കരുണാനിധിയുടെ മൂത്ത മകൻ മുത്തു അന്തരിച്ചു
Sunday, July 20, 2025 2:33 AM IST
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ മൂത്തമകൻ എം.കെ. മുത്തു (77) അന്തരിച്ചു. ഇന്നലെ ചെന്നൈ ഇഞ്ചന്പാക്കത്തെ വസതിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു.
സംസ്കാരം ഇന്നലെ നടത്തി. തമിഴ് സിനിമയിലും ദ്രാവിഡ രാഷ്ട്രീയത്തിലും ഇതിഹാസതാരമായ എംജിആറിനു മറുപടിയായി മുത്തുവിനെ അച്ഛൻ കരുണാനിധി അവതരിപ്പിച്ചുവെങ്കിലും രണ്ടിലും വിജയിക്കാനായില്ല. ശിവകാമസുന്ദരിയാണു മുത്തുവിന്റെ ഭാര്യ. എം.കെ.എം. അറിവുനിധിയും തേന്മൊഴിയുമാണ് മക്കൾ.
നാഗപട്ടണത്തെ തിരുക്കുവലൈയിലായിരുന്നു മുത്തു ജനിച്ചത്. ഇതിനു പിന്നാലെ ക്ഷയരോഗബാധിതയായി അമ്മ പത്മാവതി മരിച്ചു. അതിനുശേഷം കരുണാനിധി വിവാഹം ചെയ്ത ദയാലു അമ്മാളാണ് എം.കെ. അഴഗിരി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, അന്തരിച്ച എം.കെ. തമിഴരശ് എന്നിവരുടെ അമ്മ. രാജാത്തി അമ്മാളിലുണ്ടായ മകളാണ് പാർലമെന്റ് അംഗം കനിമൊഴി.
എംജിആറിന്റെ രൂപവും ഭാവവും അതേപടി അനുകരിച്ച് 1970 കളിലാണ് മുത്തു തമിഴ് സിനിമകളിൽ ഭാഗ്യപരീക്ഷണം നടത്തിയത്. സിനിമകളിൽ ഭൂരിഭാഗവും പരാജയപ്പെട്ടു. പിന്നീട് ഡിഎംകെ രാഷ്ട്രീയത്തിലും പയറ്റിയെങ്കിലും അവിടെയും വിജയിക്കാനായില്ല. ഇതോടെ കടുത്ത മദ്യപാനത്തിലേക്കു നീങ്ങിയ മുത്തുവുമായി അച്ഛൻ കരുണാനിധി അകന്നു. കരുണാനിധിയുടെ അവസാന കാലത്താണ് ഇരുവരും വീണ്ടും അടുക്കുന്നത്.
മുത്തുവിന്റെ മരണത്തിൽ സഹോദരൻ കൂടിയായ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അഗാധദുഃഖം രേഖപ്പെടുത്തി.