സ്വിറ്റ്സർലൻഡിൽ ജനുവരി മുതൽ ബുർഖ നിരോധനം
Friday, November 8, 2024 12:32 AM IST
ജനീവ: സ്വിറ്റ്സർലൻഡിലെ പൊതുസ്ഥലങ്ങളിൽ ജനുവരി ഒന്നുമുതൽ മുഖാവരണം നിരോധിക്കും. രണ്ടു വർഷം മുന്‍പത്തെ ഹിതപരിശോധനയുടെ അടിസ്ഥാനത്തിലാണ് നിരോധനം ഏർപ്പെടുത്തുന്നത്. ബുർഖ, നിഖാബ് മുതലായ മുഖാവരണങ്ങൾ അനുവദിക്കില്ല.
പ്രതിഷേധ പരിപാടികളിൽ മുഖം തിരിച്ചറിയാതിരിക്കാനുള്ള വസ്ത്രങ്ങൾക്കും നിരോധനം ബാധകമാണ്. ലംഘിക്കുന്നവർ ആയിരം സ്വിസ് ഫ്രാങ്ക് (1,141 ഡോളർ) വരെ പിഴ അടയ്ക്കേണ്ടിവരും.
വിമാനം, നയതന്ത്രകാര്യാലയം, ആരാധനാലയം എന്നിവിടങ്ങളിൽ നിരോധനം ബാധകമല്ല. ആരോഗ്യം, കാലാവസ്ഥ, പ്രാദേശിക ആചാരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടും നിരോധനത്തിൽ ഇളവുണ്ടാകും.