ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യയുടെ ശക്തി ലോകം അറിഞ്ഞതായി മോദി
Tuesday, July 22, 2025 3:49 AM IST
ന്യൂഡൽഹി: പാക്കിസ്ഥാനിലെയും പാക് അധിനിവേശ കാഷ്മീരിലെയും ഒന്‍പത് തീവ്രവാദകേന്ദ്രങ്ങളിൽ സൈന്യം നടത്തിയ ആക്രമണത്തിലൂടെ ഇന്ത്യയുടെ ശക്തി ലോകം തിരിച്ചറിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്നലെ ആരംഭിച്ച വർഷകാല സമ്മേളനത്തിനു മുന്നോടിയായി രാവിലെ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഓപ്പറേഷൻ സിന്ദൂറിൽ നൂറു ശതമാനം വിജയം കൈവരിക്കാൻ സൈന്യത്തിന് സാധിച്ചു.
വെറും 22 മിനിറ്റിനുള്ളിൽ ഭീകരനേതാക്കളുടെ വീടുകൾ സൈന്യം നിലംപരിശാക്കി. തീവ്രവാദത്തിനെതിരേയുള്ള ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുന്നതിന് വിദേശരാജ്യങ്ങൾ സന്ദർശിച്ച പ്രതിനിധിസംഘത്തിലെ എംപിമാരെയും അവരുടെ പാർട്ടികളെയും പ്രധാനമന്ത്രി പ്രശംസിച്ചു.
മാവോയിസത്തിനും നക്സലിസത്തിനുമെതിരേ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നിലപാടും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. തുടക്കം മുതൽ രാജ്യം നേരിടുന്ന ഇത്തരം സംഭവങ്ങൾ തന്റെ സർക്കാർ അധികാരത്തിലെത്തിയതിനുശേഷം തുടച്ചുനീക്കിയതായും പ്രധാനമന്ത്രി അവകാശപ്പെട്ടു.
സൈനികനേട്ടത്തെ മുൻനിർത്തി മണ്‍സൂണ്‍ സമ്മേളനത്തെ ‘വിജയ് ഉത്സവ്’ എന്നാണു പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ ത്രിവർണ പതാക ഉയർന്നത് ഓരോ ഇന്ത്യക്കാരനും അഭിമാന നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യം ഒരേ സ്വരത്തിൽ ഈ നേട്ടത്തെ മഹത്വപ്പെടുത്തും. ഇതു ഭാവിയിലെ ദൗത്യത്തിൽ പ്രചോദനമാകും. മൂന്നാമത്തെ വലിയ സന്പദ്വ്യവസ്ഥയായി മാറാൻ ഇന്ത്യയ്ക്കു സാധിച്ചെന്നും മോദി വ്യക്തമാക്കി.