കുടിയേറ്റം എന്ന ട്രംപ്കാര്‍ഡ്
Thursday, November 7, 2024 2:02 AM IST
വാഷിംഗ്ടണ്‍ ഡിസിയില്‍നിന്ന് പി.ടി. ചാക്കോ
കുടിയേറ്റക്കാരുടെ നാടെന്ന് അറിയപ്പെടുന്ന അമേരിക്കയില്‍ 47-ാം പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത് കുടിയേറ്റമെന്ന ട്രംപ്കാര്‍ഡ് ഉപയോഗിച്ച്. പ്രചാരണത്തിന്റെ തുടക്കം മുതല്‍ ഒടുക്കംവരെ കുടിയേറ്റമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വിഷയം. കുടിയേറ്റക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ ഊറ്റമായ പിന്തുണയാണ് ട്രംപിനു ലഭിച്ചത്. കമല ഹാരിസ് പ്രതിരോധത്തിലായതും ഇതേ വിഷയത്തില്‍.
ഞായറാഴ്ച ജോര്‍ജിയയില്‍ നടന്ന സമാപന റാലിയില്‍ താന്‍ "ഏലിയന്‍ എനിമീസ് ആക്ട് 1798' പുറത്തെടുക്കുമെന്ന് ട്രംപ് ആവര്‍ത്തിച്ചു. രണ്ടാം ലോകയുദ്ധ കാലത്ത് യുദ്ധത്തടവുകാര്ക്കെതിരേ പ്രയോഗിച്ച നിയമമാണിത്. അമേരിക്കയോട് ശത്രുതയുള്ള രാജ്യങ്ങളിലെ പൗരന്മാരെ തടവിലാക്കാനും പുറത്താക്കാനും അധികാരം നല്കുന്ന നിയമം.
ഇതുപയോഗിച്ച് അനധികൃത കുടിയേറ്റക്കാരെ ഇറക്കുമെന്നും അതിര്‍ത്തി അടയ്ക്കുമെന്നും അമേരിക്കക്കാരെ കൊല്ലുന്ന കുടിയേറ്റക്കാര്‍ക്ക് വധശിക്ഷ നല്‍കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അമേരിക്കയില്‍ ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാരുടെ അധിനിവേശം ഉണ്ടായെന്നും അവര്‍ വളര്ത്തുമൃഗങ്ങളെവരെ പിടിച്ചു തിന്നെന്നും എകെ 47 തോക്കുമായാണ് അവര്‍ വന്നതെന്നുമൊക്കെ ട്രംപ് പ്രസംഗിച്ചു.
കുടിയേറ്റക്കാര്‍ തങ്ങളുടെ വിഭവങ്ങളും ജോലികളും തട്ടിയെടുക്കുന്നുണ്ടെന്ന് അമേരിക്കക്കാര്‍ കരുതുന്നു. സാധാരണ ജോലി മുതല്‍ ഉയര്‍ന്ന ജോലിവരെ കുടിയേറ്റക്കാര്‍ കവര്‍ന്നെടുത്തു. ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന കുടിയേറ്റക്കാരാണ് അമേരിക്കയില്‍ ഏറ്റവും വരുമാനമുള്ളവര്‍. അതേസമയം വരുമാനത്തില്‍ വെള്ളക്കാര്‍ ഏഴാമതാണ്.
ഐടി, ആരോഗ്യംരംഗം തുടങ്ങിയ മേഖലകളിലെ ആധിപത്യവും സമ്പാദ്യശീലവുമാണ് ഇന്ത്യക്കാരെ ഒന്നാമതാക്കിയത്. ട്രംപിന്റെ നിലപാട് അനധികൃത കുടിയേറ്റക്കാരെ മാത്രമേ ബാധിക്കുകയുള്ളോ അതോ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കുടിയറ്റക്കാരെ ബാധിക്കുമോയെന്ന് കണ്ടറിയണം.
സാമ്പത്തികവിഷയങ്ങളാണ് ട്രംപിനെ സഹായിച്ച മറ്റൊരു ഘടകം. അമേരിക്കയില്‍ നാണ്യപ്പെരുപ്പം ഉയര്‍ന്നു നിൽക്കുകയും സാധാരണക്കാരെ ബാധിക്കുകയും ചെയ്തു. പലിശനിരക്കും തൊഴിലില്ലായ്മയും ഉയര്‍ന്നുതന്നെ. സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ട്രംപാണ് കുടുതല്‍ മെച്ചമെന്ന് അമേരിക്കക്കാര്‍ വിശ്വസിക്കുന്നു.
യുക്രെയ്ൻ യുദ്ധവും ഗാസായുദ്ധവും പരിഹരിക്കാനും ട്രംപിനു സാധിക്കും. അമേരിക്കയുടെ ആയുധവും പണവും യുദ്ധത്തിനു വിനിയോഗിക്കുന്നതിനെ ജനങ്ങള്‍ വെറുക്കുന്നു. ലോകപോലീസെന്ന പദവി വീണ്ടെടുക്കാന്‍ ട്രംപിനു കഴിയുമെന്നും ഭീകര പ്രസ്ഥാനങ്ങളെ നിലയ്ക്കു നിര്‍ത്തുമെന്നും അവര്‍ വിശ്വസിക്കുന്നു.
ഗര്‍ഭച്ഛിദ്രം ഏശിയില്ല
കമല ഹാരിസിന്റെ പ്രചാരണായുധം ഗര്‍ഭച്ഛിദ്രമായിരുന്നു. സ്ത്രീകളുടെ ഇടയില്‍ പ്രചുരപ്രചാരം നേടിയ വിഷയം. 2022 വരെ അമേരിക്കയില്‍ ഗര്‍ഭച്ഛിദ്രം അനുവദനീയമായിരുന്നത് ഫെഡറല്‍ കോടതിയാണ് റദ്ദാക്കിയത്. ഇപ്പോള്‍ സംസ്ഥാനങ്ങള്‍ അവര്‍ക്ക് ഇഷ്ടമുള്ള രീതിയിലാണിത് നടപ്പാക്കുന്നത്.
ഗര്‍ഭച്ഛിദ്രം വ്യക്തിസ്വാതന്ത്ര്യത്തിന്റെ വിഷയമാണെന്നും താനത് പുനഃസ്ഥാപിക്കുമെന്നുമായിരുന്നു കമലയുടെ വാഗ്ദാനം. എന്നാല്‍ പരമ്പരാഗത മതവിശ്വാസികളും സഭകളും ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നില്ല. പ്രൊട്ടസ്റ്റന്റ് മതവിശ്വാസിയായ ട്രംപിന് എല്ലാ ക്രൈസ്തവ വിഭാഗങ്ങളും പിന്തുണ നല്കി.
60 ശതമാനം വെള്ളക്കാരുള്ള നാടാണ് അമേരിക്ക. മെക്സിക്കന്‍, പോര്‍ട്ടോറിക്കന്‍ ഉള്‍പ്പെടെ 19 ശതമാനം ഹിസ്പാനിക്, 13 ശതമാനം കറുത്ത വംശജര്‍ തുടങ്ങിയവരാണ് ഡെമോക്രാറ്റുകളുടെ നട്ടെല്ല്. എന്നാല്‍ അതില്‍പ്പോലും വിള്ളല്‍ വീണെന്ന് സംശയിക്കുന്നു.
പോര്ട്ടോറിക്കക്കാരെ മാലിന്യമെന്ന് അധിക്ഷേപിച്ചിട്ടും അവര്‍ ഏറെയുള്ള പെന്സില്വേനിയയിലോ ഫ്ളോറിഡയിലോ അതു പ്രതിഫലിച്ചില്ല. ഭൂരിപക്ഷ സമൂഹത്തിന്റെ പ്രതിനിധിയാണ് ട്രംപെന്ന വികാരം ആളിക്കത്തിച്ചു.
1789ല്‍ ജോര്‍ജ് വാഷിംഗ്ടണ്‍ അമേരിക്കന്‍ പ്രസിഡന്റായശേഷം ഇതുവരെയുള്ള 47 പ്രസിന്റുമാരില്‍ ബറാക് ഒബാമ മാത്രമാണ് കറുത്തവംശജന്. ഒരു വനിത അമേരിക്കന്‍ പ്രസിഡന്റായിട്ടില്ല. ഹിലാരി ക്ലിന്റനായിരുന്നു ആദ്യത്തെ വനിതാ പ്രസിഡന്റ് സ്ഥാനാര്‍ഥി.
കമല ഹാരിസ് ജയിച്ചിരുന്നെങ്കില്‍ ആദ്യത്തെ വനിതാ പ്രസിഡന്റ് എന്ന അത്യപൂര്‍വ ബഹുമതി സ്വന്തമാക്കാമായിരുന്നു. ആദ്യത്തെ ഇന്ത്യന്‍ വംശജയെന്ന പദവിയും. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റായി, സര്‍വസൈന്യാധിപയായി ഒരു സ്ത്രീയെ ഉള്‍ക്കൊള്ളാന്‍ അവര്‍ ഇനിയും തയാറല്ല. രണ്ടു വനിതാ സ്ഥാനാര്‍ഥികളെയും തോല്പിച്ച റിക്കാര്‍ഡും ട്രംപിനുള്ളത്.
തമിഴ്നാട്ടില്‍ വേരുള്ള കമല ഹാരിസ് ഇന്ത്യന്‍ വംശജയാണെങ്കിലും അമേരിക്കയിലുള്ള ഇന്ത്യക്കാരും മലയാളികളും ട്രംപിന്റെ പക്ഷത്താണ്. മോദിയോടുള്ള പ്രതിപത്തിയും കുടിയേറ്റ വിരുദ്ധതയും അവരെ ട്രംപിലേക്ക് അടുപ്പിച്ചു.
ഇന്ത്യന്‍ വംശജര്‍ ഒന്നരശതമാനത്തോളമേ ഉള്ളുവെങ്കിലും സാമ്പത്തികമായും മറ്റും ഉയര്‍ന്ന നിലയിലാണ്. തനിക്ക് ഇന്ത്യന്‍ വേരുണ്ടെന്ന് കമല ദീപാവലി ദിവസമാണ് തുറന്നു പറഞ്ഞത്. വോട്ട് ബാങ്കുള്ള കറുത്തവംശത്തില്പ്പെട്ടവളായി അറിയപ്പെടാനാണ് അവര്‍ കൂടുതല്‍ ആഗ്രഹിച്ചത്.
വ്യക്തി സ്വാതന്ത്ര്യം, ജനാധിപത്യസംരക്ഷണം എന്നിവയായിരുന്നു കമല ഹാരിസിന്റെ മുദ്രാവാക്യങ്ങള്‍. ട്രംപിനെ ഏകാധിപതിയായി വിശേഷിപ്പിച്ചു. ഇവ രണ്ടും അപകടമാകുമെന്ന് മുന്നറിയിപ്പു നല്കി. അമേരിക്കയെ വീണ്ടും മഹത്തരമാക്കൂ എന്ന ട്രംപിന്റെ മുദ്രാവാക്യത്തിനു നല്ല സ്വീകാര്യത കിട്ടി.
കടുത്ത വെല്ലുവിളികള്‍
കടുത്ത വെല്ലുവിളികള്‍ നേരിട്ടുതന്നെയാണ് ട്രംപ് ലക്ഷ്യത്തിലെത്തിയത്. പ്രധാനപ്പെട്ട മീഡിയകളെല്ലാം അദ്ദേഹത്തിന് എതിരായിരുന്നു. ബുദ്ധിജീവികള്‍, സംസ്കാരിക പ്രവർത്തകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവരൊക്കെ അദ്ദേഹത്തെ എതിര്‍ത്തു.
അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്തിരുന്ന ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലി ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍, മുന്‍ സെനറ്റര്‍ മിറ്റ് റോണി ഉള്‍പ്പെടെയുള്ള റിപ്പബ്ലിക്കന്‍ നേതാക്കള്‍ തുടങ്ങിയവരൊക്കെ അദ്ദേഹത്തെ എതിര്‍ത്ത് രംഗത്തുവന്നു. രണ്ടു തവണ ട്രംപിനെ ഇംപീച്ച് ചെയ്തെങ്കിലും സെനറ്റും കോണ്‍ഗ്രസും സംരക്ഷിച്ചു. ഇംപീച്ച് ചെയ്താല്‍ പിന്നീട് പദവികള്‍ വഹിക്കാനാവില്ല.
26 സ്ത്രീകളാണ് ട്രംപിനെതിരേ പരാതി നല്‍കിയത്. വഞ്ചനാക്കുറ്റം, സാമ്പത്തിക കുറ്റം തുടങ്ങിയ ഇനങ്ങളില്‍ 34 കേസുകളുണ്ട്. ചില കേസുകളില്‍ അദ്ദേഹം ശിക്ഷിക്കപ്പെട്ടു. അതിന്റെ അപ്പീലും മറ്റും നടന്നുവരുന്നു. ഈ കേസുകള്‍ അദ്ദേഹത്തിനു ഭാവിയില്‍ തടസങ്ങള്‍ ഉയര്‍ത്തിയേക്കാം.
തെരഞ്ഞെടുപ്പില്‍ ട്രംപ് തോറ്റിരുന്നെങ്കിലോ? അമേരിക്കയിലെ വിഖ്യാതമായ പ്യൂ റിസേര്‍ച്ച് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 72 ശതമാനം പേരും പറഞ്ഞത് അദ്ദേഹം തോല്‍വി അംഗീകരിക്കില്ല എന്നാണ്.
2020ല്‍ തോറ്റപ്പോള്‍ അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ ക്യാപിറ്റോള്‍ ഹില്ലിലേക്ക് ട്രംപിന്റെ അനുയായികള്‍ നടത്തിയ ആക്രമണം ജനം മറന്നിട്ടില്ല. എന്തായാലും ട്രംപിന്റെ ജയം അത്തരം അനിഷ്ടസംഭവങ്ങള്കൂടി ഒഴിവാക്കിയിരിക്കുന്നു.