയായികൾ ഏറ്റുമുട്ടുന്നുണ്ട്.