വൈറ്റ്ഹൗസിലേക്ക് ട്രംപോ കമലയോ ?
Tuesday, November 5, 2024 2:48 AM IST
വാഷിംഗ്ടൺ ഡിസി: ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്. ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായി വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസും പ്രതിപക്ഷ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഏറ്റുമുട്ടുന്നു. പ്രചാരണത്തിൽ ഇരുവരും ഇഞ്ചോടിച്ചു പോരാട്ടം നടത്തിയതായി അഭിപ്രായ സർവേകൾ പറയുന്നു.
കുടിയേറ്റം, ഗർഭഛിദ്രാവകാശം തുടങ്ങിയ വിഷയങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം. തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ, ആരായിരിക്കും ജയിക്കുക എന്നതു സംബന്ധിച്ച് തികഞ്ഞ അനിശ്ചിതത്വം നിലനിൽക്കുകയാണ്.
കമല ഹാരിസ് ജയിക്കുമോ എന്നതു സംബന്ധിച്ച ഉദ്വേഗം ഇന്ത്യയിലുമുണ്ട്. ഡോണള്‍ഡ് ട്രംപിന് പ്രസിഡന്റ് പദത്തിലേക്കുള്ള അവസാന അവസരമാണിത്. ഏതാണ്ട് ഒരു വര്‍ഷമായി നടന്നുവരുന്ന തെരഞ്ഞെടുപ്പ് പ്രക്രിയ അവസാന ലാപ്പിലെത്തുമ്പോള്‍ ഫലം പ്രവചനാതീതം.
മുൻകൂർ വോട്ട് ചെയ്യാനുള്ള സൗകര്യം (ഏര്‍ളി വോട്ടിംഗ്) ഏതാണ്ട് എട്ടു കോടിയിലധികം പേര് ഉപയോഗപ്പെടുത്തി. ഒന്‍പത് സംസ്ഥാനങ്ങളില്‍ പകുതിയിലധികം പേര് വോട്ട് ചെയ്തു. മൊത്തം 24 കോടി വോട്ടര്‍മാരാണുള്ളത്. മുൻകൂർ വോട്ട് ചെയ്തവരുടെ ഇടയില്‍ നടത്തിയ സര്‍വേയില്‍ കമലയ്ക്ക് ലീഡുണ്ട്. പരമ്പരാഗതമായി ഡെമോക്രാറ്റുകള്‍ മുൻകൂർ വോട്ട് ചെയ്യുന്നവരാണ്.
വോട്ടെടുപ്പിനു മുന്‍പായുള്ള അഭിപ്രായ സർവേകളുടെ ശരാശരി എടുത്താൽ ട്രംപിനും കമലയ്ക്കും 50 ശതമാനത്തിനു മുകളിൽ പിന്തുണയില്ല. ട്രംപിന് 46.9 ശതമാനമാണ് പിന്തുണ; കമലയ്ക്കുള്ള പിന്തുണ 47.9 ശതമാനം.
നാളെ രാവിലെയോടെ വിജയിയെക്കുറിച്ചുള്ള സൂചനകൾ ലഭിക്കും. 538 ഇലക്ടറല്‍ വോട്ടില്‍ 270 വോട്ട് നേടുന്നയാള്‍ വൈറ്റ് ഹൗസിലെത്തും. കമല ജയിച്ചാൽ അമേരിക്കൻ പ്രസിഡന്റാകുന്ന ആദ്യ വനിത, ഏഷ്യൻ വംശജ എന്നീ ബഹുമതികൾ സ്വന്തമാക്കും.