ജനപ്രതിനിധി സഭയിലേക്ക് ആറ് ഇന്ത്യൻ വംശജർ
Thursday, November 7, 2024 2:02 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ജനപ്രതിനിധി സഭയിലേക്ക് ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടത് ആറ് ഇന്ത്യൻ വംശജർ. ഇന്ത്യൻ-അമേരിക്കൻ അഭിഭാഷകനായ സുഹാസ് സുബ്രഹ്മണ്യൻ വിർജീനിയയിൽനിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.
കിഴക്കൻ തീര മേഖലയിൽനിന്ന് ആദ്യമായാണ് ഒരു ഇന്ത്യൻ വംശജൻ വിജയിക്കുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയിലെ മൈക്ക ക്ലാൻസിയെയാണ് സുബ്രഹ്മണ്യൻ പരാജയപ്പെടുത്തിയത്. ബറാക് ഒബാമയുടെ കാലത്ത് വൈറ്റ്ഹൗസ് ഉപദേഷ്ടാവ് ആയിരുന്നു സുബ്രഹ്മണ്യൻ.
നിലവിൽ ജനപ്രതിനിധി സഭയിൽ അംഗങ്ങളായിരുന്ന ഡോ. അമി ബേര, രാജാ കൃഷ്ണമൂർത്തി, റോ ഖന്ന, പ്രമീള ജയപാൽ, ശ്രീ തനേദാർ എന്നിവർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഡോ. അമി ബേര തുടർച്ചയായി ഏഴു തവണയും രാജാ കൃഷ്ണമൂർത്തി തുടർച്ചയായി അഞ്ചു തവണയും തെരഞ്ഞെടുക്കപ്പെട്ടു.