ലബനനിൽ ഇസ്രേലി സേനയുടെ റെയ്ഡ്; ഹിസ്ബുള്ള കമാൻഡറെ പിടിച്ചുകൊണ്ടുപോയി
Monday, November 4, 2024 1:04 AM IST
ടെൽ അവീവ്: ഇസ്രേലി സേന ലബനനിൽ റെയ്ഡ് നടത്തി ഹിസ്ബുള്ള കമാൻഡറെ കസ്റ്റഡിയിലെടുത്തു. ഹിസ്ബുള്ളയുടെ നാവിക ഓപ്പറേഷൻ ചുമതല വഹിക്കുന്ന ഇമാദ് അംഹാസ് എന്നയാളെയാണ് ഇസ്രയേലിലേക്കു കൊണ്ടുപോയതെന്നു റിപ്പോർട്ടുകളിൽ പറയുന്നു.
ഇസ്രേലി നാവിക സേനാംഗങ്ങൾ ബെയ്റൂട്ടിന് 30 കിലോമീറ്റർ വടക്ക് ബാട്രൗൺ എന്ന സ്ഥലത്തുനിന്നാണ് ഇയാളെ പിടികൂടിയത്. ലബനീസ് അഭ്യന്തര ഏജൻസി ഉദ്യോഗസ്ഥർ എന്ന വ്യാജേന ഇയാളുടെ താമസസ്ഥലത്ത് എത്തുകയായിരുന്നു.
ഹിസ്ബുള്ളയുമായി യുദ്ധം ആരംഭിച്ചശേഷം വടക്കൻ ലബനനിൽ ഇസ്രേലി സേന നടത്തുന്ന ആദ്യ ഓപ്പറേഷനാണിത്. ഇസ്രേലി ഓപ്പറേഷനെ സഹായിച്ചുവെന്ന ആരോപണം ലബനനിലെ യുഎൻ സമാധാന സേന നിഷേധിച്ചു.
ലബനീസ് പൗരനെ ഇസ്രയേലിലേക്കു പിടിച്ചുകൊണ്ടുപോയതായി ലബനീസ് സേന അറിയിച്ചു. സംഭവത്തിൽ യുഎൻ രക്ഷാസമിതിയിൽ പരാതി നല്കാൻ വിദേശകാര്യ മന്ത്രിക്ക് ലബനീസ് പ്രധാനമന്ത്രി നജീബ് മിക്കാത്തി നിർദേശം നല്കി.