സൗദി അറേബ്യൻ മരുഭൂമിയിൽ മഞ്ഞുവീഴ്ച
Friday, November 8, 2024 12:31 AM IST
റിയാദ്: സഹാറ മരുഭൂമിയിൽ അഞ്ചു പതിറ്റാണ്ടിനുശേഷം കഴിഞ്ഞമാസം വെള്ളപ്പൊക്കമുണ്ടായതിനു പിന്നാലെ സൗദി മരുഭൂമിയിൽ ആദ്യമായി മഞ്ഞുവീഴ്ചയും.
സൗദി അറേബ്യയിലെ അല്‍-ജൗഫ് മേഖലയിലാണ് കഴിഞ്ഞദിവസങ്ങളിൽ മഞ്ഞുവീഴ്ച ഉണ്ടായത്. വരണ്ടുണങ്ങി കിടന്ന മരുഭൂമി ശൈത്യകാല സമാനമായ കാലാവസ്ഥയിലേക്കു മാറി. ചരിത്രത്തിലാദ്യമായാണ് ഈ പ്രദേശത്ത് മഞ്ഞുവീഴ്ച ഉണ്ടാകുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി കനത്ത മഴയും കാറ്റുമുണ്ടായിരുന്നു. ഇതിന്റെ ഫലമായുണ്ടായതാണ് മഞ്ഞുവീഴ്ചയെന്നാണ് യുഎഇ കാലാവസ്ഥാ കേന്ദ്രത്തിന്റെ വിശദീകരണം. മഞ്ഞുമൂടി കിടക്കുന്ന മരുഭൂമിയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അറബിക്കടലില്‍ ഒമാന്‍ വരെയുള്ള ഭാഗങ്ങളിലെ മാറുന്ന കാലാവസ്ഥാ പ്രതിഭാസങ്ങള്‍ മൂലമാണ് സൗദി അറേബ്യയിലും രൂക്ഷമായ കാലാവസ്ഥാവ്യതിയാനം സംഭവിക്കുന്നതെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു.
സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും നാളെവരെ ഇടിമിന്നലോടുകൂടിയ മഴയുണ്ടാകുമെന്നും ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.